22,522 രൂപയ്ക്ക് ഐഫോൺ? ആപ്പിൾ ഞെട്ടിക്കുമെന്ന് അനലിസ്റ്റുകൾ, മാർച്ചിലെ ലോഞ്ചിനായി കാത്ത് ടെക് ലോകം
text_fields2020-ലായിരുന്നു ആപ്പിൾ അവരുടെ രണ്ടാം തലമുറ ഐഫോൺ എസ്.ഇ അവതരിപ്പിച്ചത്. ചെറിയ ഐഫോണുകളോടും ആപ്പിളിന്‍റെ ടച്ച് ഐഡിയോടും ഭ്രമമുള്ളവർ ഐഫോൺ എസ്.ഇ 2020 വാങ്ങിയിരുന്നു. ഐഫോൺ ഫ്ലാഗ്ഷിപ്പുകൾ സ്വന്തമാക്കാൻ കാശില്ലാത്തവരും എസ്.ഇ മോഡലിന് പിറകേ പോയി. എന്നാലും കുറഞ്ഞ സൈസിലുള്ള ബാറ്ററി എസ്.ഇയുടെ വലിയൊരു പോരായ്മയായി മുഴച്ചു നിന്നിരുന്നു.
ഐഫോൺ എസ്.ഇയുടെ പുതുക്കിയ മോഡൽ മാർച്ച് എട്ടിന് ആപ്പിൾ അവതരിപ്പിക്കുമെന്ന് റിപ്പോർട്ടുകൾ പ്രചരിക്കവേ, ഫോണിന്‍റെ വിലയെ കുറിച്ച് ടെക് വിദഗ്ധർ സൂചന നൽകിയിരിക്കുകയാണ്. 300 ഡോളർ മുതലായിരിക്കും എസ്.ഇ 2022 വകഭേദത്തിന് ആപ്പിൾ വിലയിടുകയെന്നാണ് അനലിസ്റ്റായ ജോൺ ഡോനവൻ പറയുന്നത്. അതായത് 22,000 രൂപ മുതൽ. ഐഫോൺ എസ്.ഇ 2020 മോഡലിനേക്കാൾ 99 ഡോളർ കുറവാണ് പുതിയ എസ്.ഇക്ക്. അതേസമയം, മറ്റൊരു അനലിസ്റ്റായ ഡാനിയൽ ഐവ്സ് ആപ്പിൾ 399 ഡോളറെന്ന വില തന്നെ തുടർന്നേക്കുമെന്നാണ് പറയുന്നത്. അതേസമയം, 300 ഡോളറിന് അവതരിപ്പിച്ചാലും ഇന്ത്യയിലേക്ക് എത്തുമ്പോൾ ഫോണിന് സ്വാഭാവികമായും അൽപ്പം വില കൂടിയേക്കും.
iPhone SE+ 5G എന്ന പേരിൽ വരാൻ സാധ്യതയുള്ള പുതിയ ഐഫോൺ എസ്.ഇ, 5G പിന്തുണ, മെച്ചപ്പെട്ട ക്യാമറ, കഴിഞ്ഞ വർഷം ഐഫോൺ 13 ലൈനപ്പിൽ അരങ്ങേറിയ ആപ്പിളിന്റെ A15 ബയോണിക് ചിപ്പ് എന്നിവയും ഫോണിന്‍റെ പ്രത്യേകതയായിരിക്കും. 300 ഡോളറിന് ഈ സവിശേഷതകൾ ലഭിക്കുന്നത് ഐഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഏറെ ആവേശം നൽകിയേക്കും. എന്നാൽ, സവിശേഷതകളിലുള്ള മാറ്റം ഡിസൈനിൽ പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് സൂചന. 2017ൽ ലോഞ്ച് ചെയ്ത ഐഫോൺ 8ന്‍റെ അതേ രൂപം തന്നെയാണ് പുതിയ ഐഫോൺ എസ്.ഇക്കും ആപ്പിൾ നൽകുക.
കുറഞ്ഞ വിലയിൽ ഐഫോൺ എത്തിക്കുക വഴി ആൻഡ്രോയ്ഡ് യൂസർമാരെ ആകർഷിക്കാനാണ് ആപ്പിൾ ഉദ്ദേശിക്കുന്നത്. പക്ഷെ, 4.7-ഇഞ്ച് സ്‌ക്രീനും തടിച്ച ബെസലുകളും പഴഞ്ചൻ രൂപവും എത്രത്തോളം പുതിയ യൂസർമാരെ എസ്.ഇയിലേക്ക് അടുപ്പിക്കുമെന്ന് കണ്ടറിയണം. പ്രത്യേകിച്ച് ആൻഡ്രോയ്ഡ് ഫോണുകൾ മികച്ച ഡിസ്പ്ലേ സവിശേഷതകളോടെ കുറഞ്ഞ വിലയിൽ ലഭിക്കുന്ന കാലത്ത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.