താങ്ങാവുന്ന വിലക്കൊരു ഗൂഗിൾ ഫോൺ; പിക്സൽ 7എ ഉടനെത്തും, ഫീച്ചറുകൾ അറിയാം
text_fieldsഗൂഗിളിന്റെ പിക്സൽ ഫോണുകളിൽ ഇന്ത്യയിൽ ഏറ്റവും വിൽക്കപ്പെടുന്നത് പിക്സൽ എ-സീരീസ് ഫോണുകളാണ്. പിക്സൽ 4എ മുതലുള്ള ഫോണുകളൊക്കെ ആളുകളുടെ ഇഷ്ടം പിടിച്ചുപറ്റിയിട്ടുണ്ട്. പിക്സൽ 6എ എന്ന മോഡലിനെ മിഡ് റേഞ്ച് ഫോണുകളിലെ മികച്ചൊരു ഓപ്ഷൻ ആയാണ് പലരും കാണുന്നത്. പിക്സൽ 7 ഫ്ലാഗ്ഷിപ്പ് സീരീസ് ഗൂഗിൾ ലോഞ്ച് ചെയ്തതോടെ പിക്സൽ 7എ എന്ന വില കുറഞ്ഞ ഫോണിനായി കാത്തിരിക്കുകയായിരുന്നു സ്മാർട്ട്ഫോൺ പ്രേമികൾ.
വരുന്ന മെയ് 10ന് നടക്കുന്ന ഗൂഗിൾ I/O 2023 ഇവന്റിൽ പിക്സൽ 7എ ഗൂഗിൾ അവതരിപ്പിക്കും. അതിന് മുന്നോടിയായി ഇന്റർനെറ്റിൽ ഫോണിന്റെ ഫീച്ചറുകൾ പുറത്തുവന്നിരിക്കുകയാണ്.
പിക്സൽ 7എ സവിശേഷതകൾ
ടിപ്‌സ്റ്റർ യോഗേഷ് ബ്രാർ (via 91Mobiles) ആണ് പിക്‌സൽ 7എയുടെ സവിശേഷതകൾ പുറത്തുവിട്ടിരിക്കുന്നത്. 6.1 ഇഞ്ച് വലിപ്പമുള്ള ഫുൾ എച്ച്.ഡി പ്ലസ് ഓലെഡ് ഡിസ്‍പ്ലേയാണ് തങ്ങളുടെ പുതിയ മിഡ്റേഞ്ച് ഫോണിന് ഗൂഗിൾ നൽകിയിരിക്കുന്നത്. പിക്സൽ 6എ-യെ അപേക്ഷിച്ച് 7എ-ക്ക് 90Hz റിഫ്രഷ് റേറ്റ് നൽകിയിട്ടുണ്ട്.
വലിയ സഹോദരങ്ങളായ പിക്സൽ 7, പിക്സൽ 7 പ്രോ എന്നിവക്ക് ശക്തിപകരുന്ന അതേ ടെൻസർ ജി2 ചിപ്‌സെറ്റായിരിക്കും പിക്സൽ 7എ-യിലും ഉണ്ടായിരിക്കുക. 8GB LPDDR5 റാമും 128GB UFS 3.1 സ്റ്റോറേജും ഫോണിന്റെ പ്രകടനം വേറെ ലെവലാക്കും.
ക്യാമറ ഡിപ്പാർട്ട്മെന്റിലും കാര്യമായ അപ്ഗ്രേഡ് പ്രതീക്ഷിക്കാം. ഒപ്റ്റിക്കൽ ഇമേജ് സ്റ്റബ്ലൈസേഷനുള്ള (OIS) 64MP പ്രധാന സെൻസറും 12MP അൾട്രാ വൈഡ് സെൻസറുമാണ് പിൻ ക്യാമറ വിശേഷങ്ങൾ. സെൽഫിക്കായി, 10.8mp-യുടെ മുൻ ക്യാമറയാണ് നൽകിയിരിക്കുന്നത്.
72 മണിക്കൂർ വരെ ബാക്കപ്പ് നൽകുന്ന 4,400mAh ബാറ്ററിയും അതിന് 20W വയർഡ്, വയർലെസ് ചാർജിങ് പിന്തുണയുമുണ്ടായിരിക്കും. അതേസമയം, പിക്സൽ 6എ-യിൽ ഗൂഗിൾ ഏറ്റവും കൂടുതൽ പരാതികൾ കേട്ടത് ഫാസ്റ്റ് ചാർജിങ്ങിന്റെ അഭാവവുമായി ബന്ധപ്പെട്ടായിരുന്നു. ദുഃഖകരമെന്നു പറയട്ടെ, 7എ-യുടെ സ്ഥിതിയും വ്യത്യസ്തമല്ല.
ഡിസൈനിലും മുൻ മോഡലിന് സമാനമാണ് പിക്സൽ 7എ. ഫോൺ നീല, ചാര നിറം, വെള്ള, പുതിയ കോറൽ/ഇളം ഓറഞ്ച് എന്നീ നാല് കളർ ഓപ്ഷനുകളിൽ ലഭ്യമാകും. 499 ഡോളറാണ് (Rs 41,000) ഫോണിന് പ്രതീക്ഷിക്കുന്ന വില. പിക്സൽ 6എ ഇതേ വിലയിലായിരുന്നു ഇന്ത്യയിൽ അവതരിപ്പിച്ചത്. പിന്നീട് ഓഫർ സെയിലുകളിൽ ഫോൺ 30000 രൂപയിൽ താഴെ മാത്രം വിലയിൽ ലഭ്യമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.