‘ഗാലക്സി എ.ഐ’-യുടെ അത്ഭുതങ്ങളുമായി എസ് 24 സീരീസ് അവതരിപ്പിച്ച് സാംസങ്
text_fieldsകാലിഫോർണിയയിലെ സാൻ ജോസിൽ നടന്ന ഗാലക്‌സി അൺപാക്ക്ഡ് 2024 ഇവന്റിൽ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഗാലക്‌സി എസ് 24 സീരീസ് സാംസങ് അവതരിപ്പിച്ചിരിക്കുകയാണ്. കൊറിയൻ ടെക് ഭീമൻ ഗാലക്സി എസ് 24, ഗാലക്സി എസ് 24 പ്ലസ്, ഗാലക്സി എസ് 24 അൾട്രാ എന്നിങ്ങനെ മൂന്ന് പ്രധാന മോഡലുകളാണ് ലോഞ്ച് ചെയ്തത്.
ഗാലക്സി എ.ഐ ആണ് ഹൈലൈറ്റ്
എസ് 23 സീരീസിൽ നിന്ന് കാര്യമായ ഡിസൈൻ മാറ്റങ്ങളൊന്നുമില്ലാതെ എത്തിയ എസ് 24 സീരീസിൽ ഇത്തവണ കാര്യമായി എടുത്തുപറയേണ്ട സവിശേഷത ‘ഗാലക്സി എ.ഐ’ ആണ്. അതെ, സാംസങ് തങ്ങളുടെ സ്മാർട്ട്ഫോൺ ലൈനപ്പിനായി പുതിയ എ.ഐ ഇക്കോസിസ്റ്റം അവതരിപ്പിച്ചത് തന്നെയാണ് ഇത്തവണത്തെ ഹൈലൈറ്റ്. ഗൂഗിളിന്റെ ജനറേറ്റീവ് AI മോഡലായ ജെമിനി-യുടെ പിന്തുണയോടെയാകും ഗാലക്സി എ.ഐ പ്രവർത്തിക്കുക.
ഗാലക്സി എ.ഐ-യെ "സമഗ്ര മൊബൈൽ എ ഐ അനുഭവം" എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. ഇത്, സാംസങ് വികസിപ്പിച്ചെടുത്ത ഉപകരണ എ.ഐ-യെ ക്ലൗഡ് അധിഷ്ഠിത എ.ഐ-യുമായി സംയോജിപ്പിക്കുന്നു.
“ഗാലക്സി S24 സീരീസ് ലോകവുമായുള്ള ഞങ്ങളുടെ ബന്ധത്തെ പരിവർത്തനം ചെയ്യുകയും മൊബൈൽ നവീകരണത്തിന്റെ അടുത്ത ദശാബ്ദത്തെ ജ്വലിപ്പിക്കുകയും ചെയ്യുന്നു,” -സാംസങ് ഇലക്ട്രോണിക്‌സിലെ മൊബൈൽ എക്‌സ്പീരിയൻസ് (MX) ബിസിനസ്സ് പ്രസിഡന്റും മേധാവിയുമായ ടിഎം റോഹ് പറഞ്ഞു. “ഗാലക്സി എ.ഐ നിർമിച്ചിരിക്കുന്നത് ഞങ്ങളുടെ ഇന്നൊവേഷൻ ഹെറിറ്റേജിലും ആളുകൾ അവരുടെ ഫോണുകൾ എങ്ങനെ ഉപയോഗിക്കുന്നു എന്നതിനെക്കുറിച്ചുള്ള ആഴത്തിലുള്ള ധാരണയിലും ആണ്. പുതിയ സാധ്യതകൾ തുറക്കുന്നതിനായി ലോകമെമ്പാടുമുള്ള ഞങ്ങളുടെ ഉപയോക്താക്കൾ Galaxy AI ഉപയോഗിച്ച് അവരുടെ ദൈനംദിന ജീവിതത്തെ എങ്ങനെ ശാക്തീകരിക്കുന്നുവെന്ന് കാണുന്നതിനായി ഞങ്ങൾക്ക് ആവേശഭരിതരാണ്’. - അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം ഗാലക്സി എ.ഐ 13 ഭാഷകളെ പിന്തുണയ്ക്കുന്നുവെന്നും എല്ലാ പ്രോസസിങ്ങും സ്മാർട്ട്ഫോൺ തന്നെ ചെയ്യുമെന്നും സാംസങ് അറിയിച്ചിട്ടുണ്ട്.
നമ്മുടെ സ്മാർട്ട്ഫോൺ അനുഭവം ഗംഭീരമാക്കുന്നതിനായി സജ്ജീകരിച്ചിരിക്കുന്ന എ.ഐ അടിസ്ഥാനമാക്കിയുള്ള ചില കിടിലൻ പ്രവർത്തനങ്ങൾ സാംസങ് ലോഞ്ച് വേളയിൽ പ്രദർശിപ്പിച്ചിരുന്നു. എ.ഐ ഫോട്ടോ എഡിറ്റിങ് ടൂളുകൾ മുതൽ കോളുകൾക്കിടയിലുള്ള തത്സമയ വിവർത്തനങ്ങൾ (Live Translate) വരെ അതിൽ പെടും. ഗാലക്സി എസ് 24-ൽ എ.ഐ ലൈവ് ട്രാൻസ്ലേറ്റ് കോൾ ഉപയോഗിക്കുമ്പോൾ, സംസാരിക്കുന്ന ഓഡിയോയുടെ ടെക്‌സ്‌റ്റ് വിവർത്തനങ്ങൾ തത്സമയം നമുക്ക് കാണാൻ സാധിക്കും. അതായത്, ഒരാൾ കൊറിയൻ ഭാഷയിൽ നിങ്ങളോട് സംസാരിക്കുമ്പോൾ അതിന്റെ ഇംഗ്ലീഷ് പരിഭാഷ സ്ക്രീനിൽ തെളിയും.
മറ്റ് ഫീച്ചറുകൾക്കൊപ്പം, നിങ്ങളുടെ സന്ദേശമയയ്ക്കലുകൾ വേറെ ലെവലാക്കാനായി സാംസങ് ‘ചാറ്റ് അസിസ്റ്റ്‘ സംവിധാനവും കൊണ്ടുവരുന്നുണ്ട്. ഉപയോക്താക്കൾക്ക് അവരുടെ സന്ദേശങ്ങൾ പ്രൊഫഷണൽ, കാഷ്വൽ എന്നിങ്ങനെയുള്ള വ്യത്യസ്ത ശൈലികളിലേക്ക് റീകാസ്റ്റ് ചെയ്യാൻ ഫീച്ചർ ഉപയോഗിക്കാം.
സാംസങ് അവരുടെ തത്സമയ സ്ട്രീമിൽ അതിന്റെ ഒരു ദൃശ്യം വാഗ്ദാനം ചെയ്തു - ഒരു ഉപയോക്താവ് ഇൻപുട്ട് ഫീൽഡിലേക്ക് ഇംഗ്ലീഷിൽ ഒരു സന്ദേശം ടൈപ്പ് ചെയ്യുന്നു, അത് വേഗത്തിൽ സ്പാനിഷിലേക്ക് വിവർത്തനം ചെയ്യപ്പെടുന്നു.
സ്‌പ്ലിറ്റ് സ്‌ക്രീൻ കാഴ്‌ചയിൽ തത്സമയ സംഭാഷണങ്ങൾ അവതരിപ്പിക്കാനുള്ള കഴിവും S24 സീരീസ് നൽകുന്നു, അതുവഴി പരസ്പരം അഭമുഖമായി നിൽക്കുന്ന ഉപയോക്താക്കൾക്ക് മറ്റൊരാൾ പറഞ്ഞതിന്റെ ടെക്‌സ്‌റ്റ് ട്രാൻസ്‌ക്രിപ്ഷൻ വായിക്കാനാകും. ഇത്തരത്തിലുള്ള നിരവധി എ.ഐ ഫീച്ചറുകളാണ് എസ് 24 സീരീസിനെ അലങ്കരിക്കുന്നത്.
ഗാലക്സി എസ് 24 സീരീസ് - മറ്റ് സവിശേഷതകൾ...
ഏറ്റവും ഗംഭീര സവിശേഷതകളാൽ മുൻനിര മോഡലായ ഗാലക്‌സി എസ് 24 അൾട്രാ തന്നെയാണ് ഇത്തവണയും വേറിട്ടുനിൽക്കുന്നത്. 120Hz റിഫ്രഷ് റേറ്റോടു കൂടിയ 6.8-ഇഞ്ച് ഫ്ലാറ്റ് QHD+ ഡൈനാമിക് അമോലെഡ് ഡിസ്‌പ്ലേയാണ് ഈ മോഡലിന് നൽകിയിരിക്കുന്നത്. അതുപോലെ ആദ്യമായി അൾട്രാ വകഭേദത്തിന് ഫ്ലാറ്റ് ഡിസ്‍പ്ലേ നൽകിയിരിക്കുകയാണ് സാംസങ് ഇത്തവണ. അൾട്രായിൽ സാംസങ് ടൈറ്റാനിയം ഫ്രെയിമും ഉപയോഗിക്കുന്നു.
ക്വാൽകോം സ്നാപ്ഡ്രാഗൺ (Qualcomm Snapdragon) 8 Gen 3 പ്രോസസറാണ് ഫോണിന് കരുത്തേകുന്നത്, 12GB വരെ റാം, 512GB യു.എഫ്.എസ് 4.0 ഓൺബോർഡ് സ്റ്റോറേജ് എന്നിവയുണ്ട്.
50എംപി ടെലിഫോട്ടോ ക്യാമറ, 200എംപി പ്രൈമറി സെൻസർ, 10എംപി ടെലിഫോട്ടോ ക്യാമറ, 12എംപി ഫ്രണ്ട് ക്യാമറ, 12എംപി അൾട്രാ വൈഡ് ക്യാമറ എന്നിവയുൾപ്പെടെയുള്ള ക്യാമറ സജ്ജീകരണമാണ് എസ് 24 അൾട്രായുടെ ഹൈലൈറ്റ്.
കൂടാതെ, 45W ചാർജർ ഉപയോഗിച്ച് 30 മിനിറ്റിനുള്ളിൽ 0% മുതൽ 65% വരെ ചാർജ് ചെയ്യാൻ കഴിയുന്ന 5,000 mAh ബാറ്ററിയാണ് S24 അൾട്രക്ക് നൽകിയിരിക്കുന്നത്. ടൈറ്റാനിയം ബ്ലാക്ക്, ടൈറ്റാനിയം ഗ്രേ, ടൈറ്റാനിയം വയലറ്റ്, ടൈറ്റാനിയം യെല്ലോ എന്നിങ്ങനെ നാല് കളർ ഓപ്ഷനുകളിൽ എസ്24 അൾട്രാ ലഭ്യമാണ്.
ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള OneUI 6.1ൽ ആയിരിക്കും മൂന്ന് ഫോണുകളും പ്രവർത്തിക്കുന്നത്. മൂന്ന് മോഡലുകൾക്കും മുന്നിലും പിന്നിലും കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് 3 പരിരക്ഷയുണ്ട്. എസ് 24, എസ് 24 പ്ലസ് എന്നീ രണ്ട് മോഡലുകളും യു.എസിൽ സ്നാപ്ഡ്രാഗൺ 8 ജെൻ 3 പ്രൊസസറുകളുമായാണ് വരുന്നത്. എന്നാൽ, മറ്റുള്ള രാജ്യങ്ങളിൽ ഏറ്റവും പുതിയ എക്സിനോസ് 2400 എന്ന ചിപ്സെറ്റുമായാകും വരിക.
6.2 ഇഞ്ച് വലിപ്പമുള്ള ഫുൾ എച്ച്.ഡി പ്ലസ് ഡൈനാമിക് അമോലെഡ് 2X ഡിസ്‍പ്ലേയാണ് എസ് 24-ന്. 6.7 ഇഞ്ച് ക്വാഡ് എച്ച്.ഡി പ്ലസ് ഡിസ്‍പ്ലേയാണ് എസ് 24 പ്ലസിന് നൽകിയിരിക്കുന്നത്. ഇരുമോഡലുകൾക്കും 120 Hz റിഫ്രഷ് റേറ്റുമുണ്ട്. അതുപോലെ 2,600 നിറ്റ്സ് പീക് ബ്രൈറ്റ്നസും നൽകിയിട്ടുണ്ട്.
ഗാലക്‌സി എസ് 24, എസ് 24 പ്ലസ് എന്നിവയുടെ കാമറയെ സംബന്ധിച്ചിടത്തോളം, രണ്ടിനും ഒരു സ്റ്റാൻഡേർഡ് 50 എംപി ഇമേജ് സെൻസറും 3x വരെ ഒപ്റ്റിക്കലി സൂം ചെയ്യാൻ കഴിയുന്ന 10 എംപി ടെലിഫോട്ടോ ലെൻസും 12 എംപി അൾട്രാവൈഡ് ലെൻസുമുണ്ട്. സെൽഫികൾക്കായി, നിങ്ങൾക്ക് മുൻവശത്ത് 12MP സെൻസർ ലഭിക്കും.
എസ് 24 പ്ലസിൽ 256GB മുതൽ 512GB വരെയുള്ള UFS 4.0 സ്റ്റോറേജ് ഓപ്ഷനുകളും എല്ലാ വേരിയന്റുകളിലും സ്റ്റാൻഡേർഡ് 12GB റാമും ഉണ്ട്. ഫോൺ 4,900 mAh ബാറ്ററി പാക്കിലാണ് വരുന്നത്, ചാർജിങ് വേഗത S24 അൾട്രായ്ക്ക് തുല്യമാണ്. സ്റ്റാൻഡേർഡ് ഗാലക്സി എസ് 24 ആരംഭിക്കുന്നത് 128GB ഓൺബോർഡ് സ്റ്റോറേജിൽ നിന്നാണ്. അത് യു.എഫ്.എസ് 3.1 അടിസ്ഥാനമാക്കിയുള്ളതുമാണ്. ഇത്തവണ 4000 എംഎഎച്ച് ബാറ്ററിയും 25 വാട്ടിന്റെ അതിവേഗ ചാർജിങ് ഓപ്ഷനുമാണ് നൽകിയിരിക്കുന്നത്.
എസ് 24 പ്ലസിന്റെ അടിസ്ഥാന വേരിയന്റിന് വില 999.99 ഡോളറാണ്. എസ് 24-ന്റെ വില ആരംഭിക്കുന്നത് 799 ഡോളറിലും. 1299 ഡോളർ നൽകണം എസ് 24 അൾട്രയുടെ ബേസിക് മോഡൽ വാങ്ങാൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.