മിന്നൽ വേഗത്തിൽ ചാർജ്, 200 മെഗാപിക്സൽ കാമറ; റെഡ്മി നോട്ട് 12 സീരീസ് ഇന്ത്യ ലോഞ്ച് ഉടൻ
text_fieldsഷവോമി റെഡ്മി ബ്രാൻഡിന് കീഴിൽ അവരുടെ തുറുപ്പുചീട്ടായ നോട്ട് സീരീസുമായി എത്തിയിരിക്കുകയാണ്. ചൈനയിൽ കഴിഞ്ഞ ദിവസം അവതരിപ്പിച്ച മോഡൽ ഇന്ത്യയിൽ വൈകാതെ തന്നെ ലോഞ്ച് ചെയ്യുമെന്ന സൂചനയുമായി റെഡ്മി സമൂഹ മാധ്യമങ്ങളിൽ എത്തിയിട്ടുണ്ട്. റെഡ്മി നോട്ട് 12 സീരീസിൽ മൂന്ന് ഫോണുകളായിരിക്കും ഉണ്ടായിരിക്കുക.
ഐഫോണിനെ ഓർമിപ്പിക്കുന്ന കാമറ ഡിസൈനുമായി മൂന്ന് ഫോണുകളാണ് റെഡ്മിയുടെ പോസ്റ്റിലുള്ള ചിത്രത്തിൽ കാണാൻ കഴിയുക. റെഡ്മി നോട്ട് 12, നോട്ട് 12 പ്രോ, നോട്ട് 12 പ്രോ പ്ലസ് എന്നീ മോഡലുകളാണ് ഇത്തവണ ഇന്ത്യയിൽ അവതരിപ്പിക്കാൻ പോകുന്നത്.
ഡിസംബർ എട്ടിന് റിയൽമി അവരുടെ 10 പ്രോ സീരീസുമായി ഇന്ത്യയിൽ എത്താനിരിക്കെ, ഷവോമി അതിന്റെ എതിരാളിയായാണ് നോട്ട് 12 സീരീസിനെ ടീസ് ചെയ്തത്. അതേസമയം, ഫോണിന്റെ ലോഞ്ച് ഡേറ്റ് ഷവോമി ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഈ മാസം എന്തായാലും ഇന്ത്യയിൽ ഫോൺ എത്തുമെന്നാണ് പ്രതീക്ഷ.
റിയൽമി അവരുടെ 10 പ്രോ പ്ലസ് എന്ന മോഡലിൽ കർവ്ഡ് ഡിസ്‍പ്ലേയുമായാണ് എത്തുന്നത്. എന്നാൽ, റെഡ്മി നോട്ട് 12 സീരീസിലെ മൂന്ന് ഫോണുകളുടെ ഡിസ്‍പ്ലേകൾക്കും ഫ്ലാറ്റ് എഡ്ജ് ഡിസൈനാണ്. മീഡിയടെക് ഡൈമൻസിറ്റി 1080 എന്ന ചിപ്സെറ്റാണ് പ്രോ മോഡലുകൾക്ക് കരുത്തേകുന്നത്.
അതേസമയം, 6.67 ഇഞ്ച് വലിപ്പമുള്ള 120Hz അമോലെഡ് ഡിസ്‍പ്ലേ, 200 മെഗാപിക്സൽ ട്രിപ്പിൾ പിൻകാമറ, 120 വാട്ട് ഫാസ്റ്റ് ചാർജിങ് പിന്തുണ എന്നിങ്ങനെയായി റെഡ്മി നോട്ട് 12 പ്രോ പ്ലസിന് പ്രത്യേകതകൾ ഏറെയാണ്. മൂന്ന് നോട്ട് 12 ഫോണുകളും ആൻഡ്രോയ്ഡ് 13-നെ അടിസ്ഥാനമാക്കിയുള്ള എം.ഐ.യു.ഐ 13-ലാണ് പ്രവർത്തിക്കുന്നത്. നോട്ട് 12 പ്രോ എന്ന മോഡലിന്റെ ഫീച്ചറുകളും ഏകദേശം സമാനമാണെങ്കിലും 50 മെഗാപിക്സൽ കാമറ, 67 വാട്ട് ഫാസ്റ്റ് ചാർജിങ് പിന്തുണ എന്നിവയാണ് പ്രധാന മാറ്റങ്ങൾ.
നോട്ട് 12 എന്ന ബേസിക് മോഡലിന് രണ്ട് വകഭേദങ്ങളുണ്ട് അതിൽ നോട്ട് 12 5ജി എന്ന മോഡലിന് കരുത്തേകുക സ്നാപ്ഡ്രാഗൺ 4 ജെൻ 1 എന്ന ചിപ്സെറ്റാണ്. 48MP കാമറ, 33 വാട്ട് ഫാസ്റ്റ്ചാർജിങ് സപ്പോർട്ടുമുണ്ടാകും. റെഡ്മി നോട്ട് 12 എക്സ്‍പ്ലോറർ എഡിഷൻ എന്ന മോഡലിന് 12 പ്രോ പ്ലസിന്റെ ഫീച്ചറുകളും ഒപ്പം 210 വാട്ടിന്റെ അതിവേഗ ചാർജിങ് പിന്തുണയുമുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.