ഇന്ത്യയിൽ തരംഗമാകാൻ ‘ഫോൺ 2a’; വില വെളിപ്പെടുത്തി നത്തിങ് സി.ഇ.ഒ
text_fields‘വൺപ്ലസി’ൽ നിന്ന് രാജിവെച്ച് ലണ്ടൻ ആസ്ഥാനമാക്കി കാൾ പേയ് ആരംഭിച്ച ഹാർഡ് വെയർ ബ്രാൻഡാണ് നത്തിങ് (Nothing). തുടക്കത്തിൽ ഓഡിയോ ഉത്പന്നങ്ങൾ മാത്രമായിരുന്നു നത്തിങ് ലോഞ്ച് ചെയ്തിരുന്നത്. എന്നാൽ, അവരുടെ ആദ്യത്തെ സ്മാർട്ട്ഫോൺ (നത്തിങ് ഫോൺ (1)) പുറത്തുവന്നതോടെ കമ്പനി ആഗോളതലത്തിൽ തരംഗമായി. സമീപകാലത്ത് ടെക് ലോകത്ത് നത്തിങ് ഫോൺ 1-നോളം വൈറലായ മറ്റൊരു ഫോണില്ലെന്ന് തന്നെ പറയാം.
പിന്നാലെയെത്തിയ നത്തിങ് ഫോൺ 2, ആദ്യ ഫോണിനേക്കാളും മികച്ച ഫീച്ചറുകളുമായിട്ടായിരുന്നു ലോഞ്ച് ചെയ്തത്. ഫോൺ 1 മധ്യനിര ശ്രേണിയിലുള്ള മോഡലുകളോടാണ് മത്സരിച്ചതെങ്കിൽ ഫോൺ 2 ഫ്ലാഗ്ഷിപ്പ് ഫോണുകളെ വെല്ലുന്നതായിരുന്നു. എന്നാൽ, മധ്യനിരക്കും താഴെ മറ്റ് ബ്രാൻഡുകൾ അവതരിപ്പിച്ച സ്മാർട്ട് ഫോണുകളെയാണ് ഇനി നത്തിങ് ലക്ഷ്യമിടുന്നത്.
മാർച്ച് 5-ന് ആഗോളതലത്തിൽ നത്തിങ് ഫോൺ 2എ (Nothing Phone 2a) ലോഞ്ച് ചെയ്യാൻ പോവുകയാണ് കാൾ പേയുടെ കമ്പനി. ഇതാദ്യമായി, ഇന്ത്യ ഒരു നത്തിങ് ഉപകരണത്തിന്റെ ആഗോള ലോഞ്ച് ഇവൻ്റിന് ആതിഥേയത്വം വഹിക്കാൻ പോവുകയാണ്. ന്യൂഡൽഹിയിലാണ് പുതിയ ഫോണിന്റെ അവതരണ ചടങ്ങ് നടക്കുക.
കമ്പനി സിഇഒ കാൾ പേയ്, ഇന്ന് രാവിലെ മുംബൈയിലെ ബാന്ദ്രയിലെ തെരുവിൽ ആളുകളോട് സംസാരിക്കുന്നതിൻ്റെ വീഡിയോ നത്തിങ് പങ്കുവെച്ചിട്ടുണ്ട്. പുതിയ ഫോണിനെ കുറിച്ചുള്ള പ്രതീക്ഷകൾ പങ്കുവെക്കുകയായിരുന്നു മുംബൈക്കാർ. അവിടെ വെച്ച് ഫോണിന് 25,000 രൂപയോളമായിരിക്കും വിലവരികയെന്നും കാൾ പേയ് പറയുകയുണ്ടായി.
അങ്ങനെയാണെങ്കിൽ, ഷവോമി, വൺപ്ലസ്, ഒപ്പോ, വിവോ, മോട്ടോ, സാംസങ് എന്നീ കമ്പനികൾക്ക് കട്ട കോംപറ്റീഷനാകും നത്തിങ് സമ്മാനിക്കുക. റെഡ്മി നോട്ട് 13 സീരീസ്, പോകോ എക്സ് 6 സീരീസ് എന്നിവയാണ് നിലവിൽ ഷവോമി ഇന്ത്യയിൽ 25,000 രൂപക്ക് അവതരിപ്പിച്ചിരിക്കുന്നത്. വൺപ്ലസിന്റെ നോർഡ് സിഇ 3 5ജി, മോട്ടോ എഡ്ജ് 40 സീരീസ്, സാംസങ് എഫ് സീരീസ്, വിവോ സീ 7 സീരീസ്, ഒപ്പോ എഫ് 25 സീരീസ് എന്നിവയും ഇതേ വിലയിൽ ഇന്ത്യയിൽ ഫോണുകൾ എത്തിച്ചിട്ടുണ്ട്.
നത്തിങ് ഫോൺ 2എ സവിശേഷതകൾ
12 ജിബി വരെ റാം ഉള്ള മീഡിയടെക് ഡൈമെൻസിറ്റി 7200 പ്രോ ചിപ്‌സെറ്റാണ് ഫോൺ 2എയ്ക്ക് കരുത്ത് പകരുന്നത്, 32 മെഗാപിക്‌സൽ മുൻ ക്യാമറയ്‌ക്കൊപ്പം പിന്നിൽ ഡ്യുവൽ സജ്ജീകരണത്തിൽ രണ്ട് 50 മെഗാപിക്‌സൽ ക്യാമറകളായിരിക്കും ഉണ്ടാവുക.
120Hz റിഫ്രഷ് റേറ്റ് ഉള്ള 6.7 ഇഞ്ച് ഡിസ്‌പ്ലേയായിരിക്കും ഫോൺ 2a-ക്ക്. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള നതിങ് ഒഎസ് 2.5-ലാകും ഫോൺ പ്രവർത്തിക്കുക. 5,000 എംഎഎച്ച് ബാറ്ററിയും 45 വാട്ട് ഫാസ്റ്റ് ചാർജിങും ഉണ്ടായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.