കിടിലൻ ഫീച്ചറുകളുമായി പുതിയ നത്തിങ് ഫോൺ; വിലയും വിശേഷങ്ങളും അറിയാം
text_fieldsജൂലൈ 11 സ്മാർട്ട്ഫോൺ പ്രേമികളെ സംബന്ധിച്ച് ഏറെ വിശേഷപ്പെട്ട ദിനമാണ്. കാരണം, ടെക് ലോകത്തെ പുതിയ അവതാരമായ നത്തിങ് അവരുടെ രണ്ടാമത്തെ സ്മാർട്ട്ഫോൺ ലോഞ്ച് ചെയ്യാൻ പോവുകയാണ്. ഏറെ വ്യത്യസ്തകളുമായി എത്തിയ നത്തിങ് ഫോൺ (1) വലിയ തരംഗമാണ് സൃഷ്ടിച്ചത്. അതിനെ വെല്ലുന്ന സവിശേഷതകളാണ് നത്തിങ് ഫോൺ (2)-ൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നത്തിങ് ഫോൺ രണ്ടിന്റെ ഫീച്ചറുകൾ ഇതിനകം പുറത്തുവന്നിട്ടുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.
നത്തിങ് ഫോൺ (2) ഫീച്ചറുകൾ
നത്തിങ് ഫോൺ (1)-ലെ ട്രാൻസ്പരന്റ് ബാക്കും അതിലെ എൽ.ഇ.ഡി ലൈറ്റുകളും ഫോൺ 2ലുമുണ്ട്. കുറച്ച് മാറ്റങ്ങളോടെയാണെന്ന് മാത്രം.
6.7 ഇഞ്ച് വലിപ്പമുള്ള ഒലെഡ് ഡിസ്‍പ്ലേയാണ് ഫോൺ 2-വിന്. 120Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റിന്റെ പിന്തുണ ഡിസ്‍പ്ലേക്കുണ്ട്. ഒപ്റ്റിക്കൽ ഇമേജ് സ്റ്റബ്ലൈസേഷനുള്ള 50 മെഗാപിക്സൽ (സോണി ഐഎംഎക്സ് 890) പ്രധാന കാമറയും 50 മെഗാപിക്സലിന്റെ അൾട്രാ വൈഡ് ലെൻസും 32 മെഗാ പിക്സലിന്റെ സെൽഫി ഷൂട്ടറുമാണ് കാമറാ വിശേഷങ്ങൾ.
മുൻ മോഡലിനെ അപേക്ഷിച്ച് ഏറെ മാറ്റങ്ങളും അപ്ഗ്രേഡുകളും കാമറയിൽ പ്രതീക്ഷിക്കാം. 4700 എംഎഎച്ചിന്റെ ബാറ്ററി, 33 വാട്ട് ഫാസ്റ്റ് ചാർജ് പിന്തുണ, 15 വാട്ട് വയർലെസ് ചാർജ് സപ്പോർട്ട് എന്നിവയുമുണ്ട്. ആൻഡ്രോയ്ഡ് 13 അടിസ്ഥാനമാക്കിയുള്ള നത്തിങ് ഒഎസ് 2.0 -യിലാകും ഫോൺ പ്രവർത്തിക്കുക.
നത്തിങ് ഫോൺ (2) ഓഫ്‌ലൈനായി വാങ്ങാം
അതെ, പുതിയ നത്തിങ് ഫോൺ ഓൺലൈനിന് പുറമേ, ഓഫ്‍ലൈൻ ആയും പർചേസ് ചെയ്യാം. നത്തിങ്, ഒരു പ്രത്യേക ഓഫ്‌ലൈൻ പോപ്പ്-അപ്പ് സ്റ്റോർ ജൂലായ് 14-ന് ബെംഗളൂരുവിലെ ലുലു മാളിൽ തുറക്കും. വൈകുന്നേരം 7 മണി മുതൽ നത്തിങ് ടീമിൽ നിന്ന് സ്‌മാർട്ട്‌ഫോൺ ഓഫ്‌ലൈനായി നേരിട്ട് വാങ്ങാൻ നിങ്ങൾക്ക് അവസരം ലഭിക്കും. അത് മാത്രമല്ല, കിയോസ്‌ക് വഴി നടത്തുന്ന പർച്ചേസുകൾക്ക് നിങ്ങൾക്ക് എക്‌സ്‌ക്ലൂസീവ് ആനുകൂല്യങ്ങളും സമ്മാനങ്ങളും ലഭിക്കും.
അടുത്തിടെ പ്രഖ്യാപിച്ച ഇയർ (2) ബ്ലാക്ക് എഡിഷൻ, നേരത്തെ പുറത്തിറക്കിയ ഇയർ (സ്റ്റിക്ക്), 45W നത്തിംഗ്-ബ്രാൻഡഡ് പവർ അഡാപ്റ്റർ, ഫോൺ (2) ആക്‌സസറികൾ എന്നിവയും നിങ്ങൾക്ക് വാങ്ങാനാകും.
നത്തിങ് ഫോൺ (2) - വില വിവരങ്ങൾ
ടിപ്സ്റ്റർ യോഗേഷ് ബ്രാർ ആണ് നത്തിങ് ഫോൺ (2)-ന്റെ വില വിവരങ്ങൾ പങ്കുവെച്ചത്. 42,000 - 43,000 രൂപ മുതലാകും ഫോൺ 2 -ന്റെ വില ആരംഭിക്കുകയെന്ന് ബ്രാർ പറഞ്ഞു. ഉയർന്ന റാം-സ്റ്റോറേജ് മോഡലുകൾക്ക് അതിലേറെ നൽകേണ്ടി വരും. ഇത് നത്തിങ് ഫോൺ ഒന്നാമനുമായി താരതമ്യം ചെയ്യുമ്പോൾ ഏറെ കൂടുതലാണ്. 32,999 രൂപക്കായിരുന്നു ഫോൺ 1 ലോഞ്ച് ചെയ്തത്. അത് ഓഫർ സെയിലുകളിൽ 27,000 രൂപയിൽ താഴെ പോയിരുന്നു.
അതേസമയം, നത്തിങ് ഫോൺ 2-ന്റെ ഉയർന്ന വില ഗുണം ചെയ്യുക, ഐകൂ എന്ന ബ്രാൻഡിനെയാകും. കാരണം, ‘ഐകൂ നിയോ 7 പ്രോ’ എന്ന മോഡലിന്റെ വില 34,999 രൂപയിലാണ് ആരംഭിക്കുന്നത്. സ്നാപ്ഡ്രാഗൺ 8 പ്ലസ് ജെൻ 1 ചിപ്സെറ്റുമായി വരുന്ന നിയോ 7 പ്രോ മികച്ചൊരു ഗെയിമിങ് ഫോൺ ആണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.