‘ആപ്പിൾ പേടിക്കണം..., സാംസങ് വജ്രായുധവുമായി എത്തുന്നു’; എസ് 23 സീരീസ് ലോഞ്ച് ഡേറ്റ് പുറത്ത്
text_fieldsആൻഡ്രോയ്ഡ് ലോകത്ത് ആപ്പിളിന്റെ ഐഫോണിനൊത്ത എതിരാളി ആരാണെന്ന് ചോദിച്ചാൽ, ഒറ്റ ഉത്തരമേ ഉള്ളൂ. സാംസങ് ഗ്യാലക്സി എസ്22 അൾട്രാ (Samsung Galaxy S22 Ultra). ചുരുക്കം ചില സവിശേഷതകളിൽ ഒഴിച്ച് ഐഫോണിന്റെ മുൻനിര മോഡലുകളെ വെല്ലുന്ന പ്രകടനമായിരുന്നു എസ്22 അൾട്രാ കാഴ്ചവെച്ചത്. ടെക്നോളജി രംഗത്തെ പ്രമുഖരിൽ ഭൂരിഭാഗവും 2022-ലെ ഫോൺ ഓഫ് ദ ഇയറായി തെരഞ്ഞെടുത്തതും എസ്22 അൾട്രയെ ആയിരുന്നു.
എന്നാൽ, ഇനി എസ് സീരീസിലെ പുതിയ നായകന്റെ വരവാണ്. ഗ്യാലക്സി എസ്23 സീരീസിന്റെ ലോഞ്ച് ഒടുവിൽ സാംസങ് പ്രഖ്യാപിച്ചു. ഫെബ്രുവരി ഒന്നിന് ഇന്ത്യൻ സമയം രാത്രി 11:30ന് നടക്കുന്ന ഗ്യാലക്സി അൺപാക്ക്ഡ് ഇവന്റിലൂടെയാകും സാംസങ് എസ്23 സീരീസിലെ ഫോണുകൾ അവതരിപ്പിക്കുക. അമേരിക്കയിലെ സാൻ ഫ്രാൻസിസ്കോയിലാണ് ചടങ്ങ് നടക്കുന്നത്. കോവിഡിന് ശേഷം ആദ്യമായി ആളുകളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്ന പ്രൊഡക്ട് ലോഞ്ചാണ് ഗ്യാലക്സി അൺപാക്ക്ഡ് ഇവന്റ്.
പുതിയ ഗാലക്‌സി എസ് സീരീസ് ഫോണുകളെ കുറിച്ച് സാംസങ് നടത്തുന്നത് വലിയ അവകാശവാദങ്ങളാണ്. ഇതുവരെയുള്ള എല്ലാ ഫ്ലാഗ്ഷിപ്പ് ഫീച്ചറുകളെയും കടത്തിവെട്ടുമെന്നും എന്താണ് ഇതിഹാസമെന്നതിന് പുതിയ മാനദണ്ഡങ്ങൾ സ്ഥാപിക്കുകയും ചെയ്യുമെന്ന് സാംസങ് പറയുന്നു.
പുതിയ ഫ്ലാഗ്ഷിപ്പ് എസ് സീരീസിൽ ഗാലക്‌സി എസ് 23, ഗാലക്‌സി എസ് 23 +, ഗാലക്‌സി എസ് 23 അൾട്രാ എന്നിവ അടങ്ങിയിരിക്കും. എസ് 22 സീരീസിന് സമാനമായ ഡിസൈനിലാണ് എസ് 23 സീരീസും വരുന്നതെന്നാണ് വിവരം. നാല് ക്യാമറുകളുമായാണ് എസ് 23 അൾട്രാ എത്തുന്നത്. പ്രധാന സെൻസർ 200 മെഗാ പിക്സലാകും. എന്നാൽ, മറ്റ് രണ്ട് മോഡലുകൾക്കും മൂന്ന് കാമറകളാകും ഉണ്ടാവുക. പ്രധാന സെൻസർ 50 മെഗാപിക്സലുമാകും.
ഹാർഡ്‌വെയർ സൈഡിൽ നോക്കിയാൽ, സ്‌നാപ്ഡ്രാഗൺ 8 Gen 2 ചിപ്സെറ്റ്, 120Hz റിഫ്രഷ് നിരക്കുള്ള QHD+ ഡിസ്‌പ്ലേ, 16GB വരെ റാമും 1TB സ്റ്റോറേജും, ആൻഡ്രോയ്ഡ് 13 എന്നിവയും മറ്റും പുതിയ എസ്‍ സീരീസിൽ പ്രതീക്ഷിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.