ഒരു നിമിഷം മതി 350 എം.ബി അയക്കാന്‍
text_fieldsവൈ ഫൈക്ക് വേഗം വളരെ കൂടുതലാണെങ്കിലും കീബോര്‍ഡും മൗസും അടക്കമുള്ള ഉപകരണങ്ങള്‍ കമ്പ്യൂട്ടറുമായും ടാബ്ലറ്റുമായും ബന്ധിപ്പിക്കാന്‍ ഇടനിലക്കാരനായ നില്‍ക്കുന്നത് ബ്ളൂടൂത്ത് ആണ്. സ്മാര്‍ട്ട്ഫോണുകളും സ്മാര്‍ട്ട്വാച്ചുകളും ആക്ടിവിറ്റി ട്രാക്കറുകളും അടക്കമുള്ള വയര്‍ലസ് ലോകം അനുദിനം പുതുമ കൊണ്ടുവരുമ്പോള്‍ കൂടെ നിലക്കുന്നത് ബ്ളൂടൂത്ത് ആണ്. ഇവരെയെല്ലാം കൂട്ടിയിണക്കുന്ന കണ്ണിയാണ് ബ്ളുടൂത്ത്. ഭാവിയില്‍ ബ്ളൂടൂത്തിന് നല്ലകാലം വരുന്നതായാണ് സൂചനകള്‍. ഇതുവരെ കണ്ടതിലും അറിഞ്ഞതിലുമേറെ വേഗവുമായി ബ്ളുടൂത്തിന്‍െറ പുതിയ പതിപ്പ് 2017ല്‍ ഉപകരണങ്ങളില്‍ വ്യാപകമാകുമെന്നാണ് വിവരം.
ഏറ്റവും അവസാനമിറങ്ങിയ പതിപ്പായ ബ്ളൂടൂത്ത് 4.2വിനേക്കാള്‍ ഇരട്ടി ദൂരപരിധിയും നാലുമടങ്ങ് വേഗവുമാണ് പ്രത്യേകതയെന്ന് ബ്ളൂടൂത്ത് സിഗ് എക്സിക്യുട്ടിവ് ഡയറക്ടര്‍ മാര്‍ക്ക് പവല്‍ പറയുന്നു. 300 മീറ്ററിലധികമാണ് ദൂരപരിധി പറയുന്നത്. സെക്കന്‍ഡില്‍ 350 മെഗാബൈറ്റിലധികം വേഗവും വാഗ്ദാനം ചെയ്യുന്നുണ്ട്. അഡ്വര്‍ടൈസിങ് പാക്കറ്റ് ആണ് പ്രധാന പ്രത്യേകത. തമ്മില്‍ പെയര്‍ ചെയ്തില്ളെങ്കിലും ഒരു ബ്ളൂടൂത്ത് ഉപകരണത്തില്‍ നിന്ന് മറ്റൊന്നിലേക്ക് ചെറിയ വിവര ശകലം കൈമാറാന്‍ അഡ്വര്‍ടൈസിങ് പാക്കറ്റ് സൗകര്യമൊരുക്കുന്നു. കീബോര്‍ഡോ സ്പീക്കറോ അടക്കം ദൂരപരിധിക്കുള്ളിലുള്ള ഏത് ബ്ളൂടൂത്ത് ഉപകരണവും തിരിച്ചറിയുകയും പെയര്‍ ചെയ്യുന്നതിന് മുമ്പ് പേര് കാട്ടിത്തരികയും ചെയ്യും. 47 ബൈറ്റാണ് ഈ അഡ്വര്‍ടൈസിങ് പാക്കറ്റിന്‍െറ വലിപ്പം. ഇതില്‍ 31 ബൈറ്റാണ് ഡാറ്റ അയക്കാന്‍ കഴിയുക. വയറുകള്‍ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട് വീട് എന്ന സങ്കല്‍പത്തിന് ഗതിവേഗം പകരുന്നതായിരിക്കും ഇതിന്‍െറ സവിശേഷതകള്‍. ഒപ്പം നെറ്റ്വര്‍ക്ക് കണക്ടിവിറ്റിക്ക് മികച്ച പിന്തുണയും നല്‍കും. ലോക്കേഷന്‍ വിവരങ്ങള്‍, നാവിഗേഷന്‍ എന്നീ സേവനങ്ങള്‍ ലഭിക്കും. ഉപകരണങ്ങള്‍ ഈ പതിപ്പിനനുസരിച്ച് മാറ്റേണ്ടിവരും. പുതിയ ചിപ്പ് ഉള്‍ക്കൊള്ളിക്കുകയാണ് പോംവഴി. ബ്ളൂടൂത്ത് 1.0, 2.0, 3.0 പതിപ്പുകള്‍ അപ്ഗ്രേഡ് ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ ബ്ളൂടൂത്ത് 4.0 പതിപ്പ് 4.1ലേക്ക് അപ്ഗ്രേഡ് ചെയ്യാന്‍ സാധിച്ചിരുന്നു.
വയറുകളില്ലാതെ ഡാറ്റ കൈമാറ്റം
എന്തിനും ഏതിനും വയറുകള്‍ വേണ്ടിയിരുന്ന കാലത്ത് ഇതൊന്നുമില്ലാതെ ഡാറ്റകള്‍ കൈമാറാമെന്ന് കാട്ടിത്തന്നത് ബ്ളൂടൂത്ത് ആയിരുന്നു. അങ്ങനെ ഫോണുകളില്‍നിന്നും മറ്റും കുറഞ്ഞ വേഗത്തിലാണെങ്കിലും ചിത്രങ്ങളും ഫയലുകളും കൈമാറ്റം എളുപ്പത്തില്‍ സാധ്യമായി. ഏറെ ബാറ്ററി ചാര്‍ജുപയോഗിക്കുമെങ്കിലും വേഗം കുറവായിരുന്ന ആദ്യ പതിപ്പുകളില്‍നിന്ന് ചാര്‍ജ് താരതമ്യേന കുറവ് ഉപയോഗിക്കുന്ന ലോ എനര്‍ജി പതിപ്പുമായി ബ്ളൂടൂത്ത് 4.0 എത്തിയതോടെ ഫയല്‍ കൈമാറ്റം ബുദ്ധിമുട്ടു കുറഞ്ഞതായി. ബ്ളൂടൂത്തിനേക്കാള്‍ പല മടങ്ങ് വേഗവുമായി വൈ ഫൈ (വയര്‍ലസ് ഫിഡലിറ്റി) പലരൂപത്തില്‍ അവതരിപ്പിച്ചപ്പോഴും ഉപകരണങ്ങള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന കണ്ണിയായി ബ്ളൂടൂത്ത് നിലനിന്നു. 25,000ത്തിലധികം കമ്പനികള്‍ അംഗങ്ങളായ ബ്ളൂടൂത്ത് സ്പെഷല്‍ ഇന്‍ററസ്റ്റ് ഗ്രൂപ്പ് (സിഗ്) ആണ് ഇതിന്‍െറ നിലവാരം കൈകാര്യം ചെയ്യുന്നത്. ലഘുദൂരമുള്ള വിലകുറഞ്ഞ ട്രാന്‍സീവര്‍ മൈക്രോചിപ്പുകളാണ് ഉപകരണങ്ങളില്‍ ബ്ളൂടുത്ത് സിഗ്നല്‍ സൃഷ്ടിക്കുന്നത്. റേഡിയോ തരംഗങ്ങളായാണ് സഞ്ചാരം. 2.4 ജിഗാഹെര്‍ട്സ് ഇന്‍ഡസ്ട്രിയല്‍ സയന്‍റിഫിക് ആന്‍ഡ് മെഡിക്കല്‍ റേഡിയോ ബാന്‍ഡ് അഥവാ ഐഎസ്എം ബാന്‍ഡിലാണ് ബ്ളൂടുത്തിന്‍െറ പ്രവര്‍ത്തനം.
വൈ ഫൈയും ബ്ളൂടൂത്തും
1991ലാണ് വൈ ഫൈ പ്രചാരത്തിലായത്. വൈ ഫൈക്ക് വീടിനകത്ത് 30 മീറ്ററും പുറത്ത് 95 മീറ്ററുമാണ് സിഗ്നല്‍ പരിധി. ബ്ളൂടൂത്തില്‍ ഇത് അഞ്ച് മുതല്‍ 30 മീറ്റര്‍ വരെയാണ്. പക്ഷെ വൈ ഫൈ ഏറെ വൈദ്യുതി ഉപയോഗിക്കുമ്പോള്‍ ബ്ളൂടുത്തിന് കുറച്ചുമതി. ബ്ളൂടൂത്തിന് സെക്കന്‍ഡില്‍ 2.1 മെഗാബൈറ്റ്സ് വേഗമുള്ളപ്പോള്‍ വൈ ഫൈക്ക് സെക്കന്‍ഡില്‍ 600 മെഗാബൈറ്റാണ് വേഗം. ബ്ളൂടൂത്ത് 2.4 ജിഗാഹെര്‍ട്സ് ബാന്‍ഡ് ഉപയോഗിക്കുമ്പോള്‍ വൈ ഫൈയുടേത് 2.4, 3.6, 5 ജിഗാഹെര്‍ട്സുകളിലാണ്.
രാജാവിന്‍െറ പേര്
സ്വീഡനിലെ ലുണ്ട് ആസ്ഥാനമായ എറിക്സണ്‍ മൊബൈലിലെ ഡോ ജൊഹാന്‍ ഉള്‍മാന്‍, ഡോ നില്‍സ് റിഡ്ബെക്ക് എന്നിവര്‍ 1989ലാണ് ബ്ളൂടൂത്ത് എന്ന റേഡിയോ തരംഗങ്ങള്‍ കണ്ടുപിടിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് തുടക്കംകുറിച്ചത്. ഏറെക്കഴിഞ്ഞ് 1997ലാണ് ബ്ളൂടൂത്ത് എന്ന പേര് ലഭിക്കുന്നത്. പോരടിച്ചുനിന്ന ഡാനിഷ് ഗോത്രങ്ങളെ ഒന്നിപ്പിച്ച് ഒറ്റ രാജ്യമാക്കിയ പത്താം നൂറ്റാണ്ടിലെ രാജാവായ ഹെരാള്‍ഡ് ബ്ളൂടുത്തില്‍നിന്നാണ് ആ പേര് കടമെടുത്തത്. ക്ളാസ് അടിസ്ഥാനത്തിലാണ് ബ്ളൂടൂത്തിന് ദൂരപരിധി നിശ്ചയിക്കുക. സാധാരണ മൊബൈല്‍ ഉപകരണങ്ങളില്‍ കാണുന്ന വിഭാഗത്തില്‍പെട്ട ബ്ളൂടൂത്ത് ക്ളാസ് 3 ആണ്. ഇതിന് ഒരു മീറ്റര്‍ വരെയാണ് പരിധി. ക്ളാസ് ഒന്നിന് 100 മീറ്റര്‍ വരെയും ക്ളാസ് രണ്ടിന് 10 മീറ്റര്‍ വരെയുമാണ് പരിധി.
പതിപ്പുകള്‍
2014 ഡിസംബറിലാണ് നിലവിലെ അവസാന പതിപ്പായ ബ്ളൂടുത്ത് 4.2 എത്തുന്നത്. ഇപ്പോള്‍ പ്രചാരത്തിലില്ലാത്ത ആദിമ പതിപ്പായ ബ്ളൂടൂത്ത് 1.2ന് സെക്കന്‍ഡില്‍ ഒരു മെഗാബൈറ്റ് വരെ ആയിരുന്നു ഡാറ്റ കൈമാറ്റ വേഗം. ബ്ളൂടൂത്ത് 2.0+ ഇഡിആര്‍(എന്‍ഹാന്‍സ്ഡ് ഡാറ്റ റേറ്റ്) പതിപ്പിന് സെക്കന്‍ഡില്‍ മൂന്ന് മെഗാബൈറ്റാണ് വേഗം. 2007ല്‍ ഇറങ്ങിയ ബ്ളൂടുത്ത് 2.1 പതിപ്പില്‍ സുരക്ഷക്കായിരുന്നു മുന്‍തൂക്കം. സെക്വര്‍ സിംപിള്‍ പെയറിങ്ങിലൂടെ കൈമാറുന്ന ഡാറ്റയുടെ സംരക്ഷണവും ഉറപ്പാക്കി. ബ്ളൂടൂത്ത് 3.0+ ഹൈ സ്പീഡ് പതിപ്പിന് സെക്കന്‍ഡില്‍ 24 മെഗാബൈറ്റും ബ്ളൂടൂത്ത് 4.0 എല്‍ഇ (ലോ എനര്‍ജി) പതിപ്പിന് സെക്കന്‍ഡില്‍ 24 മെഗാബൈറ്റു വരെയാണ് വേഗം. ഡിജിറ്റല്‍ തെര്‍മോമീറ്ററുകള്‍, ഹാര്‍ട്ട്റേറ്റ് മോണിട്ടറുകള്‍ തുടങ്ങിയ കുറഞ്ഞ വൈദ്യുതി ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ക്ക് 4.0 പതിപ്പ് അനുഗ്രഹമായിരുന്നു. അതിവേഗമുള്ള നാലാംതലമുറ (ഫോര്‍ജി) എല്‍ടിഇ (ലോങ് ടേം ഇവല്യൂഷന്‍) സെല്ലുലര്‍ നെറ്റ്വര്‍ക്കുമായ ചേര്‍ന്ന് എത്രവേഗത്തിലും ബ്ളൂടൂത്ത് 4.1 പതിപ്പ് പ്രവര്‍ത്തിക്കും. കുടാതെ മുന്‍ഗാമികളുടെ എല്ലാ സവിശേഷതകളും ഉള്‍പ്പെട്ടതുമാണ് 4.1 പതിപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.