നോകിയ 3210 ദാ തിരിച്ചുവരുന്നു...! മോഡേൺ പതിപ്പുമായി എച്ച്.എം.ഡി
text_fieldsനോകിയ 3210 എന്ന ഫീച്ചർ ഫോൺ ഓർമയുണ്ടോ..? സ്മാർട്ട്ഫോണുകളുടെ യുഗം ആരംഭിക്കുന്നതിന് ഒരുപാട് മുമ്പ്, 1999-ൽ നോകിയ അവതരിപ്പിച്ച ഫോണായിരുന്നു 3210. ഇന്ത്യയിൽ വൻ തരംഗമായിരുന്നു ഈ ഫീച്ചർ ഫോൺ സൃഷ്ടിച്ചത്. വളരെ മികച്ച ബിൽഡ് ക്വാളിറ്റിയാണ് നോകിയ 3210-ന്. പിൽക്കാലത്ത് പട്ടിയെ എറിയാൻ കഴിയുന്ന ഫോൺ എന്നൊക്കെ തമാശരൂപേണ ആളുകൾ 3210-നെ വിളിച്ചത് ആ ഡ്യൂരബിലിറ്റി കാരണമായിരുന്നു. ഇന്റേണൽ ആന്റിനയും T9 പ്രെഡിക്ടീവ് ടെക്‌സ്‌റ്റുമടക്കമുള്ള ഫീച്ചറുകളുമൊക്കെയായിരുന്നു ഫോണിന്റെ മറ്റ് പ്രത്യേകതകൾ.
കേടുപാടുകൾ സംഭവിക്കുന്ന മുറക്ക് ഇഷ്ടമുള്ള നിറത്തിലുള്ള കവറുകൾ മാറ്റി ഇടാൻ കഴിയുന്ന രീതിയിലായിരുന്നു ഫോണിന്റെ നിർമാണം. കൂടാതെ 40 മോണോഫോണിക് റിംഗ്‌ടോണുകളിൽ നിന്ന് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാനുള്ള ഫീച്ചറും ഫോണിലുണ്ടായിരുന്നു. കറുപ്പും പച്ചയുമടങ്ങിയ 1.5 ഇഞ്ച് ബാക്ക്‌ലിറ്റ് മോണോക്രോമാറ്റിക് എൽസിഡി സ്‌ക്രീൻ ആയിരുന്നു നൽകിയത്, ഏകദേശം 150 ഗ്രാം ഭാരമായിരുന്നു നോകിയയുടെ ആദ്യ ഫീച്ചർ ഫോണിന്.
സ്‌നേക്ക്, മെമ്മറി, റൊട്ടേഷൻ എന്നീ മൂന്ന് ഗെയിമുകൾ പ്രീ-ഇൻസ്റ്റാൾ ചെയ്തുവന്നിരുന്ന ഫോണിന്റെ ചില പതിപ്പുകളിൽ ഹിഡൻ ഗെയിമുകളുമുണ്ടായിരുന്നു. ഡാറ്റ കേബിൾ ഉപയോഗിച്ച് പ്രത്യേക സോഫ്‌റ്റ്‌വെയറിന്റെ സഹായത്തോടെ പല വിരുതൻമാരും അത്തരം ഗെയിമുകൾ ഫോണിൽ ആക്ടിവേറ്റ് ചെയ്ത് കളിക്കാറുണ്ടായിരുന്നു.
നോകിയ 3210 - മോഡേൺ എഡിഷൻ...
ഇപ്പോഴിതാ ഹ്യൂമൻ മൊബൈൽ ഡിവൈസസ് (HMD) നോകിയ 3210-ന്റെ മോഡേൺ പതിപ്പുമായി എത്താൻ പോവുകയാണ്. പുതിയ ഫീച്ചർ ഫോണിൽ പ്രവർത്തിക്കുന്നതായി എച്ച്.എം.ഡി തന്നെയാണ് സൂചന നൽകിയിരിക്കുന്നത്. Nokiamb പുറത്തുവിട്ട സമീപകാല റിപ്പോർട്ട് അനുസരിച്ച്, Gigantti എന്ന ഫിന്നിഷ് ഔട്ട്‌ലെറ്റ് അറിയാതെ നോക്കിയ 3210-ന്റെ മോഡേൺ പതിപ്പ് ചോർത്തിയിരിക്കുകയാണ്.
വരാനിരിക്കുന്ന പുതിയ ഫീച്ചർ ഫോൺ സിയാൻ, മഞ്ഞ എന്നിങ്ങനെ രണ്ട് നിറങ്ങളിൽ വരും, മെയ് 8-ന് വാങ്ങാൻ ലഭ്യമാകും. ഫോണിന് ഏകദേശം 89 യൂറോ വിലയുണ്ടാകുമെന്നും റിപ്പോർട്ടുണ്ട്. HMD ഇത് ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് കൊണ്ടുവരുമോ എന്ന് ഇപ്പോഴും വ്യക്തമല്ല.
ഫോണിന് 'റെട്രോ ഇൻ്റർഫേസ്' ഉണ്ടായിരിക്കുമെന്നും സ്നേക്ക് പോലുള്ള ഓൾഡ് സ്കൂൾ ഗെയിമുകൾ ലഭിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. ബ്ലൂടൂത്ത്, 4ജി കണക്റ്റിവിറ്റി എന്നിവയ്‌ക്കൊപ്പം മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും ഇതിന് ലഭിച്ചേക്കാം. പുതിയ നോക്കിയ 3210 ന് യുഎസ്ബി-സി ചാർജിങ് ഉണ്ടായിരിക്കുമെന്നും 1,450 എംഎഎച്ച് ബാറ്ററിയോടൊപ്പം വരുമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.