ഏറ്റവും വില കുറഞ്ഞ 4ജി സ്മാർട്ട്ഫോൺ ഉടനെത്തും; ലോഞ്ച് ഡേറ്റ് പുറത്തുവിട്ട് ജിയോ
text_fieldsഈ വർഷം ആദ്യം റിലയൻസ് ജിയോ അതിന്റെ വാർഷിക പൊതുയോഗത്തിൽ (AGM) ജിയോഫോൺ നെക്സ്റ്റ് അവതരിപ്പിച്ചപ്പോൾ, സെപ്റ്റംബർ 10ന് ഫോൺ വിൽപ്പനയ്ക്ക് ലഭ്യമാക്കുമെന്നായിരുന്നു പ്രഖ്യാപിച്ചത്. എന്നാൽ, നിലവിലുള്ള ചിപ്പ് ക്ഷാമവും മറ്റ് ഘടകങ്ങളുടെ അഭാവവും കാരണം, ഈ വർഷത്തെ ദീപാവലി വരെ ലോഞ്ച് വൈകി. ഇപ്പോൾ, റിലയൻസ് ജിയോ അതിന്റെ ഏറ്റവും വിലകുറഞ്ഞ 4G സ്മാർട്ട്‌ഫോണായ JioPhone Next, നവംബർ നാലിന് ദീപാവലി സമയത്ത് തന്നെ അവതരിപ്പിക്കുമെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ്.
അതേസമയം, ജിയോഫോൺ നെക്‌സ്റ്റിന്റെ ഔദ്യോഗിക വിലയും പ്രധാന സവിശേഷതകളും ഇപ്പോഴും കമ്പനി മറച്ചുവെച്ചിരിക്കുകയാണ്. എന്നാൽ, വില 3,499 രൂപയായിരിക്കുമെന്ന് മുൻ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. ഗൂഗിളുമായി സഹകരിച്ച് ജിയോ രൂപകൽപ്പന ചെയ്ത ബജറ്റ് 4ജി ഫോണായ ജിയോഫോൺ നെക്സ്റ്റിൽ ആൻഡ്രോയ്ഡ് 11-െൻറ ഗോ എഡിഷനായിരിക്കും ഉണ്ടാവുക. ഗൂഗ്ൾ ലോവർ-എൻഡ് ഫോണുകൾക്ക് മാത്രമായി വികസിപ്പിച്ചെടുത്തതാണ് ഗോ എഡിഷൻ. ഗൂഗ്ൾ-ജിയോ സഹകരണത്തോടെയുളള ഫോണിൽ ആൻഡ്രോയിഡ് അധിഷ്ഠിത 'പ്രഗതി ഓപ്പറേറ്റിംഗ് സിസ്റ്റം' ആയിരിക്കും ഉണ്ടായിരിക്കുക.
ജിയോ സാവൻ, ജിയോ ടിവി, മൈ ജിയോ തുടങ്ങിയ ജിയോ ആപ്പുകൾ എല്ലാം തന്നെ ജിയോഫോൺ നെക്സ്റ്റിലുണ്ടാവും. കൂടെ ഗൂഗ്ൾ ആപ്പുകളുടെ ഗോ എഡിഷൻ വകഭേദങ്ങളും ഫോണിൽ ഉൾപ്പെടുത്തും.
5.5 ഇഞ്ച് വലിപ്പമുള്ള എച്ച്.ഡി പ്ലസ് ഡിസ്പ്ലേ ആയിരിക്കും ഫോണിൽ. പോളി കാർബണേറ്റ് ബാക് പാനൽ ജിയോഫോൺ നെക്സ്റ്റിന് കുറഞ്ഞ ഭാരം സമ്മാനിക്കും. 13 മെഗാപിക്സലുള്ള ഒറ്റ പിൻകാമറയും 8 മെഗാപിക്സലുള്ള മുൻ കാമറയും ഫോണിൽ നൽകിയിട്ടുണ്ട്. ക്വാൽകോം സ്നാപ്ഡ്രാഗൺ 215 ചിപ്‌സെറ്റിനൊപ്പം 3 ജിബി റാമും 32 ജിബി വരെ ഇഎംഎംസി 4.5 സ്റ്റോറേജും ഫോണിൽ പ്രതീക്ഷിക്കാം. 2,500 എംഎഎച്ച് ആണ് ബാറ്ററി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.