അപ്ഡേറ്റ് ചെയ്തതും ഡിസ്‍പ്ലേയിൽ ‘പച്ചവര’; പണികിട്ടിയവർക്ക് സൗജന്യമായി സ്ക്രീൻ മാറ്റിത്തരുമെന്ന് സാംസങ്
text_fieldsകുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു, സാംസങ് ഗ്യാലക്സി എസ് 21, ഗ്യാലക്സി എസ്22 സീരീസ് സ്മാർട്ട്‌ഫോണുകളിലെ ഡിസ്‌പ്ലേ പ്രശ്‌നങ്ങളെക്കുറിച്ചുള്ള പരാതിയുമായി ഉപയോക്താക്കൾ എത്തിയത്. തങ്ങളുടെ ഫോണുകളിൽ വന്ന ഏറ്റവും പുതിയ സെക്യൂരിറ്റി പാച്ച് അപ്‌ഡേറ്റ് ചെയ്തതിന് ശേഷം ഡിസ്‌പ്ലേയിൽ ചില പ്രശ്‌നങ്ങൾ സംഭവിച്ചതായാണ് അവർ വെളിപ്പെടുത്തിയത്.
ഫോണുകളുടെ ഡിസ്‌പ്ലേകളിൽ പ്രത്യക്ഷപ്പെടുന്ന പച്ച വരയായിരുന്നു പ്രശ്‌നങ്ങളിലൊന്ന്. ഗ്രീൻലൈൻ വരുന്നത് ഫോണിന്റെ പ്രവർത്തനങ്ങളെ കാര്യമായി ബാധിക്കില്ലെങ്കിലും കാലക്രമേണ വരകളുടെ എണ്ണം കൂടി ഡസ്പ്ലേയിൽ ഒന്നും കാണാത്ത സാഹചര്യം വരെ ഉണ്ടാകാറുണ്ട്. പല സാംസങ് എ സീരീസ് യൂസർമാരും അപ്ഡേറ്റ് ചെയ്തതിന് ശേഷം ഗ്രീൻ ലൈൻ വന്നതായി പരാതിപ്പെട്ടിരുന്നു. വൺപ്ലസ്, ഒപ്പോ, വിവോ ഫോണുകളിലും ആപ്പിൾ ഐഫോണിലെ ചില മോഡലുകളിലും ഗ്രീൻ ലൈൻ പ്രശ്നം വന്ന സംഭവങ്ങളുണ്ടായിട്ടുണ്ട്.
ഇപ്പോഴിതാ, ഡസ്‍പ്ലേകളിൽ ഗ്രീൻലൈൻ പ്രശ്നം നേരിട്ടവർക്ക് പുതിയ ഓഫറുമായി എത്തിയിരിക്കുകയാണ് സാംസങ്. ഗ്രീന്‍ ലൈന്‍ പ്രശ്നമുള്ള ഗാലക്സി എസ് സീരീസ് ഫോണുകള്‍ക്ക് സൗജന്യമായി സ്‌ക്രീന്‍ മാറ്റി നല്‍കുമെന്നാണ് സാംസങ് പറയുന്നത്. ഗാലക്സി എസ് 20, ഗാലക്സി എസ് 21, എസ് 22 അള്‍ട്രാ സീരീസ് ഫോണുകൾ എന്നിവയ്ക്ക് ഒറ്റത്തവണയാണ് സൗജന്യ സ്‌ക്രീന്‍ റീപ്ലേസ്മെന്റ് കമ്പനി ഓഫർ ചെയ്യുന്നത്. വാറന്റി കഴിഞ്ഞാലും സൗജന്യമായി സ്ക്രീൻ മാറ്റി തരും.
അതേസമയം നിബന്ധനകള്‍ ബാധകമാണ്. മൂന്ന് വര്‍ഷത്തിനുള്ളില്‍ വാങ്ങിയ ഗാലക്സി എസ്20, ഗാലക്സി എസ്21, എസ്22 അള്‍ട്ര സ്മാര്‍ട്ഫോണുകള്‍ക്കാണ് ഈ സേവനം ലഭ്യമാകുക. ഈ മാസം 30 വരെ ഗ്രീന്‍ ലൈന്‍ പ്രശ്നമുള്ള മുകളില്‍ പറഞ്ഞ ഫോണുകളുടെ ഉപഭോക്താക്കള്‍ക്ക് സാംസങ് സര്‍വീസ് സെന്ററില്‍ എത്തി പ്രശ്‌നം പരിഹരിക്കാം. മറ്റ് രാജ്യങ്ങളില്‍ ഈ സൗകര്യം ലഭ്യമാകുമോ എന്നത് സംബന്ധിച്ച് വ്യക്തതയില്ല. അതുപോലെ ഓഫറിന്റെ പരിധിയില്‍ പെടാത്ത ഫോണുകളിലെ പ്രശ്‌നം എങ്ങനെയാണ് പരിഹരിക്കുക എന്നതിനെ കുറിച്ചും സാംസങ് വ്യക്തത വരുത്തിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.