ഒടുവിൽ വില കുറഞ്ഞ ഫോണുമായി നത്തിങ്; ‘ഫോൺ 2എ’ ഈ ആഴ്ചയെത്തും, വിശേഷങ്ങളറിയാം
text_fieldsനത്തിങ് ഫോൺ 1, നത്തിങ് ഫോൺ 2 എന്നിവക്ക് ശേഷം പുതിയ സ്മാർട്ട്‌ഫോണുമായി എത്താൻ പോവുകയാണ് കാൾ പേയുടെ നത്തിങ് എന്ന ബ്രാൻഡ്. ഈ ആഴ്ച അതിന്റെ പ്രഖ്യാപനമുണ്ടായേക്കുമെന്നും റിപ്പോർട്ടുണ്ട്. ആൻഡ്രോയിഡ് സെൻട്രലിന്റെ ഒരു റിപ്പോർട്ട് അനുസരിച്ച്, ബ്രിട്ടീഷ് ഇലക്ട്രോണിക് ബ്രാൻഡായ നതിങ് തങ്ങളുടെ ആദ്യ മിഡ്റേഞ്ച് ഫോണുമായാണ് എത്തുന്നത്. ‘നത്തിങ് ഫോൺ 2എ’ എന്നാണ് ഫോണിന്റെ പേര്.
നത്തിങ്ങ് അവരുടെ എക്സ് (മുമ്പ് ട്വിറ്റർ) ബയോ പുതിയ ലോഞ്ചിന്റെ സൂചന നൽകിക്കൊണ്ട് അപ്ഡേറ്റ് ചെയ്തിരുന്നു. something is coming this week എന്നാണ് ഇപ്പോൾ ബയോയിൽ ഉള്ളത്. ഇന്ത്യൻ സ്മാർട്ട്ഫോൺ പ്രേമികൾക്ക് ആവശേം പകർന്നുകൊണ്ട് നത്തിങ്ങിന്റെറ വരാനിരിക്കുന്ന മിഡ് റേഞ്ച് സ്മാർട്ട്‌ഫോൺ ഇന്ത്യയിലെ റെഗുലേറ്ററി ഡാറ്റാബേസായ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സിൽ (ബി.ഐ.എസ്) പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ബി.ഐ.എസ് അംഗീകാരം ലഭിച്ച സ്ഥിതിക്ക് ഫോൺ ഇന്ത്യയിൽ എന്തായാലും എത്തിയേക്കും.
120Hz വരെ റിഫ്രഷ് റേറ്റുള്ള 6.7 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാണ് നത്തിങ് ഫോൺ 2എയിൽ പ്രതീക്ഷിക്കുന്നതെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. ഡിസ്പ്ലേ പാനലിന് ഒരു പഞ്ച്-ഹോൾ ഡിസൈൻ ഉണ്ടായിരിക്കും കൂടാതെ 16 മെഗാപിക്സൽ സെൽഫി ക്യാമറയും ഉണ്ടായിരിക്കും. 50 മെഗാപിക്‌സൽ പ്രൈമറി സെൻസറായിരിക്കും പിറകിൽ ഉണ്ടായിരിക്കുക.
സ്മാർട്ട്‌ഫോണിന് കരുത്തേകുന്ന പ്രോസസർ ഉൾപ്പെടെ നിരവധി പ്രധാന സവിശേഷതകളും ഹാർഡ്‌വെയർ വിശദാംശങ്ങളും ഇപ്പോഴും അജ്ഞാതമാണ്. എന്നിരുന്നാലും, ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള നത്തിങ് ഒ.എസ് 2.5 ൽ സ്മാർട്ട്‌ഫോൺ പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി റിപ്പോർട്ട് പറയുന്നുണ്ട്.
എ-സീരീസ് ലൈനപ്പിനൊപ്പം മിഡ് റേഞ്ച് സെഗ്‌മെന്റിനെ ലക്ഷ്യമിടാനാണ് നത്തിങ് ഉദ്ദേശിക്കുന്നത്. നത്തിങ് നേരത്തെ ലോഞ്ച് ചെയ്ത ഫോൺ 1, ഫോൺ 2 എന്നിവയേക്കാൾ കുറവായിരിക്കും ഫോൺ 2എ-യുടെ വില. 12 ജിബി വരെ റാമും 512 ജിബി വരെ ഓൺ-ബോർഡ് സ്റ്റോറേജുമുള്ള നത്തിങ് ഫോൺ (2) ഈ വർഷം ജൂലൈയിലായിരുന്നു അവതരിപ്പിച്ചത്. 44,999 രൂപ മുതലായിരുന്നു ഫോണിന്റെ വില. പുതിയ നത്തിങ് ഫോണിന് 30000 രൂപ മുതലാണ് വില പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.