വിലയിൽ മാറ്റമില്ല, കിടിലൻ ഫീച്ചറുകളുമായി ഐഫോൺ 15 ഉം ഐഫോൺ 15 പ്ലസും
text_fieldsപൊതുവെ പ്രോ മോഡലുകളെ അപേക്ഷിച്ച് ഐഫോൺ റെഗുലർ മോഡലുകളുടെ വിശേഷങ്ങളറിയാൻ ആളുകൾക്ക് താൽപര്യം കുറവായിരിക്കും, മുൻ വർഷത്തെ ചിപ്സെറ്റും ക്യാമറയിലും മറ്റും കാര്യമായ അപ്ഗ്രേഡുകളില്ലാത്തതുമൊക്കെയാണ് അതിന്റെ പ്രധാന കാരണങ്ങൾ. എന്നാൽ, ഇത്തവണ റെഗുലർ ഐഫോൺ മോഡലുകളിലും കാര്യമായ മാറ്റങ്ങളാണ് ആപ്പിൾ കൊണ്ടുവന്നിരിക്കുന്നത്. അതും കഴിഞ്ഞ വർഷത്തെ അതേ വിലയിൽ. ആപ്പിളിന്റെ വണ്ടർലസ്റ്റ് (Wonderlust) ഇവന്റിൽ ഏറെ കൈയ്യടി നേടാനും ഐഫോൺ 15 റെഗുലർ മോഡലുകൾക്ക് കഴിഞ്ഞു.
ഐഫോൺ 15, ഐഫോൺ 15 പ്ലസ് വിശേഷങ്ങൾ
ഐഫോൺ 15, 6.1 ഇഞ്ച് ഡിസ്‍പ്ലേ വലിപ്പവുമായി എത്തുമ്പോൾ, 15 പ്ലസിന്റെ ഡിസ്‍പ്ലേ വലിപ്പം 6.7 ഇഞ്ചാണ്. ഐഫോൺ 15 ഇ-സിം അടക്കം ഡ്യുവൽ സിം (നാനോ) പിന്തുണയുമായാണ് വരുന്നത്. അധിക സംരക്ഷണം നൽകുന്ന സെറാമിക് ഷീൽഡ് മെറ്റീരിയലോടുകൂടിയ 6.1 ഇഞ്ച് സൂപ്പർ റെറ്റിന XDR OLED ഡിസ്‌പ്ലേയാണ് ഫോണിന് നൽകിയിരിക്കുന്നത്. കഴിഞ്ഞ വർഷം ഐഫോൺ 14 പ്രോ മോഡലുകളിൽ അവതരിപ്പിച്ച ഡൈനാമിക് ഐലൻഡ് നോച്ച് ആപ്പിൾ ഈ വർഷം ഐഫോൺ 15-ലും സജ്ജീകരിച്ചിട്ടുണ്ട്.
കടുത്ത സൂര്യ പ്രകാശത്തിലും തെളിമയോടെയുള്ള കാഴ്ച നൽകുന്നതിനായി ഡിസ്‌പ്ലേക്ക് 2000 നിറ്റ് വരെ പീക്ക് ബ്രൈറ്റ്നസ് പിന്തുണയുണ്ട്. കൂടാതെ പൊടി, ജല പ്രതിരോധത്തിനായി ഹാൻഡ്‌സെറ്റിന് IP68 റേറ്റിങ്ങും നൽകിയിട്ടുണ്ട്. ഐഫോൺ 15-നെ അപേക്ഷിച്ച് 15 പ്ലസിന് വലിയ 6.7 ഇഞ്ച് സൂപ്പർ റെറ്റിന XDR OLED ഡിസ്‌പ്ലേയാണുള്ളത്.
കഴിഞ്ഞ വർഷത്തെ മോഡലിൽ നിന്ന് വ്യത്യസ്തമായി, ഐഫോൺ 15, 15 പ്ലസ് എന്നിവയിൽ ഇത്തവണ 2um ക്വാഡ് പിക്സൽ സെൻസറും f/1.6 അപ്പേർച്ചറുമുള്ള 48 മെഗാപിക്സൽ വൈഡ് ആംഗിൾ ക്യാമറയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. എഫ്/1.6 അപ്പേർച്ചറും സെൻസർ ഷിഫ്റ്റ് സ്റ്റെബിലൈസേഷനുമുള്ള 12 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറയും സ്മാർട്ട്‌ഫോണിൽ സജ്ജീകരിച്ചിരിക്കുന്നു. സെൽഫികൾക്കും വീഡിയോ ചാറ്റുകൾക്കുമായി മുന്നിലെ ഡൈനാമിക് ഐലൻഡിൽ 12 മെഗാപിക്സൽ ട്രൂ ഡെപ്ത് സെൽഫി ക്യാമറയാണ് നൽകിയിരിക്കുന്നത്.
കഴിഞ്ഞ വർഷത്തെ ഐഫോൺ 14 പ്രോ മോഡലുകൾ നൽകിയ കമ്പനിയുടെ എ16 ബയോണിക് ചിപ്പാണ് ഇത്തവണ ബേസ് മോഡലുകൾക്ക് കരുത്തേകുന്നത്. യുഎസ്ബി ടൈപ്പ്-സി പോർട്ടുമായാണ് ഇരുഫോണുകളുമെത്തിയത്.
ഐഫോൺ 15, 15 പ്ലസ് വില വിവരങ്ങൾ
ഐഫോൺ 15ന് ഇന്ത്യയിൽ വില ആരംഭിക്കുന്നത് 79,900 രൂപ മുതലാണ്. ഐഫോൺ 15 പ്ലസിന് 89,900 രൂപ മുതലും അടിസ്ഥാന 128 ജിബി വേരിയന്റിന് നൽകേണ്ടി വരും. രണ്ട് ഫോണുകളും കറുപ്പ്, നീല, പച്ച, പിങ്ക്, മഞ്ഞ എന്നീ നിറങ്ങളിൽ ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചു. ഫോണുകളുടെ പ്രീ-ഓർഡറുകൾ സെപ്റ്റംബർ 15-ന് ആരംഭിക്കും. സെപ്റ്റംബർ 22-ന് വിൽപ്പനയ്‌ക്കെത്തുകയും ചെയ്യും. അതുപോലെ, 512GB വരെ സ്റ്റോറേജിൽ ഹാൻഡ്‌സെറ്റുകൾ ലഭ്യമാകും.
- ഐഫോൺ 15 128GB: Rs 79,900
- ഐഫോൺ15 256GB: Rs 89,900
- ഐഫോൺ 15 512GB: Rs 1,09,900
- ഐഫോൺ 15 പ്ലസ് 128GB: Rs 89,900
- ഐഫോൺ 15 പ്ലസ് 256GB: Rs 99,900
- ഐഫോൺ 15 പ്ലസ് 512GB: Rs 1,19,900
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.