30000 രൂപക്ക് പിക്സൽ ഫോൺ; ഗൂഗ്ൾ ഇത് രണ്ടും കൽപിച്ചോ...?
text_fieldsഏറ്റവും മികച്ച കാമറ സ്മാർട്ഫോൺ എന്ന ലേബലിൽ ഗൂഗ്ൾ അവതരിപ്പിച്ച പിക്സൽ ഫോൺ, ആദ്യ മോഡലുകൾ തൊട്ട് ആ പാരമ്പര്യം കോട്ടം തട്ടാതെ സൂക്ഷിക്കുന്നുണ്ട്. എന്നാൽ, തൊട്ടാൽ പൊള്ളുന്ന വിലയായതിനാൽ പലരും ഗൂഗ്ളിൻെറ ഫോണുകളിൽ നിന്ന് അകലം പാലിക്കുന്ന കാഴ്ചയായിരുന്നു. ആപ്പിൾ അവരുടെ പ്രീമിയം ഫ്ലാഗ്ഷിപ്പുകൾക്ക് ഈടാക്കുന്ന വില, ഗൂഗ്ൾ പിന്തുടരുന്നതാണ് ഇതുവരെ കണ്ടത്.
ഏറ്റവും അവസാനം പുറത്തിറങ്ങിയ പിക്സൽ 4, 4 എക്സ്.എൽ എന്നീ മോഡലുകൾക്ക് അമേരിക്കയിൽ വില ഒരു ലക്ഷത്തിലധികം വരും. ഇന്ത്യയിൽ ഇറക്കാത്ത ഇരു മോഡലുകളും അമേരിക്കയിൽ ആപ്പിൾ ഫോണുകൾ ഉണ്ടാക്കിയ മൂന്നിലൊന്ന് തരംഗം പോലും സൃഷ്ടിച്ചിട്ടില്ല എന്നാണ് വിപണി പറയുന്നത്.
എന്നാൽ, ആൻഡ്രോയ്ഡ് ഉപയോക്താക്കളെ കയ്യിലെടുക്കാനായി ചെറിയ ബജറ്റിലൊതുങ്ങുന്ന രണ്ട് മോഡലുകൾ ലോകമെമ്പാടുമായി ഇറക്കാനൊരുങ്ങുകയാണ് ഗൂഗ്ൾ. പിക്സൽ 4 എ, പിക്സൽ 4എ എക്സ്.എൽ എന്നിവയാണവ. പുറത്തുവരുന്ന വിവരങ്ങൾ അനുസരിച്ച് 30,000 രൂപയിൽ താഴെ മുതലായിരിക്കും ഇവയുടെ വില ആരംഭിക്കുക.
ഗൂഗ്ൾ അവരുടെ പുതിയ ടെക്നോളജി അവതരിപ്പിക്കാറുള്ള I/O ഇവൻറ് കോവിഡ് 19 ബാധയെ തുടർന്ന് നിർത്തലാക്കിയതിനാൽ പുത്തൻ മോഡലുകളെ കുറിച്ച് കൂടുതൽ അറിയാൻ എല്ലാവരും ഇനിയും കാത്തിരിക്കേണ്ടിവരും.
അതേസമയം, നേരത്തെ ലീക്കായ ഒരു വിഡിയോയിൽ വിശദീകരിച്ചത് പ്രകാരം, പിക്സൽ 4എയുടെ ബേസിക് മോഡലിൽ സിംഗിൾ പഞ്ച് ഹോൾ കാമറയുള്ള 5.81 ഇഞ്ച് ഫുൾ എച്ച്.ഡി എൽ.സി.ഡി ഡിസ്പ്ലേയാണ്. സ്നാപ്ഡ്രാഗൺ 730 പ്രൊസസറുമായി എത്തുന്ന മോഡലിൽ 3000 എം.എ.എച്ച് ബാറ്ററിയുമായിരിക്കും. പിറകിൽ ഒരു കാമറ മാത്രമാണ് നൽകിയിട്ടുള്ളത്.
പിക്സൽ ഫോണുകൾ ഏറെ പ്രചാരണം ലഭിച്ച് വിറ്റഴിയാൻ തുടങ്ങിയത് പിക്സൽ 2, പിക്സൽ 2 എക്സ്.എൽ എന്നീ മോഡലുകൾ ഇറങ്ങിയതിന് ശേഷമാണ്. അതിൻറെ വിജയഗാഥ പിന്തുടർന്നെത്തിയ പികസൽ മൂന്നാം വകഭേദം പക്ഷെ വിപണിയിൽ പ്രതീക്ഷിച്ച ഓളമുണ്ടാക്കിയില്ല. അതോടെ മാർക്കറ്റിൻെറ സ്പന്ദനം ഗൂഗ്ൾ തിരിച്ചറിഞ്ഞെന്ന് തെളിയിച്ചുകൊണ്ട് വില കുറഞ്ഞ മിഡ്റേഞ്ച് മോഡലുകളുമായി എത്തി.
ഗൂഗ്ൾ പിക്സൽ 3എ, പിക്സൽ 3എ എക്സ്.എൽ എന്നിവയായിരുന്നു അത്. എന്നാൽ 40000 രൂപയോളം വില വരുന്ന 3എ എക്സ്.എല്ലിന് കരുത്ത് പകരാൻ ഗൂഗ്ൾ നൽകിയ പ്രൊസസറാകട്ടെ ക്വാൽകോമിൻെറ സ്നാപ്ഡ്രാഗൺ 670. ഷവോമി അവരുടെ 15000 രൂപക്ക് താഴെയുള്ള ഫോണുകളിൽ സ്നാപ്ഡ്രാഗൺ 675 അവതരിപ്പിച്ച സമയമായിരുന്നു അത്.
പതിവുപോലെ കാമറ മാത്രം നോക്കുന്നവരുടെ നേരിയ ഒരു വിപണി പിടിച്ച് ബജറ്റ് മോഡൽ എന്ന് ഗൂഗ്ൾ അവകാശപ്പെട്ട ‘എ’ സീരീസ് വിറ്റുപോയി. എന്നാൽ പുതിയ 4 എ സീരീസിൽ ബജറ്റ് കുറച്ചുകൂടി കുറയുന്നതോടെ കൂടുതൽ വിൽപ്പന തന്നെയാകും ഗൂഗ്ൾ പ്രതീക്ഷിക്കുക. ഇന്ത്യയിൽ എത്താൻ സാധ്യതയുള്ള മോഡൽ രാജ്യത്തെ മാർക്കറ്റിൽ 30000 രൂപക്ക് താഴെ എത്തിയാൽ ഗംഭീര ‘കാമറ’ എന്ന ഒറ്റ ഫീച്ചറിൽ പിക്സൽ ഫോണുകളുടെ ഇതുവരെ കാണാത്ത വിൽപനയായിരിക്കും നടക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.