ഐഫോൺ 15 പ്രോ റെൻഡറുകൾ ലീക്കായി; ‘ഗംഭീര ഡിസൈൻ, ബട്ടണുകളില്ല, യു.എസ്.ബി-സി പോർട്ട്’
text_fieldsആപ്പിൾ ആദ്യമായി അവരുടെ സ്മാർട്ട്ഫോൺ നിരയുടെ ഡിസൈനിൽ വലിയൊരു മാറ്റം വരുത്തിയത് ഐഫോൺ പത്താം ജനറേഷനിലൂടെയായിരുന്നു. എന്നാൽ, അന്ന് അവതരിപ്പിച്ച ‘നോച്ച്’ ഡിസൈനിൽ ഒരു മാറ്റം വരുത്താൻ ആപ്പിളിന് അഞ്ചു വർഷങ്ങൾ വേണ്ടി വന്നു. ഐഫോൺ 14 സീരീസിലൂടെ പിൽ ഷേപ്പിലുള്ള പുതിയ തരം നോച്ചാണ് ആപ്പിൾ കൊണ്ടുവന്നത്. സമ്മിശ്ര പ്രതികരണമായിരുന്നു അതിന് ലഭിച്ചത്.
എന്നാൽ, ആപ്പിൾ ഐഫോൺ ചരിത്രമായേക്കാവുന്ന പല മാറ്റങ്ങൾക്കും വിധേയരാകാൻ പോകുന്നത് ഐഫോൺ 15 സീരീസിലൂടെയാണ്. പ്രത്യേകിച്ച് ഐഫോൺ 15 പ്രോ മോഡലുകൾ. പുതിയ ഐഫോണുകളുടെ ഡിസൈനും ഫീച്ചറുകളുമായി ബന്ധപ്പെട്ട് നിരവധി റിപ്പോർട്ടുകളാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി പുറത്തുവന്നത്. എന്നാൽ, ഏറ്റവും ഒടുവിലായി ഐഫോൺ 15 പ്രോയുടെ ചിത്രങ്ങളും ഇന്റർനെറ്റിൽ ലീക്കായി.
വരാനിരിക്കുന്ന ഐഫോൺ 15 പ്രോയുടെ രൂപഭാവങ്ങൾ എങ്ങനെയായിരിക്കുമെന്ന് കാണിക്കുന്ന റെൻഡറുകൾ പങ്കുവെച്ചത് ജനപ്രിയ 3D കലാകാരനായ ഇയാൻ സെൽബോ ആണ്. 9To5Mac-മായി സഹകരിച്ചാണ് അദ്ദേഹം ചിത്രങ്ങൾ പങ്കുവെച്ചത്. ഐഫോൺ 15-ആമനുമായി ബന്ധപ്പെട്ട് ലീക്കായ വിവരങ്ങൾ അന്വർഥമാക്കുന്ന രീതിയിലാണ് പുതിയ റെൻഡറുകൾ. ഐഫോൺ 14 പ്രോയുമായി താരതമ്യപ്പെടുത്തുമ്പോൾ ഐഫോൺ 15 പ്രോ, ചിത്രങ്ങളിൽ വളരെ നേർത്ത ബെസലുകളോടെയാണ് കാണപ്പെടുന്നത്.
ഡിസ്‌പ്ലേ വലുപ്പം ഐഫോൺ 14 പ്രോയുടേത് പോലെ 6.1 ഇഞ്ച് ആണെന്നാണ് സൂചന. എന്നാൽ വലിപ്പം കുറഞ്ഞ ബെസലുകൾ കാരണം, കൂടുതൽ സ്‌ക്രീൻ ഏരിയ പുതിയ ഫോണിന് ഉണ്ടായിരിക്കും. നിലവിലുള്ള ഐഫോൺ മോഡലുകളുമായി താരതമ്യപ്പെടുത്തുമ്പോൾ പിൻഭാഗത്തെ ഗ്ലാസിനും ഫ്രെയിമിനും റൗണ്ടഡ് അരികുകളാണ്. ഇത് ഫോൺ പിടിക്കുമ്പോൾ മികച്ച ഗ്രിപ്പ് നൽകും.
അതുപോലെ, വോളിയം റോക്കറിലും അലേർട്ട് സ്ലൈഡറിലും മാറ്റം കാണാൻ കഴിയും. ഇപ്പോഴുള്ള ക്ലിക്കി ആയുള്ള ബട്ടണുകൾക്ക് പകരം, ഫ്രെയിമിൽ ബട്ടണുകളുടെ ഡിസൈൻ മാത്രമായിരിക്കും ഉണ്ടാവുക, അവ വൈബ്രേഷൻ ഫീഡ്ബാക്കുകളെ അടിസ്ഥാനമാക്കിയാകും പ്രവർത്തിക്കുകയെന്നും സൂചനകളുണ്ട്. അതുപോലെ മുൻ മോഡലുകളെ അപേക്ഷിച്ച് ക്യാമറാ ബംപിന് അൽപ്പം വലിപ്പക്കൂടുതലും പ്രതീക്ഷിക്കാം.
എന്നാൽ പ്രധാന മാറ്റം യു.എസ്.ബി ടൈപ്പ്-സി പോർട്ടിന്റെ സാന്നിധ്യമാണ്, ഇത് ദീർഘകാലമായി ഐഫോണിലുള്ള ലൈറ്റ്നിങ് പോർട്ടിന് പകരമായി പുതിയ ഐഫോണുകളിലെത്തും. യൂറോപ്യൻ യൂണിയനും കഴിഞ്ഞ ദിവസം ഇന്ത്യയും സ്മാർട്ട് ഉപകരണങ്ങൾക്ക് യു.എസ്.ബി സി-പോർട്ട് നിർബന്ധമാക്കിയതോടെയാണ് ആപ്പിളിന് മാറിച്ചിന്തിക്കേണ്ടി വന്നത്.
അതേസമയം, ഐഫോണുകൾക്ക് മാത്രമായി ഒരു കസ്റ്റമൈസ്ഡ് യു.എസ്.ബി ടൈപ്-സി പോർട്ട് അവതരിപ്പിക്കാൻ ആപ്പിൾ പദ്ധതിയിടുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു. അങ്ങനെ സംഭവിച്ചാൽ, ആൻഡ്രോയ്ഡ് യു.എസ്.ബി-സി ചാർജർ ഉപയോഗിച്ച് ഐഫോൺ ചാർജ് ചെയ്യാമെന്ന് കരുതുന്നവർ നിരാശപ്പെടേണ്ടി വന്നേക്കും.
അതേസമയം, ഈ വിവരങ്ങളെല്ലാം നേരത്തെ പുറത്തുവന്നതാണ്, എന്നാൽ റെൻഡറുകൾ അത് യാഥാർഥ്യമാകുമെന്ന സൂചനകളാണ് നൽകുന്നത്. ഈ വർഷം സെപ്തംബറിലാണ് പുതിയ ഐഫോണുകൾ ലോഞ്ച് ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.