ഹൈപ്പർ ഒ.എസിൽ പ്രവർത്തിക്കുന്ന ഷഓമി 14 സീരീസ്; റിലീസ് ഡേറ്റ് പുറത്തുവിട്ട് കമ്പനി
text_fieldsചൈനീസ് സ്മാർട്ട്ഫോൺ ഭീമനായ ഷഓമി അവരുടെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് ഫോണായ ഷഓമി 14 സീരീസ് ലോഞ്ച് ചെയ്യാൻ പോവുകയാണ്. എം.ഐ.യു.ഐ (MIUI) -യിൽ നിന്ന് മാറി പുതിയ ഹൈപ്പർ ഒ.എസുമായി എത്തുന്ന പ്രീമിയം ഷഓമി 14 സീരീസ് സ്മാർട്ട്ഫോണുകൾ ക്വാൽകോമിന്റെ 8 ജെൻ 3 എന്ന ഏറ്റവും കരുത്തുറ്റ ചിപ്സെറ്റുമായാണ് വരുന്നത്. ആദ്യത്തെ 8 ജെൻ 3 ചിപ് സെറ്റ് സ്മാർട്ട്ഫോൺ എന്ന റെക്കോർഡും അതോടെ ഷഓമി 14 സ്വന്തമാക്കും.
ചൈനീസ് ട്വിറ്റർ എന്നറിയപ്പെടുന്ന വെയ്ബോയിലാണ് പുതിയ പ്രീമിയം ഫോണുകളുടെ ലോഞ്ച് കമ്പനി പ്രഖ്യാപിച്ചത്. ഹൈപ്പർ ഒ.എസും ഫോണും ഒക്ടോബർ 26-ന് ലോഞ്ച് ചെയ്യുന്നതായി കമ്പനി സ്ഥിരീകരിച്ചു. ഷഓമിയുടെ ഗ്ലോബൽ വൈസ് പ്രസിഡന്റായ ആൽവിനും തന്റെ X അക്കൗണ്ടിൽ ലോഞ്ച് ഇവന്റ് ടീസറുകൾ പങ്കിട്ടിട്ടുണ്ട്. ഫ്ലാഗ്ഷിപ്പ് ഫോണിനും പുതിയ യൂസർ ഇന്റർഫേസിനും വേണ്ടി കാത്തിരിക്കാൻ പറഞ്ഞ അദ്ദേഹം പഴയ എം.ഐ.യു.ഐയിൽ നിന്ന് വലിയ മാറ്റങ്ങളായിരിക്കും പുതിയ ഹൈപ്പർ ഒ.എസിലുണ്ടാവുകയെന്ന സൂചനയും നൽകിയിട്ടുണ്ട്. ഒക്ടോബർ 26 ഇന്ത്യൻ സമയം 4:30നാകും ലോഞ്ച് ഇവന്റ് ആരംഭിക്കുക.
120 വാട്ട് അതിവേഗ ചാർജിങ്ങും 1 ഇഞ്ച് ടൈപ് കാമറ സെൻസറുമാണ് ഷഓമി 14-ൽ എടുത്തുപറയേണ്ട മറ്റു വിശേഷങ്ങൾ. ലൈകയുടെ ലെൻസായിരിക്കും പുതിയ ഫോണിൽ ഫീച്ചർ ചെയ്യുക. വെള്ളം & പൊടി പ്രതിരോധത്തിനായി IP68 പിന്തുണ, മികച്ച ഗെയിമിങ് അനുഭവം നൽകുന്നതിനായി ഐസ്‍ലൂപ് ലിക്വിഡ് കൂളിങ് ടെക്നോളജി എന്നിവയും ഫോണിന്റെ സവിശേഷതയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.