ഐഫോൺ എസ്.ഇ 4 എത്തുക ഐഫോൺ 15 പ്രോയിലെ ഈ ഫീച്ചറുമായി
text_fieldsമാക്‌റൂമേഴ്‌സിന്റെ സമീപകാല റിപ്പോർട്ട് അനുസരിച്ച് ഐഫോൺ എസ്ഇ 4, ഐഫോൺ 14 എന്ന മോഡലിന്റെ ഡിസൈനിലാകുമെത്തുക. ഇത് ഐഫോൺ എസ്ഇ സീരീസിലേക്ക് വരുന്ന ഒരു പ്രധാന മാറ്റമായിരിക്കും. ഐഫോൺ 8 -ന്റെ രൂപ ഭാവത്തിലായിരുന്നു ആപ്പിൾ ഇതുവരെ എസ്.ഇ മോഡലുകൾ ഇറക്കിയിരുന്നത്. എന്തായാലും പുതിയ മാറ്റം ആളുകളെ ആകർഷിക്കുമെന്ന കാര്യം തീർച്ചയാണ്.
നേരത്തെ എസ്.ഇയുമായി ബന്ധപ്പെട്ട് ഐഫോൺ എക്സ്.ആറിന് സമാനമായ ഡിസൈൻ ടിപ്പ് ചെയ്‌തിരുന്നു. എന്നാൽ, ഔട്ട്ഡേറ്റഡായ ഡിസൈൻ സ്വീകരിക്കാതെ കുറച്ചുകൂടി പുതിയ രൂപത്തിൽ എസ്.ഇ ഇറക്കാനാണ് ആപ്പിൾ ആഗ്രഹിക്കുന്നതെന്നാണ് സൂചന. അതേസമയം, പിന്നിൽ ഒരൊറ്റ ക്യാമറയുമായി എസ്.ഇ 4 വരുമെന്നും ഐഫോൺ XR അല്ലെങ്കിൽ iPhone SE 3 എന്നിവയെ അനുസ്മരിപ്പിക്കുന്ന ബാക്ക് ഡിസൈൻ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
ഇവ കൂടാതെ രണ്ട് കിടിലൻ മാറ്റങ്ങളും എസ്.ഇ നാലാം ജനറേഷനിലേക്ക് കൊണ്ടുവരുന്നുണ്ട്. അതിലൊന്ന് ആക്ഷൻ ബട്ടൺ ആണ്. ഐഫോൺ 15 പ്രോ സീരീസിലുള്ള ആക്ഷൻ ബട്ടൺ നിലവിലെ അലേർട്ട് സ്ലൈഡറിന് പകരമെത്തിയ ഫീച്ചറാണ്. എസ്.ഇ പോലുള്ള മധ്യനിര മോഡലിൽ ആ ഫീച്ചർ എത്തുന്നത് മികച്ച കാര്യമാണ്.
യു.എസ്.ബി-സി പോർട്ടാണ് മറ്റൊരു പ്രധാന മാറ്റം. ഇനി വരാനിരിക്കുന്ന ഐഫോണുകളിലെല്ലാം തന്നെ സി-പോർട്ട് തന്നെയാകും ഉൾപ്പെടുത്തുക. പഴയ എസ്.ഇകളിലെ ടച്ച് ഐഡിക്ക് പകരം മുൻവശത്ത് നോച്ച് നൽകി ഫേസ് ഐഡിയാകും ആപ്പിൾ ഉൾപ്പെടുത്തുക. എൽ.സി.ഡി ഡിസ്‍പ്ലേക്ക് പകരമായി ഒ.എൽ.ഇ.ഡി ഡിസ്‍പ്ലേയും പ്രതീക്ഷിക്കാം.
48 മെഗാപിക്സലിന്റെ ക്യാമറയാകും ഫോണിലെത്തുക എന്നുള്ള സൂചനയുമുണ്ട്. എ17 പ്രോ, അല്ലെങ്കിൽ എ18 ബയോണിക് ചിപ് ആകും എസ്.ഇ 4ന് കരുത്തേകുക. ബാറ്ററിയിലും പ്രകടനത്തിലും വലിയ മാറ്റങ്ങളോടെയാകും ഫോൺ എത്തുക. അതേസമയം, ഇത്തരം അപ്ഗ്രേഡുകൾ വരുന്നതോടെ ഫോണിന്റെ വില അൽപ്പം ഉയരാനും സാധ്യതയുണ്ട്. 399 ഡോളിറനായിരുന്നു ഐഫോൺ എസ്ഇ 2 വിപണിയിലെത്തിയത്. എന്നാൽ, എസ്ഇ 3-ക്ക് 429 ഡോളറായി വില വർധിക്കുകയുണ്ടായി. എസ്.ഇ നാലാം ജനറേഷന് അതിലേറെ നൽകേണ്ടതായി വരും. 600 ഡോളർ വരെ പോകുമെന്നാണ് സൂചന.
ഐഫോൺ എസ്.ഇ 4 2024 അവസാനമോ, 2025-ലോ ലോഞ്ച് ചെയ്യാനാണ് സാധ്യതയെന്നുള്ള റിപ്പോർട്ടുണ്ട്. ഐഫോൺ കഴിഞ്ഞ വർഷം അവതരിപ്പിച്ച മിനി മോഡലുകളുടെ വലിപ്പത്തിലാണ് എസ്.ഇ പുതിയ ജനറേഷൻ ആളുകൾ പ്രതീക്ഷിക്കുന്നത്. ഐഫോൺ 13 മിനി എന്ന മോഡലോടെ അവസാനിപ്പിച്ച കുഞ്ഞൻ ഡിസൈൻ എസ്.ഇ 4-ലൂടെ തിരിച്ച് വരുന്നതും കാത്തിരിക്കുകയാണ് ഐഫോൺ ഫാൻസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.