മിന്നുംവേഗത്തില്‍ സിനിമ ഡൗണ്‍ലോഡ് ചെയ്യാം, കണ്ട് ട്രെയിനില്‍ പോകാം
text_fieldsപുസ്തകം വായിച്ചും മൊബൈലില്‍ പരതിയും സമയംകൊന്നിരുന്ന ട്രെയിന്‍ യാത്ര ഇനി മതിയാക്കാം. സിനിമ കണ്ട് സൊറ പറഞ്ഞ് ജോളിയടിച്ച് യാത്ര പോകാം. വിരസതയകറ്റാന്‍ ഒരു സിനിമ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്ത് കാണാന്‍ സൗത്ത് റെയില്‍വേ സ്റ്റേഷനാണ് അവസരമൊരുക്കുന്നത്. ഇവിടെ സെക്കന്‍ഡില്‍ മുപ്പത് മുതല്‍ അമ്പത് മെഗാബൈറ്റ് വരെ വേഗമുള്ള അതിവേഗ വൈ ഫൈയില്‍ ഒരു സിനിമ ഡൗണ്‍ലോഡ് ചെയ്യാന്‍ നാലുമിനിറ്റ്.
സേര്‍ച്ച് എഞ്ചിന്‍ ഭീമനായ ഗൂഗിളുമായി ചേര്‍ന്ന് റെയില്‍ടെല്‍ കോര്‍പറേഷന്‍ ഓഫ് ഇന്ത്യയാണ് എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ അതിവേഗ ഇന്‍റര്‍നെറ്റ് സൗകര്യം ഏര്‍പ്പെടുത്തിയത്. ഹൈ ഡെഫനിഷന്‍ വീഡിയോകള്‍ തടസ്സമില്ലാതെ കാണാന്‍ കഴിയുന്നതാണ് അതിവേഗ ഇന്‍റര്‍നെറ്റ് സൗകര്യം. അരമണിക്കൂറാണ് സൗജന്യ വൈ ഫൈ സേവനം ലഭിക്കുക. ഈ സമയംകൊണ്ട് ഇഷ്ടപ്പെട്ട സിനിമ ഡൗണ്‍ലോഡ് ചെയ്ത് ട്രെയിനില്‍ കയറി ലക്ഷ്യസ്ഥാനത്തേക്ക് പായാം. പുതിയതായി ഉദ്ഘാടനം ചെയ്ത വെയ്റ്റിങ് ഹാള്‍ അടക്കം സ്റ്റേഷന്‍ പരിസരങ്ങളിലെ 24 അക്സസ് പോയന്‍റുകളിലാണ് ഇപ്പോള്‍ വൈ ഫൈ ലഭിക്കുക. അറുപത് മീറ്റര്‍ ദൂരത്തിലാണ് കവറേജ്. പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ തിരുവനന്തപുരം സെന്‍ട്രലിലും കൊല്ലത്തും കോഴിക്കോട്ടും മംഗളൂരുവിലും നടപ്പാക്കും. പദ്ധതിയുടെ ആദ്യഘട്ടം എന്ന നിലയില്‍ ഇപ്പോള്‍ സേവനങ്ങള്‍ സൗജന്യമാണ്. എന്നാല്‍ പിന്നീട് അതിവേഗ സേവനത്തിന് ചുങ്കം ചുമത്തുമെന്നും അതേസമയം വേഗം കുറഞ്ഞ സേവനങ്ങള്‍ 24 മണിക്കൂറില്‍ 30 മിനിറ്റ് സൗജന്യമായി തുടരുമെന്നും റെയില്‍ ടെല്‍ വിഭാഗം പറയുന്നു.
ഇന്ത്യന്‍ റെയില്‍വേയുമായി സഹകരിച്ച് വൈ ഫൈ സംവിധാനം ഏര്‍പ്പെടുത്തുന്ന ആദ്യ 100 റെയില്‍വേ സ്റ്റേഷനുകളില്‍ കേരളത്തിലെ അഞ്ചു റെയില്‍വേ സ്റ്റേഷനുകളാണ് ഉള്‍പ്പെടുന്നത്. കണ്ണൂര്‍, കൊച്ചി, തിരുവനന്തപുരം തൃശൂര്‍, കൊല്ലം എന്നിവയാണിത്്. മുംബൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ ഈ വര്‍ഷം ആദ്യം തുടക്കമിട്ട പദ്ധതിയിലൂടെ പുണെ, ഭുവനേശ്വര്‍, ഭോപ്പാല്‍, റാഞ്ചി, റായ്പൂര്‍, വിജയവാഡ, ഹൈദരാബാദിലെ കാഞ്ചിഗുഡ, വിശാഖപട്ടണം എന്നിവക്കൊപ്പമാണ് സൗത്ത് സ്റ്റേഷനിലേക്ക് കൂടി സൗജന്യ വൈ ഫൈ വ്യാപിപ്പിച്ചത്.
എങ്ങനെ ലഭിക്കും?
യാത്രക്കാര്‍ മൊബൈലില്‍ വൈ ഫൈ സെറ്റിങ്ങില്‍ റെയില്‍ വയര്‍ എന്ന നെറ്റ്വര്‍ക്ക് തിരഞ്ഞെടുക്കുകയും railwire.co.in എന്ന ബ്രൗസര്‍ തുറക്കുകയുമാണ് ആദ്യം ചെയ്യണ്ടത്. തുടര്‍ന്ന് തുറന്നുവരുന്ന ഇടത്തില്‍ തങ്ങളുടെ മൊബൈല്‍ നമ്പര്‍ ചേര്‍ത്തശേഷം റിസീവ് എസ്എംഎസ് എന്ന ലിങ്കില്‍ ക്ളിക്ക് ചെയ്യുക.
അപ്പോള്‍ ലഭിക്കുന്ന എസ്എംഎസ് സന്ദേശത്തിലുള്ള നാലക്ക കോഡ് പാസ്വേര്‍ഡായി ഉപയോഗിച്ച് നെറ്റ് ഉപയോഗിക്കാന്‍ തുടങ്ങാം. അപ്പോള്‍ മുതല്‍ കണക്ഷന്‍ ലഭ്യമാണോ അല്ലയോ എന്ന കാര്യവും ഉപകരണത്തില്‍ നിന്നുതന്നെ മനസ്സിലാക്കാനുമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.