ഫോൾഡബിൾ ഫോണിന് വമ്പൻ കിഴിവുമായി മോട്ടോ; റേസർ 40 അൾട്ര ഫ്ലാഗ്ഷിപ്പ് സ്വന്തമാക്കാം
text_fieldsഫോൾഡബിൾ ഫോണുകൾ സ്വന്തമാക്കാൻ ആഗ്രമില്ലാത്തവർ ചുരുക്കമാണ്. സാംസങ്ങിന്റെ സീ ഫോൾഡ് സീരീസിലുള്ള ഫോൾഡബിൾ ഫോണും ഫ്ലിപ് ഫോണുമൊക്കെ ആരെയും കൊതിപ്പിക്കുന്നതാണ്. കൊറിയൻ ഭീമന്റെ പാത പിന്തുടർന്ന് ഗൂഗിളും മോട്ടറോളയും വൺപ്ലസും ഒപ്പോയും വിവോയും ഷവോമിയുമൊക്കെ അവരുടെ മടക്കാവുന്ന ഫോണുകളുമായി വിപണിയിലെത്തി. എന്നാൽ, ആറക്കം കടന്നുള്ള വിലയാണ് ഇത്തരം നൂതന ഫോണുകൾ വാങ്ങുന്നതിൽ നിന്ന് ആളുകളെ പിന്നോട്ടുവലിക്കുന്നത്.
എന്നാൽ, ഇപ്പോഴിതാ മോട്ടറോള അവരുടെ ഫ്ലാഗ്ഷിപ്പ് ഫ്ലിപ്ഫോണായ മോട്ടോ റേസറിന് 20000 രൂപ വരെ കിഴിവുമായി എത്തിയിരിക്കുകയാണ്. കുറഞ്ഞ വിലക്ക് ഒരു ഫ്ലിപ്ഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇതിലും മികച്ച അവസരമില്ല.
ഇന്ത്യയിൽ 89,999 രൂപക്ക് ലോഞ്ച് ചെയ്ത ഫോണായിരുന്നു മോട്ടോ റേസർ 40 അൾട്ര. എന്നാൽ, ലോഞ്ച് വിലയിൽ നിന്ന് ആകർഷകമായ ₹20,000 കിഴിവിൽ ഇനി മോട്ടോയുടെ ഫ്ലിപ് ഫോൺ സ്വന്തമാക്കാം. കിഴിവിന് ശേഷം ഈ പ്രീമിയം സ്മാർട്ട്‌ഫോൺ ₹69,999-ന് ലഭ്യമാകും.
അതേസമയം, മോട്ടോ റേസർ 40-ൻ്റെ വനില പതിപ്പിന് കമ്പനി ₹10,000 കിഴിവ് വാഗ്ദാനം ചെയ്യുന്നു. ഫോൺ ഇപ്പോൾ 44,999 രൂപക്ക് സ്വന്തമാക്കാം. എന്നാൽ, അത്രയും തുക നൽകാൻ മടിക്കുന്നവർ, ഇരുഫോണുകളുടെയും ഫീച്ചറുകൾ അറിയണം.
മോട്ടോ റേസർ 40 അൾട്ര
6.9 ഇഞ്ച് വലിപ്പമുള്ള ഫുൾ എച്ച്ഡി പ്ലസ് പിഓലെഡ് LTPO പ്രധാന ഡിസ്‌പ്ലേയുമായിട്ടാണ് ഫോൺ എത്തുന്നത്. ഈ പാനലിന് 2640x1080 പിക്സൽ റസല്യൂഷൻ, 165Hz വരെ റീഫ്രഷ് റേറ്റ്, 1400 നിറ്റ്‌സ് വരെ പീക്ക് ബ്രൈറ്റ്നസ് എന്നിവയുമുണ്ട്. 3.6 ഇഞ്ച് വലിപ്പമുള്ള പിഓലെഡ് ഔട്ടർ ഡിസ്പ്ലേയുമുണ്ട്. അതിന് 1066 x 1056 പിക്സൽ റെസല്യൂഷനാണുള്ളത്. കൂടാതെ 144Hz വരെ റീഫ്രഷ് റെയ്റ്റും 1100 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്നസുമുണ്ട്.
ക്വാൽകോം സ്നാപ്ഡ്രാഗൺ 8 ജെൻ 1ചിപ്സെറ്റാണ് ഫോണിന് കരുത്തേകുന്നത്. 8GB LPDDR5 റാമും 256GB UFS 3.1 സ്റ്റോറേജും നൽകിയിട്ടുണ്ട്. സുരക്ഷക്കായി മുന്നിലും പിന്നിലും കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസുമുണ്ട്.
രണ്ട് പിൻ ക്യാമറകളാണുള്ളത്. ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷന്റെ (ഒ.ഐ.എസ്) പിന്തുണയുള്ള 12 എംപി സെൻസറാണ് പ്രധാന ക്യാമറ. 13 എംപിയുടെ അൾട്രാ വൈഡ് ആംഗിൾ പ്ലസ് മാക്രോ സെൻസറുമുണ്ട്.
ഡോൾബി അറ്റ്‌മോസ് പിന്തുണയുള്ള ഡ്യുവൽ സ്റ്റീരിയോ സ്പീക്കറും 33വാട്ട് ടർബോ പവർ ഫാസ്റ്റ് ചാർജർ പിന്തുണക്കുന്ന 3,800 mAh ബാറ്ററിയും നൽകിയിട്ടുണ്ട്.
മോട്ടോ റേസർ 40
6.9 വലിപ്പമുള്ള അമോലെഡ് എൽ.ടി.പി.ഒ ഡിസ്‍പ്ലേയാണിതിന്. 1080x2640 പിക്സൽ റസല്യൂഷനുള്ള ഡിസ്‍പ്ലേക്ക് 144Hz റിഫ്രഷ് റേറ്റും 1400 നിറ്റ്സ് ബ്രൈറ്റ്നസും നൽകിയിട്ടുണ്ട്. അതേസമയം, ഔട്ടർ ഡിസ്‍പ്ലേ ഈ മോഡലിൽ അൽപം ചെറുതാണ്. 1.5 ഇഞ്ച് മാത്രമാണ് വലിപ്പം. 194 x 368 പിക്സൽ റസല്യൂഷനും 1000 നിറ്റ്സ് ബ്രൈറ്റ്നസുമൊക്കെയുണ്ട്.
ക്വാൽകോം 7 ജെൻ 1 എന്ന ചിപ്സെറ്റാണ് കരുത്തേകുന്നത്. 12 ജിബി വരെ റാമും 256 ജിബി വരെയുള്ള യുഎഫ്എസ് 2.1 സ്റ്റോറേജുമുണ്ട്. 64 എംപിയുടേതാണ് ക്യാമറ. 13 എംപി അൾട്രാവൈഡ് സെൻസറുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.