നാട്ടുകാരെ വലയിലാക്കാന്‍ ‘നെറ്റ്ഫ്ളിക്സ് ’
text_fields
ഫോര്‍ജി ഇന്‍റര്‍നെറ്റ് ഇന്ത്യയില്‍ വ്യാപകമാവുന്നത് നല്ലപോലെ മുതലാക്കാം എന്ന് മനക്കോട്ട കെട്ടിയാണ് ഈയിടെ നെറ്റ്ഫ്ളിക്സ് ഇന്ത്യയില്‍ കാലുകുത്തിയത്. എയര്‍ടെല്‍, ഐഡിയ, വോഡഫോണ്‍ എന്നിവ ഇന്ത്യയില്‍ ഫോര്‍ജി അഥവാ നാലാംതലമുറ ഇന്‍റര്‍നെറ്റ് സേവനം തുടങ്ങിയിട്ടുണ്ട്. റിലയന്‍സ് ജിയോ ഫോര്‍ജിയുമായി പതിയെ തലപൊക്കിത്തുടങ്ങിയിട്ടുണ്ട്. ഇതൊക്കെ മനസില്‍ പലകുറി ഉരുവിട്ട് മനപാഠമാക്കിയാവണം ആ വരവ്. ഹൗസ് ഓഫ് കാര്‍ഡ്സ്, ജസീക്ക ജോണ്‍സ്, ഓറഞ്ച് ഈസ് ദ ന്യൂ ബ്ളാക്ക് തുടങ്ങിയ പുരസ്കാര പെരുമയുള്ള പരിപാടികളിലൂടെ അനേകരെ രസിപ്പിച്ച അമേരിക്കന്‍ ഇന്‍റര്‍നെറ്റ് മീഡിയ സ്ട്രീമിങ് സേവനമായ നെറ്റ്ഫ്ളിക്സിന് 50ഓളം രാജ്യങ്ങളില്‍ വേരോട്ടമുണ്ട്. ഈവര്‍ഷം അവസാനത്തോടെ 130 രാജ്യങ്ങളില്‍ സേവനം വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തിന്‍െറ ഭാഗമായാണ് ഇന്ത്യയിലും ചുവടുറപ്പിച്ചത്. വന്ന ദിവസം തന്നെ നിലവില്‍ നിരവധി ഇന്ത്യക്കാരാണ് നെറ്റ്ഫ്ളിക്സില്‍ അംഗമായത്.
സ്മാര്‍ട്ട് ടിവി, സ്മാര്‍ട്ട്ഫോണ്‍, ടാബ്ലറ്റ് എന്നിവയില്‍ ആപ്ളിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്തും പേഴ്സണല്‍ കമ്പ്യൂട്ടറില്‍ സൈറ്റ് തുറന്നും ടി.വി ഷോകളോ സിനിമകളോ ഇഷ്ടപ്പെട്ട പരമ്പരകളോ ആസ്വദിച്ച് കാണാന്‍ നെറ്റ്ഫ്ളിക്സ് അവസരമൊരുക്കുന്നു. അമേരിക്കയില്‍ ഒരു ദശകം മുമ്പ് ടെലിവിഷന്‍ വിപ്ളത്തിന് സ്ക്രീന്‍ തുറന്നുകൊടുത്തത് നെറ്റ്ഫ്ളിക്സാണ്. ദ സോപ്രാനോസ് (1999), ദ വെസ്റ്റ് വിങ് (1999), ദ വയര്‍ (2002) എന്നിവയാണ് ഇതിന് തിരികൊളുത്തിയ ഷോകള്‍. പിന്നീട് കാലവും ആസ്വാദകരുടെ മനസുമറിഞ്ഞ് വലിയ സ്ക്രീനിലേക്കും ടി.വികളിലേക്കും വീഡിയോകള്‍ കാട്ടുന്ന സേവനവുമായി വന്ന് ആളെ കൈയ്യിലെടുത്തു.
വളരെ വലിയ വീഡിയോ ശേഖരമാണ് നെറ്റ്ഫ്ളിക്സിനുള്ളത്. പണം മുടക്കി വാങ്ങുന്ന സേവനമായതിനാല്‍ യൂ ട്യൂബിലെ പോലെ ഒരിടത്തും പരസ്യങ്ങള്‍ ശല്യപ്പെടുത്തില്ല. പരിപാടികള്‍ കാണുന്നതിനിടക്ക് നിശ്ചലമാക്കാം (പോസ്), നിര്‍ത്താം (സ്റ്റോപ്), പിന്നോട്ട് ഓടിക്കാം (റീവൈന്‍ഡ് ), മുന്നോട്ട് ഓടിക്കാം (ഫാസ്റ്റ് ഫോര്‍വേഡ്). ഒരു സമയം പല പരിപാടികള്‍ കാണാന്‍ കഴിയും. ഇനി നിര്‍ത്തിയിടത്തുവെച്ച് പിന്നീട് സൗകര്യപോലെ കാണാനും കഴിയും.
കമ്പനി തന്നെ തയാറാക്കുന്ന ഷോകള്‍ക്ക് പുറമേ സംപ്രേഷണാവകാശം വാങ്ങുന്ന പരിപാടികളും ലഭ്യമാകും. ബോളിവുഡ് സിനിമ, ടെലിവിഷന്‍ ഷോ തുടങ്ങിയവ നെറ്റ്ഫ്ളിക്സിന്‍െറ യഥാര്‍ഥ പരമ്പരകള്‍ (ഒറിജിനല്‍ സീരീസ്) ഉള്ളതിനാല്‍ അവ കാണാം. പല പ്രാദേശിക പരിപാടികളിലും നെറ്റ്ഫ്ളിക്സ് പണംമുടക്കുന്നതിനാല്‍ അവയും കാണാന്‍ കഴിയും. ക്ളാസിക്കും ഇന്ത്യന്‍ സിനിമയും പുതിയ ചിത്രങ്ങളും നെറ്റ്ഫ്ളിക്സിലൂടെ ലഭിക്കും. നെറ്റ്ഫ്ളിക്സിന്‍െറ വരവ് മുതലാക്കാന്‍ ടി.വി കമ്പനികളും രംഗത്തുണ്ട്. നെറ്റ്ഫ്ളിക്സ് ആപ്പും റിമോട്ടില്‍ നെറ്റ്ഫ്ളിക്സ് ബട്ടണുമുള്ള ഫോര്‍കെ ടി.വിയുമായാണ് വു ടെക്നോളജീസ് വിപണിയില്‍ ഇറങ്ങിയത്.
സേവനങ്ങള്‍
നെറ്റ് മാത്രം ചാര്‍ജ് ചെയ്ത് യൂ ട്യൂബ് പോലെ നെറ്റ്ഫ്ളിക്സിലും വീഡിയോ കാണാമെന്ന് വെച്ചാല്‍ നടപ്പില്ല. കാരണം അതിന് വേറെ പണം മുടക്കണം. ഇന്ത്യയില്‍ നെറ്റ്ഫ്ളിക്സ് സേവനങ്ങള്‍ ആദ്യമാസം സൗജന്യമാണ്. പിന്നീടുള്ള മാസങ്ങളില്‍ ഉപഭോക്താക്കള്‍ തിരഞ്ഞെടുക്കുന്ന അംഗത്വ പദ്ധതികള്‍ക്ക് അനുസരിച്ചായിരിക്കും സേവനങ്ങള്‍. അമേരിക്കയിലും ആദ്യമാസം സൗജന്യമാണ്. പിന്നീട് മാസംതോറും 10 ഡോളര്‍ മുതല്‍ നല്‍കി വ്യത്യസ്ത പ്ളാനുകള്‍ എടുക്കുകയാണ് ചെയ്യുന്നത്. പ്രതിമാസം 500 രൂപയാണ് ഇന്ത്യയിലെ കുറഞ്ഞ (ബേസിക്) നിരക്ക്. സ്റ്റാന്‍ഡേര്‍ഡ് പായ്ക്കിന് 650 രൂപയും പ്രീമിയം പായ്ക്കിന് 800 രൂപയുമാണ് ഈടാക്കുക. അക്കൗണ്ട് പേജില്‍ചെന്ന് എപ്പോള്‍ വേണമെങ്കിലും പ്ളാനുകള്‍ മാറ്റാം. മാസം 200 രൂപക്ക് 200 ചാനലുകള്‍ നല്‍കുന്ന കേബ്ള്‍ ടി.വി അരങ്ങുതകര്‍ക്കുന്ന രാജ്യത്തേക്കാണ് ഈ വിലയുമായി നെറ്റ്ഫ്ളിക്സ് എത്തിനോക്കുന്നത്. ക്രെഡിറ്റ് കാര്‍ഡില്ലാത്ത സാധാരണക്കാരന്‍ നെറ്റ്ഫ്ളിക്സിന്‍െറ സ്ക്രീനിന് പുറത്താണ് സ്ഥാനം. സേവനം ഉപയോഗിക്കണമെങ്കില്‍ നെറ്റ്ഫ്ളിക്സിന്‍െറ വെബ്സൈറ്റില്‍ കയറി ഇമെയില്‍ ഉണ്ടാക്കുന്നതുപോലെ വിവരങ്ങള്‍ നല്‍കി അക്കൗണ്ട് തുറന്ന് സൈന്‍ ഇന്‍ ചെയ്യണം. ഭാവിയിലെ ഉപയോഗത്തിന് ക്രെഡിറ്റ് അല്ളെങ്കില്‍ ഡെബിറ്റ് കാര്‍ഡ് വിവരങ്ങളും നല്‍കണം. ഒരിക്കല്‍ അക്കൗണ്ട് തുറന്നാല്‍ പിന്നെ ടി.വി ഷോകളും ഡോക്യുമെന്‍ററികളും സിനിമകളും ഇഷ്ടംപോലെ കാണാം. സൗജന്യ സേവനം അവസാനിച്ചാല്‍ അത് റദ്ദാക്കിയില്ളെങ്കില്‍ സാധാരണ പോലെ തുടരും. ഇനി വരിക്കാരനായാല്‍ വരിസംഖ്യ ബാങ്ക് അക്കൗണ്ടില്‍നിന്ന് പിടിച്ചുകൊള്ളും. എപ്പോള്‍ വേണമെങ്കിലും സേവനം അവസാനിപ്പിക്കാനും സൗകര്യമുണ്ട്.
ഉപയോഗം
500 രൂപക്ക് വീഡിയോകള്‍ മിഴിവ് കുറഞ്ഞ സ്റ്റാന്‍ഡേര്‍ഡ് വ്യക്തതയിലും (എസ്.ഡി) 650 രൂപക്ക് ഹൈ ഡെഫനിഷന്‍ വ്യക്തതയിലും (എച്ച്.ഡി) 800 രൂപക്ക് അള്‍ട്രാ ഹൈ ഡെഫനിഷന്‍ അഥവാ ഫോര്‍കെ മിഴിവിലും വീഡിയോകള്‍ ലഭിക്കും.
നെറ്റ്ഫ്ളിക്സിലെ ഒരു അക്കൗണ്ടില്‍നിന്ന് ഒരേ സമയം പല ഉപകരണങ്ങളില്‍ പരിപാടികള്‍ കാണാന്‍ സാധിക്കും. ലാപ്ടോപ്പിലോ സ്മാര്‍ട്ട്ഫോണിലോ ടാബിലോ ഉപയോഗിക്കാം. എന്നാല്‍ ഉപകരണങ്ങളുടെ എണ്ണം പ്ളാനുകള്‍ക്ക് അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. 500 രൂപയുടെ പ്ളാനില്‍ ഒരു സ്ക്രീന്‍ മാത്രമേ പറ്റൂ. 650 രൂപക്ക് രണ്ട് സ്ക്രീനുകളും 800 രൂപക്ക് നാല് സ്ക്രീനുകളും അനുവദിക്കും. നെറ്റ് കണക്ഷന്‍ നല്‍കാന്‍ സാധിക്കുന്ന എന്തിലും നെറ്റ്ഫ്ളിക്സും കിട്ടും. മൈക്രോസോഫ്റ്റ് എക്സ്ബോക്സ്, സോണി പ്ളേ സ്റ്റേഷന്‍ തുടങ്ങിയ ഗെയിം ഉപകരണങ്ങളിലും ഡി.വി.ഡി, ബ്ളൂറേ പ്ളെയര്‍,സെറ്റ്ടോപ് ബോക്സ്, ലാപ്ടോപ്, ഡെസ്ക്ടോപ്, ടാബ്ലറ്റ്, സ്മാര്‍ട്ട്ഫോണ്‍ എന്നിവയിലും സേവനം കാണാന്‍ സാധിക്കും.
വെല്ലുവിളികള്‍
ഡി.റ്റി.എച്ച് കമ്പനികള്‍ പോലും പരാജയപ്പെട്ട ഇന്ത്യയില്‍ ഇത്രയും പണം മുടക്കി നെറ്റ്ഫ്ളിക്സിന് ആളുകള്‍ അടിമയാവുമോ എന്ന് കണ്ടറിയണം. ഇന്ത്യയില്‍ കമ്പനി നേരിടാന്‍ പോകുന്ന ഏറ്റവും വലിയ പ്രതിബന്ധം ബ്രോഡ്ബാന്‍ഡ് വേഗമാണ്. മെട്രോ നഗരങ്ങളില്‍ ഫോര്‍ജി സേവനവും ഇന്‍റര്‍നെറ്റ് വേഗതയും ആവശ്യത്തിനുണ്ടെങ്കിലും ഗ്രാമങ്ങളിലും ഭൂരിഭാഗം പ്രദേശത്തും ത്രീജിയും നെറ്റ് വേഗതയും കുറവാണ്. ടു ജി മാത്രമുള്ളയിടത്ത് ഇപ്പോള്‍ യു ട്യൂബ് വീഡിയോകള്‍ ബഫറിങ്ങായി ഏറെ നേരമിരുന്നാലേ കാണാന്‍ കഴിയൂ. കൂടാതെ ഒരുമാസത്തെ നെറ്റ് ചാര്‍ജ് അപ്പാടെ നെറ്റ്ഫ്ളിക്സ് വിഴുങ്ങും. സാധാരണക്കാരന്‍ ഒരു ജി.ബി (ജിഗാബൈറ്റ്) ഡാറ്റ പ്ളാന്‍ ആണ് പലപ്പോഴും തെരഞ്ഞെടുക്കുന്നത്. ഹൈ ഡെഫനിഷന്‍ വീഡിയോ കണ്ടാല്‍ ഒരു മണിക്കൂറില്‍ മുന്ന് ജി.ബി ഡാറ്റയും അള്‍ട്രാ ഹൈ ഡെഫനിഷന്‍ അഥവാ ഫോര്‍കെ വീഡിയോ കണ്ടാല്‍ ഒരു മണിക്കൂറില്‍ ഏഴ് ജി.ബി ഡാറ്റയും തീരും.
തുടക്കം
1997ല്‍ കാലിഫോര്‍ണിയ ആസ്ഥാനമായി തുടങ്ങിയ നെറ്റ്ഫ്ളിക്സിന് 70 ദശലക്ഷം വരിക്കാരുണ്ട്. അമേരിക്കയില്‍ മാത്രം 43 ദശലക്ഷം പേരുണ്ട്. റീഡ് ഹാസ്റ്റിങ്സ്, മാര്‍ക് റാന്‍ഡോള്‍ഫ് എന്നിവരാണ് സ്ഥാപകര്‍. 1998 ഏപ്രില്‍ 14നാണ് നെറ്റ്ഫ്ളിക്സ് വെബ്സൈറ്റ് ആരംഭിക്കുന്നത്. യു.എസ്, യൂറോപ്പ്, ജപ്പാന്‍, ആസ്ട്രേലിയ, ന്യൂസിലന്‍ഡ് എന്നിവിടങ്ങളില്‍ ഏറെ പ്രചാരത്തിലുള്ള പേരാണ് നെറ്റ്ഫ്ളിക്സ്. 1999 മുതലാണ് വരിസംഖ്യ അടിസ്ഥാനത്തില്‍ സേവനം തുടങ്ങിയത്. ഒരുലക്ഷത്തോളം സിനിമകളാണ് ഇതിലുള്ളത്.
2011ല്‍ ലാറ്റിനമേരിക്കയില്‍ പ്രവര്‍ത്തനം തുടങ്ങിയ നെറ്റ്ഫ്ളിക്സ് ബ്രസീലിയന്‍ സൂപ്പര്‍ താരം വാഗ്നര്‍ മോറയെ നായകനാക്കി തനിനാടന്‍ ടി.വി പരമ്പര നിര്‍മിച്ചു. ഇത് വിജയമായി. ഇപ്പോള്‍ ഇത്തരം 20ഓളം പരമ്പരകളുണ്ട്. ഈ വഴി തന്നെ ഇന്ത്യയില്‍ പിന്തുടര്‍ന്നാല്‍ ഇന്ത്യയിലെ ടി.വി സീരിയല്‍ വ്യവസായത്തിന് കനത്ത വെല്ലുവിളിയാകും. അപ്പപ്പോള്‍ തോന്നുന്നപോലെ കഥ മെനഞ്ഞ് ട്വിസ്റ്റും ചേര്‍ത്ത് റേറ്റിങ് കൂട്ടുന്ന സീരിയലുകാര്‍ ജാഗ്രത പുലര്‍ത്തേണ്ടിവരും. ഇന്ത്യക്കാരുടെ ആസ്വാദനനിലവാരമറിയാന്‍ നെറ്റ്ഫ്ളിക്സ് നേരത്തെ പണിതുടങ്ങിയിരുന്നു. അനുരാഗ് കാശ്യപിന്‍െറ ബോളിവുഡ് സിനിമ ഗാങ്സ് ഓഫ് വാസേപൂര്‍ എട്ട് ഭാഗങ്ങളാക്കി നെറ്റ്ഫ്ളിക്സില്‍ നല്‍കിയത് ഇതിന് ഉദാഹരണമാണ്. ഇത് വന്‍വിജയമായിരുന്നു.
മറ്റ് സ്ട്രീമിങ് സേവനങ്ങള്‍
ബ്ളിങ്ക്സ്, യൂ സ്ട്രീം, ഹുളു, വിമിയോ, ഡെയിലി മോഷന്‍, സ്റ്റിക്കാം, ടെഡ് തുടങ്ങിയവയാണ് മറ്റ് ജനപ്രിയ ആഗോള വീഡിയോ സ്ട്രീമിങ് വമ്പന്മാര്‍. മാസം 229 രൂപയുള്ള ബിഗ് ഫ്ളിക്സ്, സൗജന്യ സേവനമായ യൂ ട്യൂബ്, മാസം 300 രൂപയുള്ള സ്പ്യൂള്‍, മാസം 199 രൂപയുള്ള ഹൂക്ക്, സൗജന്യ സേവനമായ ഹോട്ട് സ്റ്റാര്‍, മാസം 333 രൂപയുള്ള മൂവീസ്, മാസം 49 രൂപയുള്ള ഇറോസ് നൗ, ദിവസം ഒമ്പത് രൂപയുള്ള സോണി ലിവ് എന്നിവയാണ് ഇന്ത്യയില്‍ ഇപ്പോള്‍ ലഭിക്കുന്ന മീഡിയ സ്ട്രീമിങ് സേവനങ്ങള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.