ലക്ഷങ്ങൾ മുടക്കണ്ട; സ്റ്റൈലസുള്ള മിഡ്-റേഞ്ച് ഫോണുമായി മോട്ടോ, മോട്ടോ ജി സ്റ്റൈലസ് 5ജി എത്തി
text_fieldsമോട്ടറോള പുതിയ മിഡ് റേഞ്ച് ഫോണുമായി എത്തുന്നു. മോട്ടോ ജി സ്റ്റൈലസ് 2023 5G (Moto G Stylus 2023 5G) എന്ന ഏറ്റവും പുതിയ ഫോണിൽ യുവാക്കളെ ആകർഷിക്കാനായി ഒരു ഫ്ലാഗ്ഷിപ്പ് ഫീച്ചർ കൂടി ചേർത്തിട്ടുണ്ട്. പേരിലുള്ളത് പോലെ തന്നെ ഫോണിനൊപ്പം ഒരു സ്റ്റൈലസും വരുന്നുണ്ട്. സാംസങ്ങിന്റെ ഗാലക്‌സി എസ് 23 അൾട്രയിലെ സ്റ്റൈലസ് (എസ് പെൻ) കണ്ട് കൊതി തോന്നിയവർക്ക് വാങ്ങാൻ പറ്റിയ മോഡലാണ് മോട്ടോ ജി സ്റ്റൈലസ്. കാരണം, എസ്23 അൾട്ര വാങ്ങാൻ ഒരു ലക്ഷത്തിലേറെ രൂപ നൽകണം. എന്നാൽ, മോട്ടോയുടെ പുതിയ ഫോണിന് അതിന്റെ നാലിലൊന്ന് പോലും ചിലവാക്കേണ്ടി വരില്ല.
മോട്ടോ ജി സ്റ്റൈലസ് - ഫീച്ചറുകൾ
മോട്ടോ ജി സ്റ്റൈലസിന്റെ 5G പതിപ്പ് പ്ലാസ്റ്റിക് ബിൽഡിലാണ് വരുന്നത്. വലിയ ക്യാമറ ഹൗസിംഗുകളുള്ള ചതുരാകൃതിയിലുള്ള ക്യാമറ ബമ്പ് പിറകിൽ കാണാം. മുൻ കാമറ പഞ്ച്-ഹോളിലാണ് സജ്ജീകരിച്ചിരിക്കുന്നത്. 6.6 ഇഞ്ച് വലിപ്പമുള്ള ഫുൾ എച്ച്‌ഡി+ എൽസിഡി ഡിസ്‌പ്ലേയാണ് കൂടാതെ 120Hz റിഫ്രഷ് റേറ്റിന്റെ പിന്തുണയുമുണ്ട്.
പുതിയ സ്നാപ്ഡ്രാഗൺ 6 Gen 1 ചിപ്‌സെറ്റാണ് ഫോണിന് കരുത്തേകുന്നത്. 6GB റാമും 256GB വരെയുള്ള സ്റ്റോറേജുമായാണ് ഫോൺ വരുന്നത്.
50 എംപി പ്രൈമറി സ്‌നാപ്പറും 8 എംപി അൾട്രാ വൈഡ് ലെൻസുമാണ് (ഇത് മാക്രോ, ഡെപ്ത് ക്യാമറകളുടെ ജോലി കൂടി ചെയ്യും) പിൻ ക്യാമറാ വിശേഷങ്ങൾ. 16എംപി സെൽഫി ഷൂട്ടറുമുണ്ട്. പോർട്രെയിറ്റ് മോഡ്, നൈറ്റ് വിഷൻ, ഡ്യുവൽ-വീഡിയോ മോഡ്, സ്ലോ-മോഷൻ വീഡിയോകൾ, 8x ഡിജിറ്റൽ സൂം എന്നിവയും അതിലേറെയും ക്യാമറ സവിശേഷതകളുമായാണ് മോട്ടോ ജി സ്റ്റൈലസ് 5G വരുന്നത്.
20W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 5,000mAh ബാറ്ററിയാണ് നൽകിയിരിക്കുന്നത്. NFC, 3.5mm ഓഡിയോ ജാക്ക്, ഡോൾബി അറ്റ്‌മോസോടുകൂടിയ ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകൾ, മെമ്മറി കാർഡിനുള്ള പിന്തുണ, Wi-Fi 802.11 a/b/g/n/ac, ബ്ലൂടൂത്ത് പതിപ്പ് 5.1 എന്നിവയാണ് മറ്റ് ഫീച്ചറുകൾ.
അമേരിക്കയിൽ 399.9 ഡോളറിനാണ് ഫോൺ ലോഞ്ച് ചെയ്തിരിക്കുന്നത്. അതായത് 32,000 ഇന്ത്യൻ രൂപ. നിലവിൽ ഇന്ത്യയിൽ ഫോൺ അവതരിപ്പിച്ചിട്ടില്ല. വൈകാതെ എത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.