‘ഐഫോൺ വാങ്ങാൻ വരട്ടെ’; ഗ്യാലക്സി എസ് 23 സീരീസ് എത്തി, വിലയും വിശേഷങ്ങളുമറിയാം
text_fieldsഅങ്ങനെ ഗ്യാലക്സി അൺപാക്ക്ഡ് ഇവന്റിലൂടെ ഗ്യാലക്സി എസ് 23 സീരീസ് ലോഞ്ച് ചെയ്തിരിക്കുകയാണ് സാംസങ്. അമേരിക്കയിൽ നടന്ന ചടങ്ങിലായിരുന്നു ഫോണുകളുടെ അവതരണം. പതിവുപോലെ, എസ് 23 അൾട്രയാണ് ഇത്തവണയും സ്മാർട്ട്ഫോൺ പ്രേമികളെ ആകർഷിച്ചത്. സാംസങ് തങ്ങളുടെ പ്രീമിയം ഫോണിനെ പരമാവധി അണിയിച്ചൊരുക്കിയാണ് ഇറക്കി വിട്ടിരിക്കുന്നത്.
കഴിഞ്ഞ വർഷമിറങ്ങിയ ഗ്യാലക്സി എസ് 22 അൾട്രയെ പോലെ, മൺമറഞ്ഞുപോയ ഗ്യാലക്സി നോട്ട് സീരീസിന്റെ എസ്സൻസ് ചേർത്തുകൊണ്ടാണ് എസ് 23 അൾട്രയും അവതരിപ്പിച്ചിരിക്കുന്നത്. ഫോണിന്റെ പ്രധാന ഹൈലൈറ്റ് 200 മെഗാ പികസ്‍ലുമായി വരുന്ന അഡാപ്റ്റീവ് പിക്സൽ പ്രധാന ക്യാമറയാണ്, ആദ്യമായാണ് ഒരു സാംസങ് ഫോണിൽ ഇത്തരത്തിലുള്ള ക്യാമറയെത്തുന്നത്.
AI- ശക്തിപകരുന്ന ഇമേജ് സിഗ്നൽ പ്രോസസ്സിങ് (ISP) അൽഗോരിതത്തിന്റെ പിന്തുണയും ക്യാമറയ്ക്കുണ്ട്. ഇത് വിശദവും കളർ ആക്കുറേറ്റുമായ ഫലങ്ങൾ നൽകും, പ്രത്യേകിച്ച് കുറഞ്ഞ വെളിച്ചത്തിൽ. കൂടാതെ ഇരട്ടി മികവുള്ള ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസർ (OIS) ആംഗിളുകളും പുതിയ ക്യാമറയിൽ ഉൾകൊള്ളിച്ചിട്ടുണ്ട്.
12എംപി അൾട്രാ വൈഡ് ലെൻസും 3x ഒപ്റ്റിക്കൽ സൂം വരെ ഉള്ള 10എംപി ടെലിഫോട്ടോ ലെൻസും 10x ഒപ്റ്റിക്കൽ സൂമുള്ള മറ്റൊരു 10എംപി ടെലിഫോട്ടോ ലെൻസും ഇതിനോടൊപ്പമുണ്ട്. 10എംപി സൂപ്പർ HDR സെൽഫി ക്യാമറയാണ് മുൻ വശത്ത്.
30fps-ൽ 8K വീഡിയോകൾക്കുള്ള പിന്തുണ, ഫ്രെയിമിലെ എല്ലാ വിശദാംശങ്ങളും തിരിച്ചറിയാനുള്ള ഒബ്‌ജക്റ്റ് അധിഷ്‌ഠിത AI, എക്‌സ്‌പെർട്ട് റോ ആപ്പ്, 100x സ്‌പേസ് സൂം എന്നിവയും അതിലേറെയും ക്യാമറ സവിശേഷതകളിൽ ഉൾപ്പെടുന്നുണ്ട്.
ഫോണിന്റെ പെർഫോമൻസിലും കാര്യമായ അപ്ഗ്രേഡ് സാംസങ് നൽകിയിട്ടുണ്ട്. എസ് 23 അൾട്രയ്ക്കായി ട്വീക്ക് ചെയ്ത സ്നാപ്ഡ്രാഗൺ ജെൻ 2 ചിപ്സെറ്റ് 30% മെച്ചപ്പെട്ട സിപിയു, 41% ജിപിയു, 49% എൻപിയു പ്രകടനം എന്നിവ ഉറപ്പാക്കും. കൂടാതെ 12 ജിബി വരെ റാമും 1 ടിബി വരെ സ്റ്റോറേജുമുള്ള എസ് 23 അൾട്രാ വേരിയന്റുകളുണ്ട്.
മറ്റേത് സ്മാർട്ട്ഫോണുകളെയും വെല്ലുന്ന ഡിസ്‍പ്ലേ തന്നെയാണ് പതിവുപോലെ സാംസങ് അവരുടെ പ്രീമിയം ഫോണിൽ ഉൾകൊള്ളിച്ചത്. 6.8 ഇഞ്ച് ക്യൂഎച്ച്ഡി പ്ലസ് എഡ്ജ് ഡൈനാമിക് അമോലെഡ് 2X ഡിസ്‌പ്ലേ, 120Hz വരെ റിഫ്രഷ് റേറ്റ്, 240Hz ടച്ച് സാംപ്ലിങ് റേറ്റ്, വിഷൻ ബൂസ്റ്റർ എന്നിവയാണ് ഡിസ്‍പ്ലേയുടെ പ്രത്യേകത. ഫോണിന്റെ ഡിസ്‍പ്ലേ സുരക്ഷയ്ക്കായി കോർണിങ് ഗൊറില്ല ഗ്ലാസ് വിക്ടസ് രണ്ടിന്റെ കരുത്തുണ്ട്.
45വാട്ട് അഡാപ്റ്ററും വയർലെസ് ചാർജിങ് സപ്പോർട്ടും ഉള്ള 5,000mAh ബാറ്ററിയാണ് ഫോണിൽ. ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള ഏറ്റവും പുതിയ സാംസങ് വൺ യു.ഐ 5.1-ലാണ് എസ് 23 അൾട്ര പ്രവർത്തിക്കുന്നത്. ഇതിന് IP68 റേറ്റിംഗ്, 5G പിന്തുണ, Wi-Fi 6E, ബ്ലൂടൂത്ത് പതിപ്പ് 5.3, സാംസങ് നോക്സ്, നോക്സ് വോൾട്ട് എന്നിവയും ലഭിക്കുന്നു. കൂടാതെ, ഫോണിൽ എസ് പെൻ, മെച്ചപ്പെടുത്തിയ വേപ്പർ ചേമ്പർ കൂളിംഗ് സിസ്റ്റം എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.
എസ് 23, എസ് 23 പ്ലസ് സവിശേഷതകൾ
അൾട്രയുടെ അനുജൻമാർക്ക് സാംസങ് ഫ്ലാറ്റായ ഡിസ്‍പ്ലേയാണ് നൽകിയത്. എസ് 23 പ്ലസിന്റെ 6.6 ഇഞ്ച് വലിപ്പമുള്ള ഫുൾ എച്ച്ഡി പ്ലസ് ഡൈനാമിക് അമോലെഡ് 2എക്സ് ഡിസ്‍പ്ലേക്ക് 120hz വാര്യബിൾ റിഫ്രഷ് റേറ്റിന്റെ പിന്തുണയുണ്ട്. അതേസമയം വനില എസ്23 മോഡലിന് ചെറിയ 6.1 ഇഞ്ച് ഡിസ്‍പ്ലേയാണ് നൽകിയിരിക്കുന്നത്. കൈയ്യിലൊതുങ്ങുന്ന ഫ്ലാഗ്ഷിപ്പ് ഫോൺ ആഗ്രഹിക്കുന്നവർക്ക് അനുഗ്രഹമാകും എസ്23. മറ്റ് ഡിസ്‍പ്ലേ ഫീച്ചറുകൾ എസ്23 പ്ലസിന് സമാനമാണ്. രണ്ട് മോഡലുകളുടെ ഡിസ്‍പ്ലേക്കും ഗൊറില്ല ഗ്ലാസ് വിക്ടസ് 2-ന്റെ സുരക്ഷയുണ്ട്.
ഇരു ഫോണുകൾക്കും കരുത്തേകുന്നത് എസ് 23 അൾട്രയിലെ സ്നാപ്ഡ്രാഗൺ 8 ജെൻ 2 പ്രൊസ്സസറാണ്. എട്ട് ജിബി വരെ റാം 512 ജിബി വരെ സ്റ്റോറേജും രണ്ട് ഫോണുകൾക്കുമുണ്ട്. എസ് 23 പ്ലസിന് 4700 എംഎച്ച് ബാറ്ററിയും എസ്23ക്ക് 3900 എംഎച്ച് ബാറ്ററിയുമാണ്. പ്ലസ് മോഡലിന് 45 വാട്ടിന്റെ അതിവേഗ ചാർജിങ് പിന്തുണയും വനില മോഡലിന് 25 വാട്ടിന്റെ പിന്തുണയുമാണ് നൽകിയത്.
അൾട്രയുമായി താരതമ്യം ചെയ്യുമ്പോൾ ക്യാമറാ ഡിപ്പാർട്ട്മെന്റിലും കാര്യമായ മാറ്റമുണ്ട്. ഇരുഫോണുകൾക്കും 50 മെഗാ പിക്സലിന്റെ പ്രധാന കാമറയും കൂടെ 12 എം.പിയുടെ അൾട്രാവൈഡ് ലെൻസും 10 എംപിയുടെ ടെലിഫോട്ടോ ലെൻസുമാണ് നൽകിയത്. സെൽഫി കാമറ 10 മെഗാപിക്സലിന്റേതാണ്. IP68 റേറ്റിങ്ങും ഉൾപ്പെടുത്തിയിട്ടുണ്ട്.
സാംസങ് ഗ്യാലക്സി എസ്23 അൾട്രയുടെ വിലയാരംഭിക്കുന്നത് 98,200 രൂപ മുതലാണ്. എസ് 23 പ്ലസിന് 81,800, എസ് 23 65,400 എന്നീ വിലകളിലും ലഭിക്കും. ഫെബ്രുവരി 17 മുതൽ ഫോൺ അമേരിക്കയിൽ വിൽപ്പനയാരംഭിക്കും. ഇന്ത്യയിലെത്തുമ്പോൾ ഫോണിന് വില കൂടിയേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.