ഐഫോൺ 15 പ്രോയിൽ എത്തുന്നു ‘ആക്ഷൻ ബട്ടൺ’; അറിയാം വിശേഷങ്ങൾ
text_fieldsആപ്പിൾ ഫ്ലാഗ്ഷിപ്പായ ഐഫോൺ 15 പ്രോ സീരീസിൽ ഫിസിക്കൽ ബട്ടണുകൾ ഉണ്ടാവില്ലെന്നും പകരം ഹെപ്റ്റിക് ഫീഡ്ബാക്ക് നൽകുന്ന സോളിഡ് സ്റ്റേറ്റ് ബട്ടണുകളായിരിക്കുമെന്നും നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ, ആപ്പിൾ ചില സാങ്കേതിക പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്നും, അത് കാരണം, ക്ലിക്ക് ചെയ്യാൻ കഴിയുന്ന തരത്തിലുള്ള ഫിസിക്കൽ ബട്ടണുകൾ തന്നെയാകും ഐഫോൺ 15 പ്രോയിൽ ഉണ്ടാവുകയെന്നുമാണ് അനലിസ്റ്റായ മിങ്-ചി കുവോ ഇപ്പോൾ പറയുന്നത്.
അതേസമയം, യു.എസ്.ബി-സി പോർട്ടിന് പുറമേ ബട്ടണുകളുടെ കാര്യത്തിൽ ആപ്പിൾ ഇത്തവണ വലിയൊരു മാറ്റം കൊണ്ടുവരുന്നുമുണ്ട്. ഫോണിൽ പുതുതായി ‘മ്യൂട്ട് ബട്ടൺ’ കൂടി ചേർക്കാൻ പോവുകയാണ് കൂപ്പർട്ടിനോ ഭീമൻ. ഐഫോണിലെ അലേർട്ട് സ്ലൈഡറിന് പകരമാവും പുതിയ മ്യൂട്ട് ബട്ടൺ എത്തുക. അതിന് ‘ആക്ഷൻ ബട്ടൺ’ എന്നാണ് പേര് നൽകിയിരിക്കുന്നതെന്നും മിങ്-ചി കുവോ സൂചന നൽകുന്നു.
എന്താണ് ആക്ഷൻ ബട്ടൺ..?
ഫോൺ എളുപ്പം സൈലന്റ് മോഡിലേക്ക് മാറ്റാനുള്ള ഓപ്ഷൻ ആയിട്ടായിരുന്നു അലേർട്ട് സ്ലൈഡർ ഐഫോണിൽ എത്തിയത്. യൂസർമാർക്ക് വളരെ ഉപകാരപ്രദമായ അലേർട്ട് സ്ലൈഡർ പോകുമ്പോൾ പകരമെത്തുന്നത് അതിലേറെ ഫീച്ചറുകളുള്ള ‘ആക്ഷൻ ബട്ടണാ’ണ്.
ആപ്പിൾ വാച്ച് അൾട്രയിലെ ബട്ടണിന്റെ പേരാണ് ഐഫോണിലെ പുതിയ ബട്ടണിനും നൽകിയിരിക്കുന്നത്. ഫോൺ മ്യൂട്ട് ചെയ്യൽ മാത്രമാകില്ല അതിന്റെ ജോലി, മറിച്ച് ആക്ഷൻ ബട്ടൺ ഉപയോഗിച്ച് വോയിസ് അസിസ്റ്റായ സിറി വിളിക്കാനും ചില ആപ്പുകൾ തുറക്കാനുമൊക്കെ സാധിക്കും.
ഐഫോൺ 15 പ്രോ - മറ്റ് സവിശേഷതകൾ
വലിപ്പം കൂടിയ പിൻ കാമറ ഹമ്പ്, കൂടുതൽ മികച്ച ഡിസ്‍പ്ലേ അനുഭവം നൽകാനായി വളരെ നേർത്ത ബെസലുകൾ, മുൻ മോഡലുകളെ അപേക്ഷിച്ച് പിടിക്കാൻ എളുപ്പം നൽകുന്ന രീതിയിൽ റൗണ്ടഡായുള്ള കോർണറുകൾ, എന്നിവയാണ് പുതിയ ഐഫോണിന്റെ മറ്റ് സവിശേഷതകൾ. പുതിയ ‘ഡീപ് റെഡ് കളർ’ ഓപ്ഷനും ഐഫോൺ 15 പ്രോ സീരീസിൽ ആപ്പിൾ ഉൾപ്പെടുത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.