ഐഫോൺ 15 സീരീസ് സെപ്തംബർ 13ന് എത്തും; എല്ലാ മോഡലുകളിലും യു.എസ്.ബി-സി പോർട്ടും ഡൈനാമിക് ഐലൻഡും
text_fieldsഈ വർഷം സെപ്തംബറിലാണ് ആപ്പിൾ അവരുടെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണുകളായ ഐഫോൺ 15 സീരീസ് അവതരിപ്പിക്കാൻ പോകുന്നത്. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആപ്പിൾ ഇവന്റിന്റെ പ്രതീക്ഷിക്കുന്ന ലോഞ്ച് തീയതിയെക്കുറിച്ച് ഒരു പുതിയ റിപ്പോർട്ട് സൂചന നൽകി. 9to5Mac റിപ്പോർട്ട് അനുസരിച്ച്, ഈ വർഷം സെപ്റ്റംബർ 13ന് ആപ്പിൾ, ലോഞ്ച് ഇവന്റ് ഹോസ്റ്റ് ചെയ്യാൻ സാധ്യതയുണ്ട്.
പൊതുവെ ആപ്പിൾ ചൊവ്വാഴ്ചകളിലാണ് അവരുടെ സ്മാർട്ട്ഫോണുകൾ അവതരിപ്പിക്കാറുള്ളത്. എന്നാൽ, കഴിഞ്ഞ വർഷം അതിൽ മാറ്റം വരുത്തിയിരുന്നു. കഴിഞ്ഞ വർഷം, സെപ്റ്റംബർ ഏഴ് ബുധനാഴ്ച സംഘടിപ്പിച്ച 'ഫാർ ഔട്ട്' ഇവന്റിലായിരുന്നു ആപ്പിൾ ഐഫോൺ 14 സീരീസ് അവതരിപ്പിച്ചത്. ഈ വർഷം സെപ്തംബർ 13 ബുധനാഴ്ചയാകും 15 സീരീസ് ലോഞ്ചെന്നും പറയപ്പെടുന്നു. 15 സീരീസിന്റെ പ്രീ-ഓർഡർ സെപ്തംബർ 15 മുതലാകും ആരംഭിക്കുക. സെപ്തംബർ 22ന് ഫോണുകൾ ഔദ്യോഗികമായി ലോഞ്ച് ചെയ്യും. കഴിഞ്ഞ വർഷം ഏഴിനെത്തിയ ഫോൺ സെപ്തംബർ ഒമ്പതിനായിരുന്നു പ്രീ-ഓർഡർ തുടങ്ങിയത്. 16-ന് ഫോണുകൾ സ്റ്റോറുകളിലെത്തുകയും ചെയ്തിരുന്നു.
മുൻ സീരീസുകളെ അപേക്ഷിച്ച് വലിയ മാറ്റങ്ങളുമായാണ് പുതിയ മോഡലുകൾ എത്തുന്നത്. ഐഫോൺ 14 സീരീസിലെ പ്രോ മോഡലുകളിലുണ്ടായിരുന്ന പുതിയ ‘ഡൈനാമിക് ഐലൻഡ്’ നോച്ച് 15 സീരീസിലെ എല്ലാ മോഡലുകൾക്കും നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. അതുപോലെ ഐഫോണുകളിൽ ആദ്യമായി ആപ്പിൾ യു.എസ്.ബി ടൈപ് സി ചാർജിങ് പോർട്ടുകളും ഉൾപ്പെടുത്തുകയാണ് 15 സീരീസിലൂടെ.
ഐഫോൺ 15,15 പ്ലസ്, ഐഫോൺ 15 പ്രോ, പ്രോ മാക്സ് എന്നിങ്ങനെ നാല് മോഡലുകളാണ് ആപ്പിൾ പുറത്തിറക്കുന്നത്. പ്രോ മോഡലുകൾക്ക് ഇത്തവണ പുതിയ ടൈറ്റാനിയം ഫ്രെയിമാണ് നൽകിയിരിക്കുന്നത്. ഇതുവരെയുണ്ടായിരുന്ന സ്‌റ്റെയിൻലെസ് സ്റ്റീൽ ഫ്രെയിമിൽ ആദ്യമായി ആപ്പിൾ മാറ്റം വരുത്തുകയാണ്. അത് ഫോണുകൾക്ക് ഭാരം കുറക്കുമെന്നാണ് റിപ്പോർട്ട്. അതുപോലെ, ഇത്തവണയും പ്രോ മോഡലുകളിൽ മാത്രമാകും പുതിയ ചിപ്സെറ്റ് ഉണ്ടാവുക. എ17 ബയോണിക് ചിപ്പിന്റെ കരുത്ത് ആസ്വദിക്കണമെങ്കിൽ പ്രോ മോഡലുകൾ അധിക തുക നൽകി വാങ്ങേണ്ടി വരും.
ഇത്തവണ കാര്യമായ വില വർധനയാണ് ഫോണുകളിൽ ആപ്പിൾ വരുത്തിയിരിക്കുന്നത്. പ്രത്യേകിച്ച് പ്രോ മോഡലുകൾക്ക് 16,000 രൂപ വരെയുള്ള വിലക്കൂടുതലാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്നാൽ, കാമറ വിഭാഗത്തിലടക്കം വലിയ മാറ്റങ്ങൾ ആപ്പിൾ കൊണ്ടുവന്നിട്ടുണ്ട്. പുതിയ പെരിസ്കോപ്പ് ലെൻസ് ഐഫോൺ 15 പ്രോ സീരീസിലെ എടുത്തുപറയേണ്ട സവിശേഷതയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.