ഇത്തവണ ചതിച്ചില്ല..! ഗൂഗിളിന്റെ 'ബജറ്റ് ഫോൺ' ഇന്ത്യയിലേക്കും
text_fieldsഅങ്ങനെ രണ്ട് വർഷത്തെ നീണ്ട ഇടവേളക്ക് ശേഷം ഗൂഗിൾ ഇന്ത്യയിൽ പുതിയ ഫോൺ അവതരിപ്പിക്കാനൊരുങ്ങുകയാണ്. കമ്പനി ഇന്ത്യയിൽ അവസാനമായി അവതരിപ്പിച്ച ഫോൺ പിക്സൽ 4എ ആയിരുന്നു. മികച്ച വിൽപ്പന നേടിയ മിഡ്റേഞ്ച് ഫോണായ 4എക്ക് ശേഷം പിക്സൽ 5 സീരീസും 6 സീരീസും കമ്പനി ഇന്ത്യയിലെത്തിച്ചില്ല.
എന്നാൽ, പിക്സൽ 6എ എന്ന മധ്യനിര ഫോൺ ഗൂഗിൾ ഇന്ത്യയിൽ ഈ വർഷാവസാനം അവതരിപ്പിച്ചേക്കും, കമ്പനി അത് സ്ഥിരീകരിച്ചതായി ആൻഡ്രോയ്ഡ് സെൻട്രൽ റിപ്പോർട്ട് ചെയ്യുന്നു.
പിക്സൽ 4എ യുടെ സക്സസറായെത്തുന്ന പിക്സൽ 6എക്ക് ഗൂഗിൾ 449 ഡോളറാണ് വിലയിട്ടിരിക്കുന്നത്. ഇന്ത്യയിൽ 35000 രൂപയാണ് പ്രതീക്ഷിക്കുന്ന വില.
6.1 ഇഞ്ച് വലിപ്പമുള്ള ഫുൾ എച്ച്.ഡി പ്ലസ് ഒ.എൽ.ഇ.ഡി ഡിസ്‍പ്ലേയാണ് പിക്സൽ 6എ-ക്ക്. 60Hz ആണ് റിഫ്രഷ് റേറ്റ്. കോർണിങ് ഗൊറില്ല ഗ്ലാസ് 3യുടെ സുരക്ഷയോടെ എത്തുന്ന ഡിസ്‍പ്ലേ, പിക്സൽ 4എക്ക് സമാനമായിരിക്കും എന്ന് പറയാം. 6ജിബി റാം 128 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ഒരേയൊരു വകഭേദം മാത്രമായിരിക്കും കമ്പനി വിൽപ്പനക്കെത്തിക്കുക. അതിവേഗ പ്രകടനം നൽകുന്ന യു.എഫ്.എസ് 3.1 സ്റ്റോറേജ് പിന്തുണയുമുണ്ട്.
4306 എം.എ.എച്ച് ബാറ്ററിയും അതിവേഗ ചാർജിങ് പിന്തുണയുമുണ്ടാകും. 12.2 മെഗാപിക്സൽ വൈഡ്-ആംഗിൾ, 12 എം.പിയുടെ അൾട്രാ വൈഡ് ആംഗിൾ ഇരട്ട പിൻകാമറയും എട്ട് മൊഗാ പിക്സലുള്ള പഞ്ച് ഹോൾ മുൻകാമറയുമാണ് കാമറ വിശേഷങ്ങൾ.
പിക്സൽ 6, 6 പ്രോ എന്നീ ഫോണുകൾക്ക് കരുത്തേകിയ ടെൻസർ ചിപ്സെറ്റായിരിക്കും പിക്സൽ 6എയുടെയും കരുത്ത്. ഇൻഡിസ്‍പ്ലേ ഫിംഗർപ്രിന്റാണ് സുരക്ഷയ്ക്കായി നൽകിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.