റോഗ് ഫോൺ മൂന്നാമൻ; അസ്യൂസിെൻറ ഗെയിമിങ് ബീസ്റ്റ് എത്തി
text_fieldsഏറ്റവും മികച്ച ആൻഡ്രോയ്ഡ് ഗെയിമിങ് ഫോൺ ഏതാണെന്ന് ചോദിച്ചാൽ എളുപ്പം എടുത്തുപറയാവുന്ന ഒരു മോഡലാണ് തായ്വാനിൽ നിന്നുള്ള അസ്യൂസ് റോഗ് ഫോൺ. ആദ്യ മോഡൽ മുതൽ മൊബൈൽ ഗെയിമിങ് കാര്യമായെടുക്കുന്നുവരുടെ പ്രിയം സമ്പാദിക്കാൻ അസ്യൂസിെൻറ സ്വന്തം റോഗിന് സാധിച്ചിട്ടുണ്ട്. റോഗ് ഫോൺ 1, റോഗ് ഫോൺ 2 എന്നിങ്ങനെ രണ്ട് മോഡലുകളാണ് നിലവിൽ മാർക്കറ്റിൽ ലഭ്യമായിട്ടുള്ളത്. എന്നാൽ മൂന്നാമത്തെ റോഗ് ഫോണും അസ്യൂസ് ലോഞ്ച് ചെയ്തിരിക്കുകയാണ്.
റോഗ് ഫോൺ 3 എത്തിയിരിക്കുന്നത് മുൻ മോഡലുകളേക്കാൾ ചന്ദത്തോടെയും ഗാംഭീര്യത്തോടെയും കൂടിയാണ്. വെർച്വൽ ലോഞ്ച് ഇവൻറിലൂടെ അവതരിച്ച റോഗിെൻറ പ്രധാന സവിശേഷത ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് 5ജി ചിപ് സെറ്റായ സ്നാപ്ഡ്രാഗൺ 865 പ്ലസ് ആണ്. നേരത്തെ നിരവധി ബ്രാൻഡുകൾ സ്നാപ്ഡ്രാഗൺ 865 ചിപ്സെറ്റുള്ള ഫോണുകൾ ഇറക്കിയിരുന്നെങ്കിലും അതിനേക്കാൾ ഒരുപടി മുകളിൽ നിൽക്കുന്ന പ്ലസ് വേർഷൻ അസ്യൂസാണ് ആദ്യമായി പരീക്ഷിച്ചിരിക്കുന്നത്.
അങ്ങേയറ്റം സ്മൂത്തായ യൂസർ എക്സ്പീരിയൻസ് തരുന്ന 144 ഹെഡ്സ് റിഫ്രഷ് റേറ്റുള്ള ഡിസ്പ്ലേയാണ് പുതിയ ഗെയിമിങ് ബീസ്റ്റിന് അസ്യൂസ് നൽകിയിരിക്കുന്നത്. ഫോണിലൂടെയുള്ള സ്ക്രോളിങ്ങും ആപ്പുകൾ മാറിമാറി ഉപയോഗിക്കുേമ്പാഴുള്ള അനുഭവവും മറ്റേത് ഫോണുകളേക്കാൾ മികച്ചതായി റോഗ് ഫോൺ 3യിൽ ലഭിക്കും. 270Hz ആണ് ടച് റെസ്പോൺസ് റേറ്റ്. 19.5:9 ആസ്പെക്ട് റേഷ്യോയിലുള്ള പാനലിന് 113% DCI-P3 വൈഡ് കളർ ഗാമത്, Delta-E < 1, 10-bit HDR10+ സർട്ടിഫിക്കേഷനുമുണ്ട്. ഇത്രയും റിഫ്രഷ് റേറ്റും പ്രത്യേകതകളുമുള്ള ഡിസ്പ്ലേ വളരെയധികം ബാറ്ററി പവർ ഉൗറ്റുന്നത് തടയാനായി 6000 എം.എ.എച്ചുള്ള ഭീമൻ ബാറ്ററിയാണ് കമ്പനി നൽകിയിരിക്കുന്നത്. ഇത് ചാർജ് ചെയ്യാൻ 30 വാട്ടുള്ള ഫാസ്റ്റ് ചാർജറും ബോക്സിൽ ലഭിക്കും.
മുൻ കാമറ സജ്ജീകരിക്കാനായി നോച്ച്, പഞ്ച് ഹോൾ കട്ടൗട്ട് എന്നിവ ഡിസ്പ്ലേക്ക് നൽകുന്നതിന് പകരം മുകളിലും താഴെയുമായി അൽപ്പം വലിപ്പമുള്ള ബെസൽസ് തന്നെയാണ് അസ്യൂസ് നൽകിയിരിക്കുന്നത്. ഇത് പഴയ ഫോണുകളുടെ ഒരു ലുക് റോഗിന് നൽകുമെങ്കിലും ഇത്തരം സമീപനം സ്വീകരിച്ചതിനും കാരണമുണ്ട്. ഗെയിമിങ്ങിന് മികച്ച അനുഭവം സമ്മാനിക്കാനായി രണ്ട് സ്പീക്കറുകൾ (സ്റ്റീരിയോ) സജ്ജീകരിച്ചിരിക്കുന്നത് മുൻ ഭാഗത്ത് തന്നെയാണ്. ഗെയിമിങ്ങിനിടെ കൈവിരലുകൾ അനാവശ്യമായി ഡിസ്പ്ലേയിൽ തട്ടുന്നതും മുകളിലും താഴെയുമായുള്ള ബെസൽസ് തടയും.
12GB വരെയുള്ള LPDDR5 റാമും 256GB UFS 3.1 സ്റ്റോറേജും ഫോണിെൻറ പ്രകടനം മറ്റൊരു തലത്തിലെത്തിക്കും. മൂന്നാം ജനറേഷൻ ഗെയിം കൂൾ സംവിധാനമാണ് റോഗിൽ അസ്യൂസ് പരീക്ഷിച്ചിരിക്കുന്നത്. ഫോണിെൻറ മെറ്റൽ ഫ്രെയിമിൽ സജ്ജീകരിച്ചിരിക്കുന്ന ആൾട്രാ സോണിക് ഷോൾഡർ ബട്ടണുകൾ പുതിയ മോഡലിലും നൽകിയിട്ടുണ്ട്. ഗെയിമിങ്ങിൽ ഏറെ ഉപകാരപ്പെടുന്ന ഇവ റോഗ് ഫോൺ 3യിൽ കൂടുതൽ കാര്യങ്ങൾ ചെയ്യാനായി അപ്ഡേറ്റ് ചെയ്താണ് അവതരിപ്പിച്ചിരിക്കുന്നത്.
മൂന്ന് പിൻകാമറകളാണ് അസ്യൂസ് റോഗ് ഫോൺ 3ക്ക്. f/1.8 അപെർച്ചറുള്ള 64MP സോണി IMX686 സെൻസറാണ് പിൻ കാമറയിലെ മുഖ്യൻ. 13MP (f/2.5) അൾട്രാ വൈഡ് കാമറ, 5MP മാക്രോ ലെൻസ് എന്നിവയും പ്രത്യേകതയാണ്. 8K വിഡയോ റെക്കോർഡിങ് സപ്പോർട്ടുള്ള റോഗ്ഫോൺ 3യിൽ 4K സ്ലോ മോഷൻ വിഡിയോയും പകർത്താൻ സാധിക്കും. 24 മെഗാ പിക്സലുള്ളതാണ് മുൻ കാമറ.
രണ്ട് യു.എസ്.ബി ടൈപ് സി ചാർജിങ് പോർട്ടുകളാണ് റോഗ് ഫോൺ 3ക്കുള്ളത്. ചാർജ് ചെയ്തുകൊണ്ട് ഗെയിം കളിക്കുേമ്പാഴുള്ള ബുദ്ധിമുട്ട് കുറക്കാനായാണ് സൈഡിലും ഒന്ന് നൽകിയിരിക്കുന്നത്. ഫോണിന് സുരക്ഷക്കായി ഇൻ-ഡിസ്പ്ലേ ഫിംഗർ പ്രിൻറാണ് കമ്പനി നൽകിയിരിക്കുന്നത്. അതേസമയം, 240 ഗ്രാം ഭാരമുള്ള റോഗ് ഫോൺ 3 ഉപയോഗിച്ച് ഏറെ നേരം ഗെയിമങ്ങിൽ ഏർപ്പെട്ടാൽ കൈ വേദനിക്കാനിടയുണ്ട്. റോഗ് ഫോൺ 3യുടെ 8GB+128GB വകഭേദത്തിന് 49,999 രൂപയും 12GB+256GB വകഭേദത്തിന് 57,999 രൂപയുമാണ്. ഇത്തവണ 512 ജിബി വേർഷൻ കമ്പനി അവതരിപ്പിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.