ഒരേ സംവിധായകൻ, നായകൻ, തിരക്കഥാകൃത്ത്; ലോക സിനിമാ ചരിത്രത്തിൽ അപൂർവ്വ നേട്ടവുമായി സേതുരാമയ്യർ സി.ബി.ഐ
text_fieldsമലയാളിയുടെ സി.ബി.ഐ സങ്കൽപ്പങ്ങൾക്ക് മൂർത്തരൂപം നൽകിയ സിനിമകൾ ഏതായിരുന്നു എന്നതിന് ഒറ്റ ഉത്തരമേയുള്ളൂ. മമ്മൂട്ടി, കെ.മധു, എസ്.എൻ.സ്വാമി കൂട്ടുകെട്ടിൽ പിറന്ന സി.ബി.ഐ കഥകളായിരുന്നു അത്. ഒരു സി.ബി.ഐ. ഡയറിക്കുറിപ്പ് (1988), ജാഗ്രത (1989), സേതുരാമയ്യർ സിബിഐ (2004), നേരറിയാൻ സി.ബി.ഐ (2005) എന്നിങ്ങനെ ആ പരമ്പര നീണ്ടുപോയി. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും ശ്രദ്ധേയമായ കഥാപാത്രങ്ങളിലൊന്നായി സേതുരാമയ്യർ എന്ന സി.ബി.ഐ ഓഫീസർ ഇതിനകം ലബ്ധപ്രതിഷ്ഠ നേടുകയും ചെയ്തു. നിലവിൽ സിനിമയുടെ അഞ്ചാം പതിപ്പ് അണിയറയിൽ ഒരുങ്ങുകയാണ്. ഈ അവസരത്തിൽ ലോക സിനിമ ചരിത്രത്തിലെ അപൂർവ്വ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് സി.ബി.ഐ സിനിമകൾ എന്നുപറയുകയാണ് സംവിധായകൻ കെ.മധു.
സേതുരാമയ്യർ തന്റെ കേസ് ഡയറി ആദ്യമായി തുറന്നിട്ട് ഇന്ന് 34 വർഷങ്ങൾ പൂർത്തിയാവുകയാണെന്നും ഇത് ലോക സിനിമാ ചരിത്രത്തിൽ അപൂർവ്വമായ സംഭവമാണെന്നും അദ്ദേഹം പറയുന്നു. ഒരേ സംവിധായകൻ, നായകൻ, തിരക്കഥാകൃത്ത് എന്നിവർ ഒന്നിച്ച് ഇത്രയും വർഷം സിനിമകൾ എടുക്കുന്നത് മറ്റെങ്ങും കാണാനാകില്ലെന്നും അദ്ദേഹം കുറിച്ചു. കുറിപ്പിന്റെ പൂർണരൂപം താഴെ.
സേതുരാമയ്യർ തൻറെ കേസ് ഡയറി ആദ്യമായി തുറന്നിട്ട് ഇന്ന് 34 വർഷങ്ങൾ പൂർത്തിയാവുകയാണ്. കൃത്യമായി പറഞ്ഞാൽ, 1988 ഫെബ്രുവരി 18നാണ് സി.ബി.ഐ. പരമ്പരയിലെ ആദ്യ ചിത്രമായ ഒരു സി.ബി.ഐ. ഡയറിക്കുറിപ്പ് റിലീസ് ആയത്. അന്നേ ദിവസം ചിത്രത്തിൻറെ അരങ്ങിലും അണിയറയിലും പ്രവർത്തിച്ച ഞങ്ങൾ മുഴുവൻ പേർക്കും ആകാംക്ഷയുടെ ദിനമായിരുന്നു.ഞങ്ങളുടെ പ്രതീക്ഷകൾ തെറ്റിയില്ല. മലയാള സിനിമയുടെ വലിയ ആകാശത്ത് നക്ഷത്ര ശോഭയോടെ ഒരു സി.ബി.ഐ. ഡയറിക്കുറിപ്പ് ഇന്നും തിളങ്ങി നിൽക്കുന്നു.പിന്നെയും ഈശ്വരൻ തൻറെ നിഗൂഢമായ പദ്ധതികൾ ഞങ്ങൾക്കായി ഒരുക്കിയിരുന്നു.
അങ്ങനെ അതേ ആകാശത്ത് സി.ബി.ഐ. പരമ്പരയിൽ നിന്നും മൂന്നു നക്ഷത്രങ്ങൾ കൂടി പിറന്നു. ആ വിജയ നക്ഷത്രങ്ങൾ പിന്നീട് ഒരു നക്ഷത്രസമൂഹമായി. ഇപ്പോൾ അതിലേക്ക് ഒരു നക്ഷത്രം കൂടി പിറവി കൊള്ളാൻ ഒരുങ്ങുകയാണ്.
ലോക സിനിമ ചരിത്രത്തിൽ ആദ്യമായി ഒരേ നായകൻ, ഒരേ തിരക്കഥാകൃത്ത്,ഒരേ സംവിധായകൻ എന്ന അപൂർവ്വ നേട്ടം കൂടി സി.ബി.ഐ.യുടെ അഞ്ചാം പതിപ്പോടെ ഞങ്ങൾ സ്വന്തമാക്കുകയാണ്. ഈ നേട്ടത്തിന് കാരണഭൂതരായ മലയാളത്തിൻറെ മെഗാ സ്റ്റാറായ ശ്രീ. മമ്മൂട്ടി, സേതുരാമയ്യർക്ക് ജൻമം കൊടുത്ത തിരക്കഥാകൃത്ത് ശ്രീ. എസ്.എൻ. സ്വാമി, സേതുരാമയ്യരുടെ ചടുലമായ നീക്കങ്ങൾക്ക് താളലയം നൽകിയ സംഗീത സംവിധായകൻ ശ്രീ.ശ്യാം,സി.ബി.ഐ. അഞ്ചാം പതിപ്പിന്റെ നിർമ്മാതാവ് ശ്രീ.സ്വർഗ്ഗചിത്ര അപ്പച്ചൻ, സി.ബി.ഐ. ഒന്നുമുതൽ അഞ്ചുവരെ നിർമ്മാണ കാര്യദർശിയായി പ്രവർത്തിക്കുന്ന ശ്രീ.അരോമ മോഹൻ,ശ്രീ.ശ്യാമിന്റെ അനുഗ്രഹാശിസുകളോടെ ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്ന ജെയ്ക്സ് ബിജോയ്,എഡിറ്റർ ശ്രീകർ പ്രസാദ് , D.O.P.അഖിൽ ജോർജ്ജ്,ആർട്ട് ഡയറക്ടർ സിറിൾ കുരുവിള , മറ്റ് സാങ്കേതിക പ്രവർത്തകർ,ഒപ്പം, കഴിഞ്ഞ 34 വർഷം ഞങ്ങളെ മനസ്സുകൊണ്ട് അനുഗ്രഹിച്ചു പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുന്ന മലയാള സിനിമാ പ്രേക്ഷക തലമുറകൾക്ക്.. എല്ലാവർക്കും നിസ്സീമമായ എന്റെ നന്ദി അറിയിക്കുന്നു. എല്ലാറ്റിനുമുപരി ഈ അഞ്ചു നക്ഷത്രങ്ങളെയും മുന്നിൽ നിന്ന് നയിക്കാൻ എനിക്ക് അറിവും, വിവേകവും, ആത്മധൈര്യവും നൽകിയ, എൻറെ മേൽ സദാ അനുഗ്രഹവർഷം ചൊരിയുന്ന എന്റെ പ്രിയ ഗുരുനാഥൻ ശ്രീ. എം. കൃഷ്ണൻ നായർ സാറിനെയും സാഷ്ടാംഗം പ്രണമിക്കുന്നു. വീണ്ടും ഒരു വിജയ നക്ഷത്രത്തിനായി പ്രപഞ്ചനാഥനോട് അപേക്ഷിച്ചു കൊണ്ട്
സ്നേഹാദരങ്ങളോടെ,
കെ.മധു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.