എന്നാലും ഇതെങ്ങനെ..? 2024-ൽ ലോകത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട ഫോൺ ഇതാണ്..!
text_fieldsമുൻനിര ബ്രാൻഡുകളടക്കം നിരവധി സ്മാർട്ട്ഫോണുകളാണ് ഈ വർഷം പുറത്തിറക്കിയത്. ആഗോള സ്‌മാർട്ട്‌ഫോൺ കയറ്റുമതിയിൽ 2024-ൽ ആറ് ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്. പ്രതീക്ഷിച്ചതുപോലെ, മുൻനിര സ്മാർട്ട്‌ഫോൺ ബ്രാൻഡുകൾ തന്നെയാണ് ഈ വർഷവും മികച്ച പ്രകടനം കാഴ്ചവച്ചിരിക്കുന്നത്. ഏറ്റവും ഉയർന്ന വിൽപ്പനയോടെ വിപണിയിൽ ആധിപത്യം പുലർത്തുന്നത് ആപ്പിൾ, സാംസങ് സ്മാർട്ട്‌ഫോണുകളാണ്.
കൗണ്ടർപോയിൻ്റ് റിസർച്ചിൻ്റെ പുതിയ റിപ്പോർട്ട് അനുസരിച്ച്, 2024-ന്റെ ആദ്യ പാദത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട സ്മാർട്ട്‌ഫോണായി ആപ്പിളിന്റെ ഐഫോൺ 15 പ്രോ മാക്സ് (Apple iPhone 15 Pro Max) മാറി. ഇതാദ്യമായാണ് നോൺ-സീസണൽ ക്വാർട്ടറിൽ ഒരു ‘പ്രോ മാക്‌സ് ഐഫോണി’ന് ഒന്നാം സ്ഥാനം ലഭിക്കുന്നത്. ഒരു ലക്ഷവും കടന്നുപോകുന്ന വിലയൊന്നും കാര്യമാക്കാതെയാണ് 15 പ്രോ മാക്സ് ആളുകൾ വാങ്ങിക്കൂട്ടുന്നത്.
ഏറ്റവും കൂടുതൽ വിൽപന നേടിയ ഫോണുകളുടെ പട്ടികയിൽ നാല് ഐഫോൺ 15 മോഡലുകളും ഐഫോൺ 14 ഉം ആദ്യ 10-ൽ തന്നെ ഇടംപിടിച്ചിട്ടുണ്ട്, ശേഷിക്കുന്ന സ്മാർട്ട്‌ഫോണുകൾ സാംസങ്ങിന്റെ എ, സീരീസിലുള്ളവയാണ്.
ഐഫോൺ 15, ഐഫോൺ 15 പ്രോ, ഐഫോൺ 14, സാംസങ് ഗ്യാലക്സി എസ് 24 അൾട്രാ, ഗ്യാലക്സി എ15, ഗ്യാലക്സി എ54, ഐഫോൺ 15 പ്ലസ്, ഗ്യാലക്സി എസ് 24, ഗ്യാലക്സി എ34 എന്നീ മോഡലുകളാണ് രണ്ട് മുതൽ 10 വരെ സ്ഥാനങ്ങളിൽ ഇടംപിടിച്ച മോഡലുകൾ. ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട 10 ഫോണുകളിൽ ഏഴെണ്ണവും 50,000 രൂപക്ക് മുകളിലുള്ളവയാണ്.
ഐഫോൺ 15 പ്രോ, 15 പ്രോ മാക്സ് എന്നീ മോഡലുകളുടെ വിൽപ്പന 2024-ന്റെ ആദ്യ പാദത്തിലെ ആപ്പിളിന്റെ മൊത്തം വിൽപ്പനയുടെ പകുതിയോളം വരും. ഈ രണ്ട് പ്രീമിയം സ്മാർട്ട്ഫോണുകളുടെ വർദ്ധിച്ചുവരുന്ന ജനപ്രീതിയാണ് ഇത് പ്രകടമാക്കുന്നത്. മുൻ മോഡലുകളെ അപേക്ഷിച്ച് വില ഒരുപാട് കൂടിയിട്ടും പുതിയ പ്രീമിയം ഐഫോൺ ചൂടപ്പം പോലെയാണ് ആഗോളതലത്തിൽ വിറ്റുപോകുന്നത്.
ഒരു കാലത്ത് പ്രോ മോഡലുകളേക്കാൾ വനില ഐഫോണുൾക്കായിരുന്നു കൂടുതൽ ജനപ്രീതി. 2020 -ന്റെ ഒന്നാം പാദത്തിൽ ആപ്പിളിന്റെ മൊത്തം വിൽപ്പന മൂല്യത്തിന്റെ 24 ശതമാനം മാത്രമായിരുന്നു പ്രോ മോഡലുകൾക്ക് അവകാശപ്പെടാൻ കഴിഞ്ഞിരുന്നത്. അതേസമയം, 2024- ഒന്നാം പാദത്തിലെത്തുമ്പോൾ ആപ്പിളിന്റെ വിൽപ്പനയുടെ 60 ശതമാനത്തിലധികം കൈയ്യടക്കിയത് പ്രോ ഐഫോണുകൾ മോഡലുകളാണ്, ഈ വർഷം ആപ്പിളിന് ഏറ്റവും വലിയ വരുമാനം നേടിക്കൊടുത്തതും പ്രോ മോഡലുകളാണ്.
മിക്ക ഉപഭോക്താക്കളും സ്മാർട്ട്‌ഫോണുകളിൽ പ്രീമിയം ഫീച്ചറുകളാണ് ഇഷ്ടപ്പെടുന്നതെന്നാണ് ഐഫോൺ 15 പ്രോ മാക്‌സിന്റെ വർദ്ധിച്ച വിൽപ്പന കാണിക്കുന്നത്. ടെലിഫോട്ടോ ക്യാമറ, ഡൈനാമിക് ഐലൻഡ്, അൾട്രാ സ്മൂത്ത് പ്രോമോഷൻ 120Hz ഡിസ്‌പ്ലേ തുടങ്ങിയ ഫീച്ചറുകളാൽ സമ്പന്നമായ പ്രോ മോഡലുകളാണ് ആളുകൾ കൂടുതലായും പരിഗണിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.