ആപ്പിൾ ഫാൻ ബോയ്സിന് ദുഃഖ വാർത്ത: രണ്ട് പ്രധാന ഡിസ്‍പ്ലേ ഫീച്ചറുകൾ ഇനി പ്രോ മോഡലുകളിൽ മാത്രം
text_fieldsഐഫോൺ 15 സീരീസ് ലോഞ്ച് ചെയ്യാൻ മാസങ്ങൾ ബാക്കിയുണ്ടെങ്കിലും ആപ്പിളിന്റെ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണുകളുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന റിപ്പോർട്ടുകളെല്ലാം ടെക് ലോകത്ത് വലിയ രീതിയിൽ ചർച്ചയാകുന്നുണ്ട്. ഫോണിന്റെ ഡിസൈനും ചില ഫീച്ചറുകളും കഴിഞ്ഞ കുറേ ദിവസങ്ങളിലായി പലരീതിയിൽ ലീക്കായിട്ടുണ്ട്. എന്നാൽ, ഏറ്റവും ഒടുവിലായി ആപ്പിൾ ഫാൻസിന് നിരാശ സമ്മാനിക്കുന്ന റിപ്പോർട്ടാണ് ayeux1122 എന്ന ലീക്കർ പുറത്തുവിട്ടിരിക്കുന്നത്.
ആപ്പിൾ അവരുടെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് ഡിസ്‍പ്ലേ ഫീച്ചറുകൾ പ്രോ മോഡലുകൾക്ക് മാത്രമായി പരിമിതപ്പെടുത്തുമെന്നാണ് ലീക്കർ നൽകുന്ന സൂചന. ഓൾവൈസ് ഓൺ ഡിസ്‍പ്ലേയും പ്രോ-മോഷൻ എന്ന ഫീച്ചറുമാണ് വരാനിരിക്കുന്ന ഐഫോണുകളിലെ വനില മോഡലുകളിൽ നിന്ന് ഒഴിവാക്കുന്നത്.
ഡിസ്‍പ്ലേയ്ക്ക് നൽകുന്ന ഹൈ-റിഫ്രഷ് റേറ്റിനെയാണ് ആപ്പിൾ പ്രോ-മോഷൻ എന്ന പേരിട്ട് വിളിക്കുന്നത്. നിലവിൽ ഐഫോൺ 13 പ്രോ സീരീസിലും ഐഫോൺ 14 പ്രോ സീരീസിലും 120Hz വരെയുള്ള റിഫ്രഷ് റേറ്റുണ്ട്. ഫോൺ സ്ക്രീൻ ഓഫ് ചെയ്താലും സമയവും തീയതിയും മറ്റ് നോട്ടിഫിക്കേഷനുകളും ഡിസ്‍പ്ലേയിൽ മങ്ങിയ രീതിയിൽ പ്രദർശിപ്പിക്കുന്ന സംവിധാനമാണ് ഓൾവൈസ് ഓൺ ഡിസ്‍പ്ലേ. ആൻഡ്രോയ്ഡിൽ പണ്ടുമുതലേയുള്ള ഫീച്ചറുകളാണ് ഇവ രണ്ടും.
ഐഫോൺ 15 സീരീസിലൂടെ ഡൈനാമിക് ഐലൻഡ് എന്ന സവിശേഷത ആപ്പിൾ എല്ലാ ഫോണുകളിലും ഉൾപ്പെടുത്തിയേക്കുമെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. അതോടെ, മുകളിൽ പറഞ്ഞ രണ്ട് ഫീച്ചറുകളും ഐഫോൺ 15, 15 പ്ലസ് എന്നീ മോഡലുകളിലും എത്തുമെന്ന് എല്ലാവരും പ്രതീക്ഷിച്ചു. എന്നാൽ, ഇനി ആ പ്രതീക്ഷ വേണ്ട.
ലീക്കർ ayeux1122' നൽകുന്ന സൂചനകൾ പ്രകാരം, "ആഭ്യന്തര കമ്പനികൾക്ക് ഐഫോൺ 15 സീരീസ് പാനൽ ഡെലിവർ ചെയ്യാൻ ആപ്പിൾ ഇതിനകം തയ്യാറായിട്ടുണ്ട്, ഉടൻ തന്നെ വൻതോതിലുള്ള ഉൽപ്പാദനത്തിന് തയ്യാറെടുക്കുമെന്നും പറയപ്പെടുന്നു."
അതേസമയം, ഏറ്റവും പുതിയ വൈഫൈ 6ഇ (Wi-Fi 6E) നെറ്റ്‌വർക്കിനുള്ള പിന്തുണ ഐഫോൺ 15 പ്രോ മോഡലുകളിൽ മാത്രമായി പരിമിതപ്പെടുത്തുമെന്ന് നേരത്തെ അഭ്യൂഹമുണ്ടായിരുന്നു. അതുപോലെ ഹാപ്‌റ്റിക് ഫീഡ്‌ബാക്ക് നൽകുന്ന സോളിഡ്-സ്റ്റേറ്റ് ബട്ടണുകൾ, ടൈറ്റാനിയം ഫ്രെയിം, വർദ്ധിപ്പിച്ച റാം എന്നിവ പോലുള്ള പുതിയ സവിശേഷതകളും ഐഫോൺ 15 പ്രോ, 15 പ്രോ മാക്‌സിൽ മാത്രമായിരിക്കും ഉൾപ്പെടുത്തുകയെന്നും റിപ്പോർട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.