ഗാലക്സി എസ്24-ന് വേണ്ടി ഐഫോൺ 15 പ്രോയുടെ ഈ സവിശേഷത സാംസങ് കടമെടുക്കും...!
text_fieldsപുതിയ ഐഫോണുകൾ എത്തിയതിന് പിന്നാലെ സ്മാർട്ട്ഫോൺ പ്രേമികൾ ഏറ്റവുമധികം പ്രതീക്ഷയോടെ കാത്തിരിക്കുന്നത് സാംസങ് ഗാലക്സി എസ്24 സീരീസിനായാണ്. പുതിയ എസ് സീരീസ് ഫോണുമായി ബന്ധപ്പെട്ട ധാരാളം ലീക്കുകളും ഊഹാപോഹങ്ങളുമൊക്കെ ഇന്റർനെറ്റിൽ പ്രചരിക്കുന്നുണ്ട്. ഏറ്റവും പുതിയ റൂമർ എസ് 24 സീരീസിന്റെ ഡിസൈനുമായി ബന്ധപ്പെട്ടുള്ളതാണ്.
സാംസങ് പുതിയ എസ്24 സീരീസിന് വേണ്ടി ഐഫോൺ 15 പ്രോ മോഡലുകളിൽ നിന്ന് ചില ഘടകങ്ങൾ കടമെടുത്തേക്കാം. ടൈറ്റാനിയം ബിൽഡിനെ കുറിച്ച തന്നെയാണ് പറഞ്ഞുവരുന്നത്. ഐഫോൺ 15 പ്രോ, 15 പ്രോ മാക്സ് എന്നീ മോഡലുകളിൽ ആപ്പിൾ എടുത്തുപറഞ്ഞത്, അതിന്റെ ടൈറ്റാനിയം ഫ്രെയിമിനെ കുറിച്ചായിരുന്നു. പ്രീമിയം ലുക്ക് തരുന്ന ടൈറ്റാനിയം ചേസിസ് പുതിയ ഐഫോണുകളെ ഭാരം കുറഞ്ഞതാക്കാനും സഹായിച്ചിട്ടുണ്ട്.
സാംസങ്ങിന്റെ ഗാലക്സി എസ്24, എസ്24 പ്ലസ്, എസ്24 അൾട്രാ എന്നീ മോഡലുകളെല്ലാം കൂടുതൽ പ്രീമിയം അനുഭവത്തിനായി ടൈറ്റാനിയം ഫ്രെയിമുമായി വരുമെന്ന് പറയപ്പെടുന്നു. അങ്ങനെ, സംഭവിക്കുകയാണെങ്കിൽ, കുറച്ച് കാലമായി ഗാലക്‌സി എസ് സീരീസ് ഫോണുകൾക്ക് കവചമൊരുക്കിയ അലുമിനിയം ഷാസി സാംസങ് ഉപേക്ഷിക്കും. അതേസമയം, ഡിസൈനുമായി ബന്ധപ്പെട്ട മറ്റുള്ള കാര്യങ്ങളിലെല്ലാം മുൻഗാമിയായ എസ്23 സീരീസ് പോലെ തന്നെയാകും പുതിയ പ്രീമിയം സാംസങ് ഫോണുകൾ.
ബേസ് മോഡലുകളായ എസ്24, എസ്24 പ്ലസ് എന്നിവക്ക് വേണ്ടി സാംസങ് തന്നെയാകും ടൈറ്റാനിയം ഫ്രെയിമുകൾ നിർമ്മിക്കുകയെന്ന് റിപ്പോർട്ടുകളുണ്ട്. എസ്24 അൾട്രയുടെ ഫ്രെയിം തേർഡ് പാർട്ടി കമ്പനിയാകും നിർമിക്കുക. ടൈറ്റാനിയം തിരഞ്ഞെടുക്കുന്നത് ഗാലക്‌സി എസ് 24 ഫോണുകളുടെയും ഭാരം കുറച്ചേക്കും. ഐഫോൺ 15 പ്രോ സീരീസിലെ ഫോണുകളിൽ നിലവിൽ 100 ശതമാനം ടൈറ്റാനിയം ഫ്രെയിമല്ല ഉപയോഗിക്കുന്നത്. ഇക്കാര്യത്തിൽ സാംസങ് ഏതറ്റംവരെ പോകുമെന്ന് കണ്ടറിയണം. ഇങ്ങനെയൊക്കെ ആണെങ്കിലും ഡിസൈനിൽ ഈ മാറ്റം സാംസങ് ഫോണുകളുടെ വിലക്കയറ്റത്തിലേക്ക് നയിക്കാനും സാധ്യതയുണ്ടെന്നാണ് പറയപ്പെടുന്നത്.
എസ്24 സീരീസ് ചില സവിശേഷതകൾ
ഇത്തവണ എല്ലാ സാംസങ് പ്രീമിയം ഫോണുകളും LTPO ഡിസ്പ്ലേയുമായിട്ടാകും വരിക. അൾട്രാ മോഡലിൽ മാത്രം നൽകിയിരുന്ന ഡിസ്‍പ്ലേ ഫീച്ചറാണിത്. കാമറാ വിഭാഗത്തിൽ ഇത്തവണ കാര്യമായ അപ്ഗ്രേഡ് പ്രതീക്ഷിക്കാം. അതുപോലെ, ക്വാൽകോമിന്റെ ഏറ്റവും പുതിയ സ്നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്സെറ്റാകും ഫോണിന് കരുത്തേകുക. 2024 ജനുവരിയിലാകും ഫോൺ റിലീസ് ചെയ്യുകയെന്നും റിപ്പോർട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.