ഐഫോൺ 15 പ്രോയിലെ ‘ആക്ഷൻ ബട്ടൺ’ ദേ ഇങ്ങനെയിരിക്കും; പുതിയ റെൻഡറുകൾ ലീക്കായി
text_fieldsആപ്പിളിന്റെ ഐഫോൺ 15 സീരീസ് ഏതാനും മാസങ്ങൾക്കുള്ളിൽ ലോഞ്ച് ചെയ്യാൻ ഒരുങ്ങുകയാണ്. കാര്യമായ ഡിസൈൻ മാറ്റങ്ങളോടെയാണ് പുതിയ ഐഫോൺ എത്തുന്നതെന്ന റിപ്പോർട്ടുകളുണ്ട്. ഇപ്പോൾ ഐഫോണുകളിലുള്ള അലേർട്ട് സ്ലൈഡറിന് പകരം എത്തുന്ന ‘മ്യൂട്ട് ബട്ടൺ’ ആണ് ഏറ്റവും പ്രധാനപ്പെട്ട മാറ്റങ്ങളിലൊന്ന്.
പുതിയ ഐഫോണിന്റെ ചില റെൻഡറുകൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. മ്യൂട്ട് ബട്ടൺ എങ്ങനെയായിരിക്കും എന്ന് ആകാംക്ഷയുള്ളവർക്കായി അതിന്റെ ചിത്രം ചുവടെ നൽകിയിരിക്കുന്നു. 9To5Mac ആണ് റെൻഡറുകൾ പുറത്തുവിട്ടത്. ആപ്പിൾ വാച്ച് അൾട്രായിലെ "ആക്ഷൻ" ബട്ടണിന് സമാനമായി പുതിയ ബട്ടണിന് പ്രവർത്തിക്കാൻ കഴിയുമെന്നാണ് പറയുന്നത്.
ഫോൺ സൈലന്റ് ആക്കുന്നതിനും റിങ് മോഡിലേക്ക് മാറ്റുന്നതിനുമുള്ള എളുപ്പവഴി ആയാണ് ആപ്പിൾ അലേർട്ട് സ്ലൈഡർ ഫോണിൽ അവതരിപ്പിച്ചത്. എന്നാൽ, ഐഫോൺ 15 സീരീസ് മുതൽ മ്യൂട്ട് ബട്ടൺ ആയിരിക്കും പകരമായി എത്തുക. അതിന് ചില എക്സ്ട്രാ ഫീച്ചറുകളുമുണ്ട്. റിംഗ്/സൈലന്റ് മോഡുകളിലേക്ക് മാറ്റാൻ കഴിയുന്നതിനൊപ്പം ഡുനോട്ട് ഡിസ്റ്റർബ് മോഡും ഫ്ലാഷ്‌ലൈറ്റ് പോലുള്ള സിസ്റ്റം ഫംഗ്‌ഷനുകളും തെരഞ്ഞെടുക്കാൻ പുതിയ മ്യൂട്ട് ബട്ടൺ ഉപയോഗപ്പെടുത്താമെന്ന് 9To5Mac റിപ്പോർട്ട് ചെയ്യുന്നു. അതേസമയം, ഐഫോൺ 15 പ്രോ മോഡലുകൾക്ക് മാത്രമായി "ആക്ഷൻ" ബട്ടൺ പരിമിതപ്പെടുത്തിയേക്കുമെന്ന അഭ്യൂഹവുമുണ്ട്.
വളരെ നേർത്ത ബെസലുകളും ചാർജ് ചെയ്യുന്നതിനും ഡാറ്റ കൈമാറുന്നതിനുമൊക്കെയായി പുതിയ യു.എസ്.ബി-സി പോർട്ടും പുതിയ ഐഫോൺ 15 സീരീസിലെത്തുന്ന വലിയ മാറ്റങ്ങളാണ്. അതുപോലെ, ഐ.ഒ.എസ് 17 പതിപ്പും എ17 ബയോണിക് ചിപ്സെറ്റും നിരവധി മാറ്റങ്ങളും അപ്ഗ്രേഡുകളുമൊക്കെയായി ഞെട്ടിക്കുമെന്ന സൂചനകളുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.