ഐഫോൺ 12 മിനിയുടെ ഉത്പാദനം നിർത്താനൊരുങ്ങി ആപ്പിൾ; കാരണമിതാണ്
text_fieldsആപ്പിൾ, സ്ക്രീൻ സൈസ് കുറഞ്ഞ ഒരു ഐഫോൺ മോഡൽ ഇറക്കുമെന്ന സൂചന ലഭിച്ചതോടെ ഫാൻസിന് എന്തെന്നില്ലാത്ത സന്തോഷമായിരുന്നു. വിപണിയിലുള്ള ഫ്ലാഗ്ഷിപ്പ് ഫോണുകളെല്ലാം കൈയ്യിലൊതുങ്ങാത്ത വലിപ്പമായതിനാൽ എല്ലാ പ്രീമിയം ഫീച്ചറുകളുമടങ്ങിയ ഒരു കോംപാക്ട് ഫോണായിരുന്നു ചിലരുടെ സ്വപ്നം. ഒടുവിൽ കഴിഞ്ഞ വർഷം ഐഫോൺ 12 മിനി എന്ന മോഡൽ ഇറക്കി ആപ്പിൾ അതിന് പരിഹാരമുണ്ടാക്കി. 5.4 ഇഞ്ചാണ് 12 മിനിയുടെ വലിപ്പം. പുതിയ ബോക്സി ഡിസൈനും കൂടി ചേർന്നതോടെ ഫോൺ സുന്ദരക്കുട്ടപ്പനായി മാറി എന്നും പറയാം.
ഐഫോൺ 12, 12 പ്രോ, 12 പ്രോ മാക്സ് എന്നീ ഫോണുകൾക്കൊപ്പം 12 മിനിയും വിപണിയിലെത്തി. തുടക്കത്തിൽ കൗതുകം കാരണം മികച്ച ശ്രദ്ധ നേടിയെടുക്കാൻ മിനിക്ക് സാധിച്ചിരുന്നു. എന്നാൽ, ക്രമേണ മറ്റ് മോഡലുകൾ മാർക്കറ്റിൽ ചൂടപ്പം പോലെ വിറ്റുപോയെങ്കിലും 12 മിനിക്ക് മാത്രം ആവശ്യക്കാർ കുറയുകയായിരുന്നു. മറ്റ് മോഡലുകളെ അപേക്ഷിച്ച് വിലകുറവാണെന്ന ഗുണവും ആപ്പിളിനെ സഹായിച്ചില്ല, കമ്പനിയുടെ ഏറ്റവും കുറഞ്ഞ വിൽപ്പനയുള്ള മോഡലുകളിൽ ഒന്നായി ഐഫോൺ 12 മിനി മാറി. ആകെ വിൽപ്പനയിൽ ആറ് ശതമാനം മാത്രമാണ് 12 മിനിയുടെ സംഭാവനയെന്നും റിപ്പോർട്ടുകളുണ്ട്.
ജെപി മോർഗൻ ചേസ് അവരുടെ ഏറ്റവും പുതിയ പ്രവചനങ്ങളിൽ ഐഫോൺ 12, ഐഫോൺ 12 മിനി ഉൽപാദനം യഥാക്രമം 9, 11 ദശലക്ഷമായി കുറയുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഐഫോൺ 12 മിനിയുടെ മാർക്കറ്റ് ഡിമാൻറ് ദുർബലമാണെന്നും ആഗോള വിൽപ്പന വളരെ കുറവാണെന്നും ജെപി മോർഗൻ ചേസിെൻറ അനലിസ്റ്റ് വില്യം യംഗും സ്ഥിരീകരിച്ചു. 2021-െൻറ രണ്ടാം പാദത്തിൽ ആപ്പിൾ, ഐഫോൺ 12 മിനിയുടെ ഉത്പാദനം നിർത്തലാക്കുമെന്നും വിശകലന വിദഗ്ധർ കൂട്ടിച്ചേർത്തു. ഐഫോൺ 12 പ്രോ മാക്സിെൻറ വിൽപ്പന പ്രവചനം 11 ദശലക്ഷം യൂണിറ്റായി ഉയരുമെന്നും അവർ പറഞ്ഞു.
ഇതോടെ ഐഫോണിെൻറ ചരിത്രത്തിൽ ഏറ്റവും ഹ്രസ്വകാലം കൊണ്ട് വിപണിയിൽ നിന്നും അപ്രത്യക്ഷമാവുന്ന ഫ്ലാഗ്ഷിപ്പായി ഐഫോൺ 12 മിനി മാറും. മറുവശത്ത്, ആപ്പിൾ ഈ വർഷം പുതിയ ശ്രേണിയിൽ മറ്റൊരു ചെറിയ ഐഫോൺ മോഡൽ പുറത്തിറക്കാൻ പോകുന്നുവെന്നും ലോഞ്ച് ചെയ്യുന്നതിന് മുമ്പ് ചെറിയ ഫോണുകൾക്കുള്ള പോരായ്മയായ ബാറ്ററി ലൈഫ് പോലുള്ള ചില കാര്യങ്ങൾ ശരിയാക്കുമെന്നും പ്രതീക്ഷിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.