ഉയർന്ന ബാറ്ററി ലൈഫ്, കുറഞ്ഞ വില; ചില ഐഫോൺ 15 വിശേഷങ്ങൾ...
text_fieldsആപ്പിൾ ഈ വർഷം അവതരിപ്പിച്ച ഐഫോൺ 14 സീരീസിലെ പ്രോ മോഡലുകൾ മാത്രമാണ് സ്മാർട്ട്ഫോൺ പ്രേമികൾക്കിടയിൽ ശ്രദ്ധ നേടിയത്. ഡൈനാമിക് ഐലൻഡ് എന്ന പുതിയ തരം നോച്ചും കരുത്തേറിയ എ16 ബയോണിക് ചിപ്സെറ്റുമാണ് ആപ്പിൾ പ്രേമികളെ ആകർഷിച്ചത്. കാമറയും മറ്റ് ഫീച്ചറുകളും ഐഫോൺ 13 സീരീസുമായി വലിയ മാറ്റമില്ലാത്തത് പലരെയും നിരാശപ്പെടുത്തി.
എന്നാൽ, ഐഫോൺ 15 സീരീസിൽ ആ പരാതികൾ ആപ്പിൾ പരിഹരിക്കുമെന്നാണ് റിപ്പോർട്ടുകൾ. ലോഞ്ച് ചെയ്യാൻ മാസങ്ങളെടുക്കുമെങ്കിലും 15 -ാമനെ കുറിച്ചുള്ള റൂമറുകൾ ടെക് ലോകത്ത് പാറിനടക്കാൻ തുടങ്ങിയിട്ടുണ്ട്. അവയിൽ ചിലത് ഇവിടെ പങ്കുവെക്കാം.
എ17 ബയോണിക് ചിപ് സെറ്റ് = ബാറ്ററി
അടുത്ത ഐഫോൺ സീരീസിലും പ്രോ മോഡലുകൾക്ക് മാത്രമായിരിക്കും ലേറ്റസ്റ്റ് ചിപ്സെറ്റ് കരുത്ത് പകരുക. മൂന്ന് നാനോമീറ്റർ പ്രോസസ്സ് സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ള എ17 ബയോണിക് ചിപ് സെറ്റ് ഐഫോൺ 15 പ്രോ, 15 പ്രോ മാക്സ് എന്നീ മോഡലുകൾക്കൊപ്പമെത്തും. എന്നാൽ, എ17 ചിപ്സെറ്റ് പ്രകടനത്തേക്കാൾ കൂടുതൽ ബാറ്ററി ലൈഫിലാകും ശ്രദ്ധ കേന്ദ്രീകരിക്കുകയെന്ന് പറയപ്പെടുന്നു.
5നാനോ മീറ്റർ ചിപ്സെറ്റുകളേക്കാൾ മികച്ച പ്രകടനം നൽകുമ്പോൾ തന്നെ TSMC-യുടെ A17 ബയോണിക് ചിപ്‌സെറ്റ് ഏകദേശം 35 ശതമാനം കുറവ് പവർ മാത്രമേ ഉപയോഗിക്കുകയുള്ളൂ എന്ന് ബ്ലൂംബെർഗിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഇതർത്ഥമാക്കുന്നത്, മുൻ മോഡലുകളെ അപേക്ഷിച്ച്, ഐഫോൺ 15 പ്രോയും ഐഫോൺ 15 പ്രോ മാക്സും ദൈർഘ്യമേറിയ ബാറ്ററി ലൈഫ് നൽകിയേക്കുമെന്നാണ്. അതേസമയം, പ്രോ മോഡലുകളല്ലാത്തവയ്ക്ക് ഈ വർഷത്തെ 4 നാനോ മീറ്റർ എ16 ബയോണിക് ചിപ്സെറ്റാകും കരുത്ത് പകരുക.
TSMC അടുത്തിടെ അതിന്റെ 3nm ചിപ്‌സെറ്റുകളുടെ വൻതോതിലുള്ള ഉത്പാദനം ആരംഭിച്ചു കഴിഞ്ഞു. ആപ്പിളിന്റെ വരാനിരിക്കുന്ന M2 പ്രോ, M2 മാക്സ് ചിപ്പുകളും ഭാവിയിലെ മാക്കുകൾക്കായുള്ള M3 ചിപ്പും 3nm പ്രോസസ്സ് ടെക്, തന്നെയാകും ഉപയോഗിക്കുക.
ഇത്തവണ ആപ്പിളിന് വൻ തിരിച്ചടി നൽകിയത് ഐഫോൺ 14 സീരീസിലെ നോൺ-പ്രോ മോഡലുകളുടെ പരാജയമാണ്. ഐഫോൺ 13 സീരീസുമായി കാര്യമായ മാറ്റങ്ങളില്ലാത്തതാണ് അവയുടെ വിൽപ്പന കുറയാൻ കാരണമായത്. എന്നാൽ, ഐഫോൺ 15 എത്തുമ്പോൾ ബേസ് മോഡലുകൾ കൂടുതൽ വിൽക്കാനായി ആപ്പിൾ ചില തന്ത്രങ്ങൾ പയറ്റിയേക്കും. ഐഫോൺ 15, 15 പ്ലസ് എന്നീ മോഡലുകൾക്ക് കാര്യമായി വില കുറച്ചാകും ആപ്പിൾ വിൽപ്പന കൂട്ടുക.
യു.എസ്.ബി ടൈപ്-സി
യൂറോപ്യൻ യൂണിയനും ഏറ്റവും ഒടുവിലായി ഇന്ത്യയും എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങൾക്കുമായി ഒറ്റ ചാർജർ നിർബന്ധമാക്കാൻ പോകുന്ന സാഹചര്യത്തിൽ ആപ്പിൾ അവരുടെ പുതിയ ഫോണുകൾ യു.എസ്.ബി-സി പോർട്ട് നൽകാൻ സാധ്യതയുണ്ട്. ഡൈനാമിക് ഐലൻഡിനെ കൂടുതൽ ഉപയോഗപ്രദമാക്കിയുള്ള പുതിയ ഐ.ഒ.എസ് വേർഷനും പ്രതീക്ഷിക്കാം.
കുറച്ചധികം ഫീച്ചറുകളിൽ വ്യത്യാസങ്ങൾ വരുത്തി പ്രോ, നോൺ-പ്രോ മോഡലുകൾ ആപ്പിൾ അവതരിപ്പിക്കാനും സാധ്യതയുണ്ടെന്ന് ചില റിപ്പോർട്ടുകൾ പറയുന്നു. പ്രത്യേകിച്ച് ഡിസ്‍പ്ലേ - കാമറ ഫീച്ചറുകളിൽ. മുമ്പ് ഐഫോൺ എക്സ്.ആറിലും ഐഫോൺ എക്സ്.എസിലും ആപ്പിൾ പയറ്റിയ രീതി, ഐഫോൺ 15 സീരീസിലൂടെ തിരിച്ചുവന്നേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.