5ജി ഫോണിന് ഇപ്പോൾ 10,000 രൂപ പോലും വേണ്ട; മികച്ച സ്മാർട്ട്ഫോണുകൾ പരിചയപ്പെടാം
text_fieldsനഗരങ്ങളിലും ഗ്രാമങ്ങളിലുമെല്ലാം 5ജി എത്തിക്കഴിഞ്ഞു. 4ജിയേക്കാൾ പതിന്മടങ്ങ് വേഗതയുള്ള നെറ്റ്‍വർക്കെന്ന അവകാശവാദവുമായി എത്തിയ 5ജി, നിലവിൽ സൗജന്യമായാണ് എല്ലാവർക്കും ലഭിക്കുന്നത്. ജിയോ, എയർടെൽ പോലുള്ള ടെലികോം ഭീമൻമാർ നിലവിൽ ഫ്രീയായി തന്നെ 5ജി നൽകിവരുന്നുണ്ട്. പക്ഷെ, ആ സൗജന്യം അനുഭവിക്കണമെങ്കിൽ 5ജി ഫോൺ തന്നെ ശരണം.
ഇപ്പോൾ സ്മാർട്ട്ഫോൺ ബ്രാൻഡുകൾ വളരെ കുറഞ്ഞ വിലയിൽ 5ജി ഫോണുകൾ വിപണിയിൽ എത്തിക്കുന്നുണ്ട്. 10000 രൂപയിൽ താഴെ ഏതാനും ചില 5ജി ഫോണുകളിൽ നിലവിൽ വിൽക്കപ്പെടുന്നുമുണ്ട്. ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ആമസോണിൽ ലഭ്യമായ മികച്ച 5ജി ഫോണുകൾ പരിചയപ്പെട്ടാലോ..
പോകോ എം6 പ്രോ 5ജി
പോകോയുടെ ഏറ്റവും പുതിയ പോകോ എം6 പ്രോ 5ജി 10000 രൂപക്ക് ലഭിക്കുന്ന ഏറ്റവും മികച്ച ഫോൺ എന്ന് തന്നെ പറയാം. 90Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റും 550 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസുമുള്ള 6.79-ഇഞ്ച് ഫുൾ-എച്ച്‌ഡി+ എൽസിഡി ഡിസ്‌പ്ലേയാണ് പോകോ എം6 പ്രോ 5ജിക്ക്. ഡിസ്പ്ലേ ഒരു പ്ലാസ്റ്റിക് മിഡ്ഫ്രെയിമിൽ പൊതിഞ്ഞ് മുന്നിലും പിന്നിലും കോർണിങ് ഗൊറില്ല ഗ്ലാസ് 3 ഉപയോഗിച്ച് പരിരക്ഷിച്ചിരിക്കുന്നു. ഫോണിന്റെ പിൻവശം ഏറെ മനോഹരമാണ്. ഡ്യുവൽ-ടോൺ ഗ്ലാസ് ബാക്കിനൊപ്പമുള്ള എഡ്ജ്-ടു-എഡ്ജ് ബ്ലാക്ക് ക്യാമറ ഐലൻഡാണ് ശ്രദ്ധേയം.
4nm സ്‌നാപ്ഡ്രാഗൺ 4 Gen 2 ചിപ്‌സെറ്റും അഡ്രിനോ 613 ജിപിയുവുമാണ് എടുത്തുപറേയണ്ട മറ്റൊരു പ്രത്യേകത. ഈ വിലക്ക് ലഭിക്കുന്ന ഏറ്റവും കരുത്തുറ്റ പ്രൊസസറാണിത്. 6GB വരെയുള്ള LPDDR4X റാമും 128GB വരെ UFS 2.2 സ്റ്റോറേജും പോകോ എം6 പ്രോയെ സെഗ്മന്റിലെ തന്നെ ഏറ്റവും വേഗതയേറിയ മോഡലാക്കും. ഒരു ടിബി വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള ഓപ്ഷനുമുണ്ട്.
ക്യാമറ വിഭാഗത്തെ കുറിച്ച് പറയുകയാണെങ്കിൽ, 2എംപി ഡെപ്ത് സെൻസറും 50എംപി പ്രൈമറി ക്യാമറയുമാണ് എം6 പ്രോ വാഗ്ദാനം ചെയ്യുന്നത്. സെന്റർ പഞ്ച്-ഹോളിൽ എട്ട് എംപി സെൽഫി ക്യാമറയുണ്ട്. 18W വയർഡ് ചാർജിങ് പിന്തുണയുള്ള 5,000mAh ബാറ്ററിയാണ് പോകോയുടെ പുതിയ ഫോണിനെ പിന്തുണയ്ക്കുന്നത്. ഫോണിന് നിലവിൽ അമസോണിൽ വെറും 9999 രൂപ മാത്രമാണ് വില.
റെഡ്മി 13സി
താങ്ങാനാകുന്ന വിലയിൽ ഷവോമി അവതരിപ്പിച്ച 5ജി ഫോണാണ് റെഡ്മി 13സി. 720x1600 പിക്‌സൽ ( HD+ ) റെസലൂഷൻ നൽകുന്ന 90 Hz റിഫ്രഷ് റേറ്റുള്ള 6.74 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഡിസ്‌പ്ലേയാണ് ഫോണിന് നൽകിയിരിക്കുന്നത്. ഒക്ടാ കോർ മീഡിയടെക് ഡൈമെൻസിറ്റി 6100 പ്ലസ് പ്രൊസസറാണ് 13സി 5ജിക്ക് കരുത്ത് പകരുന്നത്.
8 ജിബി വരെ റാം, 8 ജിബി വരെ വെർച്വൽ റാം, യുഎഫ്എസ് 2.2 സ്റ്റോറേജ്, ഡിസ്‌പ്ലേയ്‌ക്കായി ഗൊറില്ല ഗ്ലാസ് സംരക്ഷണം എന്നിവയും നൽകിയിട്ടുണ്ട്. 256 ജിബി സ്റ്റോറേജും ഈ 13സി 5ജി വാഗ്ദാനം ചെയ്യുന്നു. 50 മെഗാപിക്സൽ മെയിൻ ക്യാമറയുള്ള ഇരട്ട റിയർ ക്യാമറ സജ്ജീകരണമാണ് ഫോണിൽ. 8 മെഗാപിക്സൽ സെൻസറാണ് മുന്നിൽ. 18W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5,000mAh ബാറ്ററിയുമുണ്ട്.
10,999 രൂപ പ്രാരംഭ വിലയിൽ അവതരിപ്പിച്ച ഫോൺ, നിലവിൽ ആമസോണിൽ 10,249 രൂപക്ക് ലഭിക്കും. ഈ വിലക്ക് ലഭിക്കുന്ന ഏറ്റവും മികച്ച 5ജി ഫോണുകളിലൊന്ന് 13സി 5ജി തന്നെയാണ്.
സാംസങ് ഗാലക്സി എം14 5ജി
സാംസങ് ഫോൺ മാത്രം വാങ്ങാൻ താൽപര്യപ്പെടുന്നവർക്ക് പരിഗണിക്കാവുന്ന 5ജി ഫോണാണ് ഗാലക്സി എം14 5ജി. 50 എം.പി ട്രിപ്പിൾ കാമറ, 6000 എം.എ.എച്ച് ബാറ്ററി, 5എൻ.എം പ്രൊസസർ ഉൾപ്പെടെ നിരവധി സവിശേഷതകളുമായി എത്തുന്ന ഫോണിന് നിലവിൽ ആമസോണിൽ വെറും 9900 രൂപ മാത്രമാണ് വില.
ലാവ ബ്ലൈസ് 5ജി
ലാവ എന്ന ഇന്ത്യൻ ബ്രാൻഡ് വിപണിയിലെത്തിച്ച 5ജി ഫോണാണ് ലാവ ബ്ലൈസ് 5ജി. യു.എഫ്.എസ് 2.1 അതിവേഗ സ്റ്റോറേജ് പിന്തുണയുള്ള ഫോണിൽ 6ജിബി റാമും 128 ജിബി സ്റ്റോറേജുമാണുള്ളത്. 50 എംപിയുടെ ട്രിപിൾ പിൻകാമറ, പ്രീമിയം ഗ്ലാസ് ഡിസൈൻ എന്നീ പ്രത്യേകതളുമുണ്ട്. ഡൈമൻസിറ്റി 700 എന്ന 5ജി ചിപ്സെറ്റാണ് കരുത്ത് പകരുന്നത്. ഫോണിന് 9,499 രൂപയാണ് വില.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.