വൺപ്ലസ് നോർഡ് 2 ഈ വർഷം തന്നെ; എത്തുന്നത് മീഡിയടെകിന്‍റെ ഫ്ലാഗ്ഷിപ്പ് ചിപ്സെറ്റുമായി
text_fieldsവൺപ്ലസ് അവരുടെ ഫ്ലാഗ്ഷിപ്പ് സീരീസായ വൺപ്ലസ് 9 ഈ മാസം തന്നെ ലോഞ്ച് ചെയ്യാനിരിക്കുകയാണ്. സമീപകാലത്ത് കമ്പനി വിപണിയിലെത്തിച്ച് ആഗോളതലത്തിൽ പോലും തരംഗമായ വൺപ്ലസ് നോർഡ് സീരീസിലും ഈ വർഷം പുതിയ അവതാരം പിറവിയെടുക്കും. ഈ വർഷം രണ്ടാം പാദത്തിൽ വൺപ്ലസ് നോർഡ് 2 വിപണിയിലെത്തിക്കാനാണ് കമ്പനി കണക്കുകൂട്ടുന്നത്.
മീഡിയടെകിന്‍റെ ഡൈമൻസിറ്റി 5ജി ചിപ്സെറ്റ് സീരീസിലെ പുത്തൻ പോരാളിയായിരിക്കും നോർഡ് 2ന് കരുത്ത് പകരുക. ഡൈമൻസിറ്റി 1200 എന്ന ഏറ്റവും പുതിയ 5ജി പ്രൊസസറാണ് മീഡിയടെക് വൺപ്ലസിന് നൽകുന്നത്. അതിലൂടെ ഇരുകമ്പനികളും ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. ഇതുവരെ സ്നാപ്ഡ്രാഗൺ പ്രൊസസറുകൾ മാത്രമാണ് വൺപ്ലസ് ഫോണുകളിൽ ഉപയോഗിച്ചിരുന്നത്.
വൺപ്ലസ് 9 സീരീസ് ലോഞ്ച് ചെയ്തതിന് പിന്നാലെയാകും നോർഡ് 2 എത്തുക. പതിവുപോലെ നോർഡിന്‍റെ വിലയിലേക്കാണ് ടെക്ലോകം ഉറ്റുനോക്കുന്നത്. സ്നാപ്ഡ്രാഗൺ 765ജി-യുമായി എത്തിയ വൺപ്ലസ് നോർഡ് ഒന്നാമന് 28000 രൂപ മുതലായിരുന്നു വിലയാരംഭിച്ചത്. എന്നാൽ, മീഡിയടെകിന്‍റെ ഫ്ലാഗ്ഷിപ്പ് പ്രൊസസറായ ഡൈമൻസിറ്റി 1200 കരുത്ത് പകരുന്ന നോർഡ് 2ന് 30000ത്തിൽ താഴെ വൺപ്ലസ് വിലയിടുകയാണെങ്കിൽ അത് ചരിത്രമായേക്കും.
168Hz സ്ക്രീൻ റിഫ്രഷ് റേറ്റും, 200 മെഗാപിക്സൽ വരെ സ്റ്റിൽ ഫോട്ടോഗ്രഫി പിന്തുണയും മൊബൈൽ ഗെയിമിങ്ങിന് റേ-ട്രേസിങ്, ഇരു സിമ്മുകൾക്കും 5ജി കണക്ടിവിറ്റി തുടങ്ങിയ കിടിലൻ ഫീച്ചറുകളുടെ കരുത്തുമായാണ് ഡൈമൻസിറ്റിയെ മീഡിയടെക് വിപണിയിലെത്തിക്കുന്നത്. മിഡ്റേഞ്ച് ഫോണായ നോർഡ് 2 ഇത്തരം ഫീച്ചറുകളുമായാണ് എത്തുന്നതെങ്കിൽ വിപണിയിൽ തീപാറുമെന്നുറപ്പ്...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.