ചെറിയ നോച്ചും 120 Hz റിഫ്രഷ് റേറ്റുള്ള ഡിസ്പ്ലേയും; ഐഫോൺ 13ന്‍റെ വിശേഷങ്ങളറിയാം
text_fieldsആപ്പിൾ 13 സീരീസുമായി ബന്ധപ്പെട്ട പ്രധാന വിവരങ്ങളും വരും വർഷങ്ങളിൽ കമ്പനി ലോഞ്ച് ചെയ്യാനിരിക്കുന്ന സർപ്രൈസുകളെ കുറിച്ചും സുപ്രധാന സൂചനകൾ നൽകി പ്രമുഖ ആപ്പിൾ അനലിസ്റ്റായ മിങ്-ചി കുവോ. ഐഫോൺ 13ൽ മുൻ മോഡലുകളെ അപേക്ഷിച്ച് ചെറിയ നോച്ചായിരിക്കുമുണ്ടാവുകയെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ ഡിസ്പ്ലേയിൽ ആദ്യമായി 120Hz റിഫ്രഷ് റേറ്റും ആപ്പിൾ പരീക്ഷിക്കും. പുതിയ ഐഫോൺ എസ്ഇ, ഫോൾഡബ്ൾ ഐഫോൺ എന്നിവയെ കുറിച്ചും മിങ്-ചി കുവോ സൂചനകൾ നൽകി.
ഈ വർഷം ഐഫോൺ 12 സീരീസിലുണ്ടായത് പോലെ തന്നെ നാല് മോഡലുകൾ ഐഫോൺ 13ലുണ്ടാവും. ഐഫോൺ 13, 13പ്രോ, 13പ്രോ മാക്സ്, 13 മിനി എന്നിവയാണവ. 12 മിനി വിപണിയിൽ പ്രതീക്ഷിച്ച നേട്ടം കൊയ്തില്ലെങ്കിലും അത്തരം ഫോണുകൾ നിർമിക്കുന്നത് തുടരാൻ തന്നെയാണ് കമ്പനിയുടെ തീരുമാനം. പുതിയ മോഡലുകളിലും ലൈറ്റ്നിങ് കണക്ടറും ക്വാൽകോം സ്നാപ്ഡ്രാഗൺ X60 മോഡവും തുടർന്നേക്കും. 13ൽ വലിയ ബാറ്ററിയും ആപ്പിൾ ഉൾകൊള്ളിച്ചേക്കുമെന്ന് കുവോ പറഞ്ഞതായി മാക്റൂമേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.
ഡിസ്പ്ലേ, നോച്ച് മാറ്റങ്ങൾ
ആൻഡ്രോയ്ഡ് ഫോണുകളിൽ ഡിസ്പ്ലേയിൽ വലിയ പരിണാമങ്ങളും നൂതനമായ മാറ്റങ്ങളും വർഷാവർഷം സംഭവിക്കുേമ്പാഴും കാലങ്ങളായി വലിയ നോച്ചോടുകൂടി എത്തുന്ന ഐഫോൺ അക്കാര്യത്തിൽ വലിയ മാറ്റത്തിന് മുതിർന്നിട്ടില്ല. എന്നാൽ, ഐഫോൺ 13 സീരീസ് അതിനൊരു അപവാദമായിരിക്കും. 120Hz റിഫ്രഷ് റേറ്റ് അവതരിപ്പിക്കാനായി LTPO ഡിസ്പ്ലേ ആപ്പിൾ പ്രോ മോഡലുകളിൽ പരീക്ഷിച്ചേക്കും. 13ൽ നോച്ചും ചെറുതാക്കാൻ കമ്പനി ശ്രമിച്ചേക്കും. കൂടാതെ പ്രോ മോഡലുകളിൽ പഞ്ച് ഹോൾ ഡിസ്പ്ലേ ആപ്പിൾ പരീക്ഷിക്കാൻ സാധ്യതയുണ്ടെന്നും കുവോ പറയുന്നു. അത്തരം ഫോണുകളിൽ ആപ്പിൾ ഫേസ് ഐഡി എങ്ങനെ സജ്ജീകരിക്കും എന്നതുമായി ബന്ധപ്പെട്ട് കുവോ വിശദീകരണം നൽകിയിട്ടില്ല.
എന്നാൽ, അത് പരിഹരിക്കാനായി പ്രോ മോഡലുകളിൽ അണ്ടർ-ഡിസ്പ്ലേ 3ഡി ഫേഷ്യൽ റെകഗ്നിഷൻ കമ്പനി ഉൾപെടുത്താൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുണ്ട്. പഞ്ച് ഹോളും നോച്ചുകളുമൊന്നുമില്ലാതെ ഇൻ-ഡിസ്പ്ലേ ടച്ച്-ഐഡിയോടെയുള്ള ഫുൾ സ്ക്രീൻ ഐഫോണുകൾ 2023 മധ്യത്തോടെ ലോഞ്ച് ചെയ്തേക്കുമെന്നും കുവോ സൂചന നൽകുന്നുണ്ട്.
മടക്കാവുന്ന ഡിസ്പ്ലേയോടെ വരുന്ന ഫോൾഡബ്ൾ ഐഫോണിൽ ആപ്പിൾ കാര്യമായ പരീക്ഷണങ്ങൾ നടത്തികൊണ്ടിരിക്കുകയാണ്. 7.5 മുതൽ എട്ട് ഇഞ്ച് വരെ ഡിസ്പ്ലേ വലിപ്പത്തോടെ വരാൻ പോകുന്ന ഇത്തരം ഐഫോൺ നിലവിൽ 2023ൽ ലോഞ്ച് ചെയ്യാനാണത്രേ കമ്പനി ലക്ഷ്യമിടുന്നത്. എന്നാൽ, അതിന്‍റെ സാങ്കേതിക വിദ്യയും മാസ് പ്രൊഡക്ഷനും എപ്പോൾ സാധ്യമാകുന്നോ, അതിനനുസരിച്ചായിരിക്കും പ്ലാൻ ചെയ്ത സമയത്തുള്ള ലോഞ്ചിങ്. അടുത്ത ഐഫോൺ എസ്ഇ 2022 പകുതിയോടെ മാത്രമേ ലോഞ്ച് ചെയ്യുകയുള്ളൂ എന്നും കുവോ വ്യക്തമാക്കി. 5ജി കണക്ടിവിറ്റിയോടെ എത്തുന്ന പുതിയ ജനറേഷൻ എസ്ഇയിൽ കാര്യമായ ഡിസൈൻ മാറ്റങ്ങൾ പ്രതീക്ഷിക്കാമെന്നും മിങ്-ചി കുവോ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.