ഗ്യാലക്സി എസ് 24 അൾട്രക്ക് 1.30 ലക്ഷം; പകുതി വിലക്ക് ഞെട്ടിക്കുന്ന ഫീച്ചറുകളുമായി വൺപ്ലസ് 12
text_fieldsഗ്യാലക്സി എസ് 24 സീരീസ് എത്തിയതിന് പിന്നാലെ ആൻഡ്രോയ്ഡ് ലോകം ഏറെ കാത്തിരുന്ന ലോഞ്ചായിരുന്നു വൺപ്ലസ് ഫ്ലാഗ്ഷിപ്പ് ഫോണായ വൺപ്ലസ് 12-ന്റേത്. സാംസങ് പ്രീമിയം ഫോണുകളുടെ വില ഒരു ലക്ഷവും കടന്നുപോകുമ്പോൾ, അതിന്റെ പകുതി പണം മാത്രം നൽകിയാൽ മതി വൺപ്ലസ് ഫ്ലാഗ്ഷിപ്പുകൾക്ക്. ഇത്തവണയും പതിവ് തെറ്റിക്കാതെ സർവ സന്നാഹവുമായി തന്നെയാണ് വൺപ്ലസ് തങ്ങളുടെ പന്ത്രണ്ടാമനുമായി എത്തിയിരിക്കുന്നത്. ഏറ്റവും കരുത്തുറ്റ ചിപ്സെറ്റും ഏറ്റവും തെളിച്ചമുള്ള ഡിസ്‍പ്ലേയും മികച്ച ക്യാമറയുമടങ്ങുന്ന വൺപ്ലസ് 12-ന്റെ കൂടുതൽ വിശേഷങ്ങൾ അറിയാം.
വൺപ്ലസ് 12 സവിശേഷതകൾ
6.8 ഇഞ്ച് വലിപ്പമുള്ള 2K ഓലെഡ് (OLED) കർവ്ഡ് ഡിസ്പ്ലേയാണ് വൺപ്ലസ് 12ന്. 120Hz റിഫ്രഷ് റേറ്റുള്ള എൽ.ടി.പി.ഒ പാനലിനെ വൺപ്ലസ് വിളിക്കുന്നത് 10-ബിറ്റ് ProXDR ഡിസ്‍പ്ലേ എന്നാണ്. എങ്കിലും പ്രധാന ഹൈലൈറ്റുകളിലൊന്ന് സൂര്യപ്രകാശത്തിന് കീഴിൽ ലഭിക്കുന്ന 4,500 നിറ്റ് പീക്ക് ബ്രൈറ്റ്നസാണ്, അതുകൊണ്ട് തന്നെ വൺപ്ലസ് 12-നുള്ളത് ലോകത്തിലെ ഏറ്റവും തെളിച്ചമുള്ള ഡിസ്‌പ്ലേയാണെന്ന് പറയാം.
ആൻഡ്രോയ്ഡ് സ്മാർട്ട്ഫോണുകൾക്ക് ക്വാൽകോം നൽകുന്ന ഏറ്റവും കരുത്തുറ്റ ചിപ് സെറ്റായ സ്നാപ്ഡ്രാഗൺ 8 ജെൻ 3 ആണ് വൺപ്ലസ് 12-ന് ശക്തി പകരുന്നത്. സാംസങ് എസ് 24 സീരീസിലും ഇതേ പ്രൊസസറാണ്. അതുപോലെ വൺപ്ലസ് ഏറ്റവും പുതിയ സൂപ്പർ ഫാസ്റ്റ് സ്റ്റോറേജ് സ്റ്റാൻഡേർഡായ UFS 4.0, LPDDR5X റാം എന്നിവ ഫോണിലുൾപ്പെടുത്തിയിട്ടുണ്ട്.
സാംസങ് - ആപ്പിൾ എന്നീ കമ്പനികൾ ടൈറ്റാനിയം ബിൽഡിലേക്ക് പോയപ്പോൾ മറ്റുള്ള ബ്രാൻഡുകളും അതേപാത പിന്തുടരുന്നമെന്ന് കരുതിയെങ്കിലും വൺപ്ലസ് അവരുടെ ഫ്ലാഗ്ഷിപ്പ് ഫോണിൽ അലൂമിനിയം ആണ് ഉപയോഗിച്ചിരിക്കുന്നത്. ഡിസ്‍പ്ലേ സുരക്ഷക്കായി ഏറ്റവും പുതിയ കോർണിങ് ഗൊറില്ല ഗ്ലാസ് വിക്ടസ് 2, പാക് പാനലിന്റെ സംരക്ഷണത്തിനായി ഗൊറില്ല ഗ്ലാസ് 5 എന്നിവയും നൽകിയിട്ടുണ്ട്.
ഒപ്റ്റിക്കൽ ഇമേജ് സ്റ്റബ്ലൈസേഷനുള്ള 50 മെഗാപിക്സൽ സോണി LYT-808 വൈഡ് ആംഗിൾ സെൻസറും, ഇ.ഐ.എസ് ഉള്ള 48 മെഗാപിക്സൽ അൾട്രാ-വൈഡ് ആംഗിൾ സോണി IMX 581 സെൻസറും, 3x ഒപ്റ്റിക്കൽ സൂമും 6x ഇൻ-സെൻസർ സൂമും വരെ ചെയ്യാൻ ശേഷിയുള്ള 64 MP ഒമ്നിവിഷൻ OV64B പെരിസ്കോപ്പ് ക്യാമറയും ഉള്ള ട്രിപ്പിൾ ക്യാമറ സജ്ജീകരണമാണ് ഫോണിനുള്ളത്. ക്യാമറയ്ക്ക് ഡിജിറ്റലായി 120X സൂം ചെയ്യാനും കഴിയും, അതിനെ OnePlus "അൾട്രാ റെസ് സൂം" എന്നാണ് വിളിക്കുന്നത്.എല്ലാ ക്യാമറകളും ട്യൂൺ ചെയ്തിരിക്കുന്നത് ഹാസൽബ്ലാഡ് ആണ്. ഫോണിന് 24 fps-ൽ 8K വിഡിയോകൾ പകർത്താനുള്ള ശേഷിയുമുണ്ട്. ഇ.ഐ.എസുള്ള 32 എംപി സോണി IMX615 സെൻസറാണ് മുൻ ക്യാമറ.
5400 എംഎഎച്ച് ബാറ്ററിയുള്ള ഫോണിന് 100 വാട്ട് ഫാസ്റ്റ് ചാർജിങ് പിന്തുണയും നൽകിയിട്ടുണ്ട്. 26 മിനിറ്റ് കൊണ്ട് ഫോൺ ഫുൾ ചാർജ് ചെയ്യാൻ കഴിയുമെന്നതാണ് പ്രത്യേകത. 50 വാട്ട് വയർലെസ് ചാർജിങ് ശേഷിയുമുണ്ട്.
വൺപ്ലസ് 12-ൽ ലോകമെമ്പാടുമുള്ള എല്ലാ പ്രധാന 5G, LTE ബാൻഡുകളുടെ പിന്തുണയുണ്ട്. അതുപോലെ ഏറ്റവും പുതിയ ബ്ലൂടൂത്ത് 5.4 സ്റ്റാൻഡേർഡ് പിന്തുണയ്ക്കുന്നു, കൂടാതെ NFC സൗകര്യവും യു.എസ്.ബി 3.2 ടൈപ് സി പോർട്ടും ഉൾപ്പെടുത്തിയിട്ടുണ്ട്,
വൺപ്ലസ് 12-ന്റെ 12GB+256GB വേരിയന്റിന് ഇന്ത്യയിൽ 64,999 രൂപയാണ് വില, അതേസമയം ഉയർന്ന നിലവാരമുള്ള 16GB+512GB വേരിയന്റിന് 69,999 രൂപയാണ് വില. എല്ലാ അപ്‌ഗ്രേഡുകളും കണക്കിലെടുക്കുമ്പോൾ ഈ വിലക്ക് ഇതിലും മികച്ച വേറെ ഓപ്ഷനില്ല എന്ന് പറയേണ്ടിവരും. നിലവിൽ വൺപ്ലസ് 12 പ്രീ-ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. 1,999 രൂപ നൽകി മുൻകൂറായി ബുക്ക് ചെയ്യാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.