കുറഞ്ഞ വിലക്ക് പ്രീമിയം ഫീച്ചറുകളുമായി പോകോ എഫ് 5; പതിവ് തെറ്റിക്കാതെ ‘പോകോ’
text_fieldsകുറഞ്ഞ വിലക്ക് ഏറ്റവും മികച്ച ഫീച്ചറുകൾ കുത്തിനിറച്ചുള്ള ഫോണുകൾ ഇറക്കി ശ്രദ്ധ പിടിച്ചുപറ്റിയ കമ്പനിയാണ് ഷഓമിയുടെ സബ് ബ്രാൻഡായ ‘പോകോ’. അവരുടെ ഏറ്റവും പുതിയ മിഡ്റേഞ്ച് ഫോണും അക്കാര്യത്തിൽ വ്യത്യസ്തനല്ല. പോകോയുടെ ഫോണുകളിൽ ആളുകൾ ഏറ്റവും കൂടുതൽ കാത്തിരിക്കാറുള്ളത് എഫ് സീരീസിനായാണ്.
പോകോ എഫ് 5 എന്ന മോഡൽ ഷഓമി ഇന്ത്യയിൽ അവതരിപ്പിച്ചുകഴിഞ്ഞു. ഫോൺ നൽകുന്നത് യഥാർഥ ഫ്ലാഗ്ഷിപ്പ് അനുഭവമാണ്. അതിൽ തന്നെ എടുത്ത് പറയേണ്ടത് ഫോണിന്റെ പ്രൊസസറും ഡിസ്‍പ്ലേയും. തീർത്തും നേർത്ത ബെസലുകളുള്ള ഡിസ്‍പ്ലേ, ഒരു പ്രീമിയം ഫോണിലേക്ക് നോക്കുന്നത് പോലെ തോന്നിക്കും. അതുപോലെ, ക്വാൽകോം മുൻനിര ആൻഡ്രോയ്ഡ് ഫോണുകൾക്ക് നൽകിയിരുന്ന സ്നാപ്ഡ്രാഗൺ 8+ ജെൻ ആദ്യ തലമുറ ചിപ്സെറ്റിനോട് മുട്ടി നിൽക്കുന്ന പുതിയ ഏഴാം ജനറേഷൻ ചിപ്സെറ്റാണ് പോകോ എഫ്5 എന്ന മധ്യനിര ഫോണിന് കരുത്ത് പകരുന്നത്. Poco F5-ന്റെ കൂടുതൽ വിവരങ്ങൾ ചുവടെ
പോകോ എഫ്5 ഫീച്ചറുകൾ
6.67-ഇഞ്ച് വലിപ്പമുള്ള 12-ബിറ്റ് 120Hz ഫുൾ-HD+ ഫ്ലോ അമോലെഡ് ഡിസ്‌പ്ലേയാണ് പോകോ F5-ന് നൽകിയിരിക്കുന്നത്. 1000 നിറ്റ്സ് പീക്ക് ബ്രൈറ്റ്‌നെസും 240Hz ടച്ച് സാംപ്ലിങ് റേറ്റും ഉണ്ട്. DCI-P3 കളർ ഗാമറ്റ്, ഡോൾബി വിഷൻ, HDR 10+ സർട്ടിഫിക്കേഷൻ, SGS ലോ ബ്ലൂ ലൈറ്റ് സർട്ടിഫിക്കേഷൻ, 1,920Hz പി.ഡബ്ല്യൂഎം ഡിമ്മിങ് എന്നിവയുടെ പിന്തുണയും പുതിയ പോകോ ഫോണിന്റെ ഡിസ്‍പ്ലേ പാനലിന് നൽകിയിട്ടുണ്ട്. ഡിസ്‌പ്ലേക്ക് കോർണിംഗ് ഗൊറില്ല ഗ്ലാസ് 5-ന്റെ സുരക്ഷയുമുണ്ട്. അതേസമയം, ഫോണിന്റെ ബാക്പാനലും ഫ്രെയിമും പ്ലാസ്റ്റിക് ആണ്.
സ്‌നാപ്ഡ്രാഗൺ 7+ Gen 2 ചിപ്‌സെറ്റാണ് സ്മാർട്ട്‌ഫോണിന്റെ കരുത്ത്. 12GB വരെയുള്ള LPDDR5 റാമും 256GB UFS 3.1 സ്റ്റോറേജുമാണ് മറ്റൊരു പ്രത്യേകത. 7 ജിബി വരെ വെർച്വൽ റാമിന്റെ പിന്തുണയുമുണ്ട്.
ട്രിപ്പിൾ ക്യാമറ സെറ്റപ്പാണ് ഫോണിൽ നൽകിയിരിക്കുന്നത്. OIS പിന്തുണയും f1.79 അപ്പേർച്ചറും ഉള്ള 64MP ഷൂട്ടറാണ് പ്രധാന ക്യാമറ. മറ്റ് രണ്ട് ക്യാമറകൾ യഥാക്രമം 8എംപി അൾട്രാവൈഡ് ക്യാമറയും 2എംപി മാക്രോ ഷൂട്ടറും ആണ്. 16എംപി ഷൂട്ടറാണ് സെൽഫി ക്യാമറ. പിൻ ക്യാമറയ്ക്ക് 30fps-ൽ 4K വീഡിയോകൾ ഷൂട്ട് ചെയ്യാൻ കഴിയുമെങ്കിലും മുൻ ക്യാമറയിൽ അത് 60fps-ൽ 1080p ആയി പരിമിതപ്പെടുത്തിയിരിക്കുന്നു. പിൻ ക്യാമറകളിൽ 7 ഫിലിം മോഡുകളും 2x ലോസ്‌ലെസ് ഇൻ-സെൻസർ സൂം ഓപ്ഷനുകളുമുണ്ട്.
67W ഫാസ്റ്റ് ചാർജിങ് പിന്തുണയോടെയുള്ള 5000mAh ബാറ്ററിയാണ് സ്മാർട്ട്‌ഫോണിലുള്ളത്. ആൻഡ്രോയിഡ് 13-നെ അടിസ്ഥാനമാക്കിയുള്ള എം.ഐ.യു.ഐ 14 പതിപ്പിനൊപ്പമാണ് ഫോൺ വരുന്നത്. പോകോ എഫ് 5ന് രണ്ട് വർഷത്തെ സോഫ്റ്റ്‌വെയർ, അതുപോലെ മൂന്ന് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും. പീക്ക് പെർഫോമൻസ് സമയത്ത് താപനില നിലനിർത്താൻ, ഫോണിൽ 14 ലെയർ ഗ്രാഫൈറ്റ് ഷീറ്റ് വേപ്പർ ചേമ്പർ സജ്ജീകരിച്ചിരിക്കുന്നു.
കൂടാതെ, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക്, സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, ഡോൾബി അറ്റ്‌മോസ്, ഹൈ-റെസ് ഓഡിയോ എന്നീ പിന്തുണയുള്ള ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകൾ, IP53 റേറ്റിങ് എന്നിവയാണ് പോകോ F5-ലെ അധിക ഫീച്ചറുകൾ. സ്‌നോസ്റ്റോം വൈറ്റ്, കാർബൺ ബ്ലാക്ക്, ഇലക്ട്രിക് ബ്ലൂ എന്നീ നിറങ്ങളിൽ സ്മാർട്ട്‌ഫോൺ ലഭ്യമാണ്.
29,999 രൂപ മുതലാണ് പോകോ എഫ്5-ന്റെ വില ആരംഭിക്കുന്നത്. വൺപ്ലസ് നോർഡ് 2ടി, റെഡ്മി നോട്ട് 12 പ്രോ പ്ലസ് പോലുള്ള ഫോണുകളുമായാണ് പോകോയുടെ പുതിയ അവതാരത്തിന്റെ മത്സരം. ജൂൺ 27 മുതൽ സ്‌മാർട്ട്‌ഫോൺ ഫ്ലിപ്പ്കാർട്ട് വഴി മാത്രമായി ലഭ്യമാകും.
- 8GB+256GB: 29,999 രൂപ
- 12GB+256GB: 33,999 രൂപ
ആമുഖ ഓഫർ എന്ന നിലയിൽ, ICICI ബാങ്ക് ക്രെഡിറ്റ്/ഡെബിറ്റ് കാർഡുകൾ ഉള്ളവർക്ക് 3,000 രൂപ തൽക്ഷണ കിഴിവ് അല്ലെങ്കിൽ 3000 രൂപയുടെ എക്‌സ്‌ചേഞ്ച് ഡിസ്‌കൗണ്ട് നൽകുന്നുണ്ട്. അപ്പോൾ ഫോണിന്റെ പ്രാരംഭ വില ഇന്ത്യയിൽ 26,999 രൂപ മാത്രമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.