കാണാൻ സുന്ദരൻ, പ്രകടനത്തിൽ ഭയങ്കരൻ; ഐക്യൂ നിയോ 9 പ്രോ പ്രീ-ബുക്കിങ് തുടങ്ങി
text_fieldsഐക്യൂ (iQOO) എന്ന ചൈനീസ് സ്മാർട്ട്ഫോൺ ബ്രാൻഡിന് ഇപ്പോൾ ഇന്ത്യയിൽ ഏറെ ആരാധകരുണ്ട്. വിവോ ഓൺലൈൻ എക്സ്ക്ലൂസീവായി അവതരിപ്പിച്ച സബ്-ബ്രാൻഡാണ് ഐക്യൂ. കുറഞ്ഞ വിലക്ക് പ്രീമിയം സവിശേഷതകളുള്ള സ്മാർട്ട്ഫോണുകളാണ് ഐക്യൂ ലോഞ്ച് ചെയ്യാറുള്ളത്. ഐക്യുവിന്റെ ജനപ്രീയ സീരീസാണ് ‘നിയോ’ സീരീസ്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഐക്യൂ നിയോ 7, 7 പ്രോ സ്മാർട്ട്ഫോണുകൾ ചൂടപ്പം പോലെയായിരുന്നു വിറ്റുപോയത്. ഫ്ലാഗ്ഷിപ്പ് പ്രൊസസറുകളാണ് മിഡ്-റേഞ്ച് മോഡലുകളായ നിയോ 7 സീരീസിന് കരുത്തേകുന്നത്. അതുകൊണ്ട് തന്നെ ഗെയിമർമാർക്ക് ഏറെ പ്രിയമാണ് ഈ ഫോണുകൾ.
ഇപ്പോഴിതാ ഐക്യൂ നിയോ 9 പ്രോ ഇന്ത്യയിൽ എത്തിച്ചിരിക്കുകയാണ് കമ്പനി. ഫോണിന്റെ പ്രീ ബുക്കിങ് ഫെബ്രുവരി എട്ട് മുതൽ ആരംഭിച്ചുകഴിഞ്ഞു. ആമസോണിൽ നിന്നും, ഐക്യൂവിന്റെ (iQOO) ഔദ്യോഗിക ഇന്ത്യൻ വെബ്‌സൈറ്റിൽ നിന്നുമെല്ലാം ഫോൺ മുൻകൂറായി ബുക്ക് ചെയ്യാം.
നേരത്തെ ചൈനയിൽ അവതരിപ്പിച്ച ഐക്യൂ നിയോ 9 സീരീസിൽ 9 പ്രോ മാത്രമാണ് ഇന്ത്യയിൽ നിലവിൽ ലോഞ്ച് ചെയ്യുന്നത്. അതേസമയം ഇന്ത്യയിലെ വില അടക്കമുള്ള കാര്യങ്ങൾ ഇപ്പോൾ പുറത്തുവിട്ടിട്ടില്ല. എന്നാൽ ലീക്കുകൾ പ്രകാരം നിയോ 9 പ്രോയുടെ 8GB റാം + 256GB സ്റ്റോറേജ് വകഭേദം 37,999 രൂപക്കായിരിക്കും ഇന്ത്യയിലെത്തുക. 3000 രൂപ ബാങ്ക് ഡിസ്കൗണ്ട് അടക്കം ഫോൺ 35,000 രൂപക്ക് സ്വന്തമാക്കാം.
ഫോൺ പ്രീ ബുക്ക് ചെയ്യാൻ 1000 രൂപ മാത്രം മുടക്കിയാൽ മതി. അത് കാൻസൽ ചെയ്യുമ്പോൾ പണം റീഫണ്ടായി ലഭിക്കും. ഫോൺ വാങ്ങുകയാണെങ്കിൽ വിലയിൽ നിന്ന് 1000 കുറയുകയും ചെയ്യും.
ഐക്യൂ നിയോ 9 പ്രോ സവിശേഷതകൾ
ഡിസൈനാണ് ഐക്യൂവിൽ ആദ്യം തന്നെ നിങ്ങളെ ആകർഷിക്കുക. മറ്റൊരു സ്മാർട്ട്ഫോണിലും കണ്ടിട്ടില്ലാത്ത തരം വ്യത്യസ്തമായ രൂപഭാവങ്ങളാണ് ഫോണിന്. ഗ്ലോസി ഫിനിഷുള്ള കോൺക്വറർ ബ്ലാക്ക്, ഡ്യുവൽ-ടോൺ ഫോക്‌സ് ലെതർ ബാക്ക് പാനലുള്ള ‘ഫിയറി റെഡ്’ എന്നീ രണ്ട് കളർ ഓപ്ഷനുകളിലാണ് നിയോ 9 പ്രോ ഇന്ത്യയിലെത്തുന്നത്. ഇതിൽ ഫിയറി റെഡാണ് കിടിലൻ.
പിന്നെ എടുത്തുപറയേണ്ടത് ഫോണിന്റെ പ്രകടനമാണ്. ഗംഭീരമായ ഗെയിമിങ് അനുഭവം നൽകാനായി മെച്ചപ്പെടുത്തിയ സൂപ്പർകമ്പ്യൂട്ടിങ് ക്യൂ1 ചിപ്പുമായിട്ടാണ് നിയോ 9 പ്രോ എത്തുന്നത്. സ്നാപ്ഡ്രാഗൺ 8 ജെൻ 2 ചിപ്സെറ്റാണ് ഫോണിന് കരുത്തേകുന്നത്. കഴിഞ്ഞ വർഷത്തെ ഫ്ലാഗ്ഷിപ്പ് പ്രൊസസർ മിഡ്-റേഞ്ച് ഫോണിൽ ഉൾപ്പെടുത്തി ഞെട്ടിക്കുകയാണ് ഐക്യൂ. 144Hz റിഫ്രഷ് റേറ്റും 3,000 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസുമുള്ള 6.78-ഇഞ്ച് LTPO അമോലെഡ് ഡിസ്‌പ്ലേയാണ് ഫോണിന് നൽകിയിട്ടുള്ളത്.
f/1.88 അപ്പർച്ചറുള്ള 50 എംപിയുടെ സോണി IMX920 വിസിഎസ് ബയോണിക് ക്യാമറയ്ക്കൊപ്പം 50 എംപി അൾട്രാ വൈഡ് ആംഗിൾ ക്യാമറയാണ് പ്രതീക്ഷിക്കുന്നത്. ഫ്രണ്ട് ക്യാമറ 16 മെഗാപിക്സലിന്റേതായിരിക്കും. 120 വാട്ട് വരെയുള്ള ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5,160 എംഎഎച്ച് ബാറ്ററിയാകും ഫോണിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.