ചരിത്രം രചിക്കണോ, വാങ്ങൂ ഈ ‘ഹാസല്‍ബ്ളാഡ്’ കാമറ
text_fieldsചരിത്രനിമിഷങ്ങള്‍ക്കൊപ്പം നടന്ന് നല്ലപേരു കേള്‍പ്പിച്ചതിന്‍െറ തലക്കനമുണ്ട് ഹാസല്‍ബ്ളാഡിന്. സ്വീഡന്‍ ആസ്ഥാനമായ മീഡിയം ഫോര്‍മാറ്റ് കാമറ കമ്പനി വിക്ടര്‍ ഹാസല്‍ബ്ളാഡ് എബി (Hasselblad) രണ്ടാം ലോകമഹായുദ്ധ കാലം മുതലേ കാമറ നിര്‍മാണത്തിലുണ്ട്. ചന്ദ്രനില്‍ മനുഷ്യന്‍ ആദ്യമായി കാലുകുത്തിയ അപ്പോളോ ദൗത്യത്തിലും ഈ കാമറ പങ്കാളിയായി. ഈ ദൗത്യത്തിലെ ഭൂരിഭാഗം നിശ്ചല ചിത്രങ്ങളും പകര്‍ത്തിയത് മോഡിഫൈഡ് ചെയ്ത ഹാസല്‍ബ്ളാഡ് കാമറ ഉപയോഗിച്ചാണത്രെ.
വിക്ടര്‍ ഹാസല്‍ബ്ളാഡ് എന്നയാള്‍ 1941ലാണ് വിക്ടര്‍ ഹാസല്‍ബ്ളാഡ് എബി എന്ന ഈ കാമറ കമ്പനി സ്ഥാപിക്കുന്നത്. എന്നാല്‍ സ്വീഡനിലെ ഗോഥന്‍ബര്‍ഗില്‍ 1841 മുതല്‍ വാണിജ്യസ്ഥാപനമെന്ന നിലയില്‍ F. W. Hasselblad and Co കമ്പനിയുണ്ട്. ഫ്രിറ്റ്സ് വിക്ടര്‍ ഹാസല്‍ബ്ളാഡ് ആണ് സ്ഥാപകന്‍. ഇദ്ദേഹത്തിന്‍െറ കൊച്ചുമകനായ കാള്‍ എറിക് ഹാസല്‍ബ്ളാഡിന്‍െറ മകന്‍ വിക്ടര്‍ ഹാസല്‍ബ്ളാഡ് ആണ് ഇതിനെ ഒരു കാമറക്കമ്പനിയായി വളര്‍ത്തിയത്. 18 ാംവയസില്‍ കാമറ ബിസിനസ് പഠിക്കാന്‍ പിതാവ് വിക്ടറിനെ ജര്‍മനിയില്‍ അയച്ചു. രണ്ടാംലോക മഹായുദ്ധത്തില്‍ സ്വീഡിഷ് സൈന്യത്തിന്‍െറ പക്കല്‍ ജര്‍മന്‍ വ്യോമനിരീക്ഷണ കാമറ വന്നുപെട്ടു. 1940ല്‍ സ്വീഡിഷ് സര്‍ക്കാര്‍ അത്തരമൊന്ന് നിര്‍മിക്കാന്‍ വിക്ടറിനെ സമീപിച്ചു. ആവര്‍ഷം ഏപ്രിലില്‍ ഗോഥന്‍ബര്‍ഗില്‍ വിക്ടര്‍ ഓട്ടോമൊബൈല്‍ വര്‍ക്ഷോപ് ഷെഡില്‍ കാമറ വര്‍ക്ഷോപ് സ്ഥാപിച്ചു. അങ്ങനെ എച്ച്കെ 7 കാമറ രൂപകല്‍പന ചെയ്തു. 1941 മുതല്‍ 1945 വരെ വിക്ടര്‍ സ്വീഡിഷ് സൈന്യത്തിന് 342 കാമറകളാണ് നിര്‍മിച്ചുനല്‍കിയത്. 1942ല്‍ കാള്‍ എറികിന്‍െറ മരണത്തോടെ വിക്ടര്‍ കാമറ കമ്പനി ഏറെറ്റടുത്തു.
ഈ കമ്പനിയാണ് ഹാസല്‍ബ്ളാഡ് X1D എന്ന കാമറയുമായി എത്തിയത്. ലോകത്തെ ആദ്യ കോംപാക്ട് മിറര്‍ലസ് മീഡിയം ഫോര്‍മാറ്റ് കാമറ എന്നാണ് വിശേഷണം. നിക്കോണ്‍ ഡി 5, സോണി A7R II എന്നിവയുടെ ഫുള്‍ ഫ്രെയിം സെന്‍സറിനേക്കാള്‍ 68 ശതമാനം വലുതാണ് മീഡിയം ഫോര്‍മാറ്റ് സെന്‍സര്‍. ഇതിലെടുത്ത ചിത്രങ്ങള്‍ക്ക് കൂടുതല്‍ മിഴിവും മികച്ച ഡൈനാമിക് റേഞ്ചുമുണ്ടാവും. മിറര്‍ലസ് കാമറയുടെ കോംപാക്ട് രൂപമാറ്റം പറയത്തക്ക നേട്ടവുമാണ്. മേല്‍ത്തരം മിറര്‍ലസ് കാമറകളേക്കാള്‍ വലുതും ഡിഎസ്എല്‍ആറുകളേക്കാള്‍ ചെറുതുമാണിത്. ചെറിയ ബാഗില്‍ ഒതുങ്ങും. ഊഹിച്ചതുപോലെ ഇതിന് വില കൂടുതലാണ്. നികുതിയില്ലാതെ ബോഡിക്ക് മാത്രം 8,995 ഡോളര്‍ (ഏകദേശം 6,11900 രൂപ) നല്‍കണം. കാമറക്കുള്ള രണ്ട് പുതിയ XCD ലെന്‍സുകള്‍ ഇറക്കിയിട്ടുണ്ട്. 45 എംഎം f/3.5 ലെന്‍സിന് 2,295 ഡോളര്‍ (ഏകദേശം 1.56 ലക്ഷം) വേണം. 90 എംഎം f/3.2 ലെന്‍സിന് 2,695 ഡോളര്‍ (ഏകദേശം 1, 83400) കൊടുക്കണം. സ്വീഡനില്‍ കൈകൊണ്ട് നിര്‍മിച്ച X1Dക്ക് 50 മെഗാപിക്സല്‍ സിമോസ് (കോംപ്ളിമെന്‍ററി മെറ്റല്‍ ഓക്സൈഡ് സെമികണ്ടക്ടര്‍) സെന്‍സറാണുള്ളത്. 100-25600 ആണ് ഐ.എസ്.ഒ റേഞ്ച്. 725 ഗ്രാമാണ് ഭാരം. വൈ ഫൈ, ജിപിഎസ്, ഫുള്‍ എച്ച്ഡി വീഡിയോ റെക്കോര്‍ഡിങ്, സ്റ്റീരിയോ മൈക്രോഫോണ്‍, മിനി എച്ച്ഡിഎംഐ, 2.36 എം ഡോട്ട് റസലൂഷനുള്ള ഇലക്ട്രോണിക് വ്യൂ ഫൈന്‍ഡര്‍, 920 കെ ഡോട്ട് റസലൂഷനിലുള്ള മൂന്ന് ഇഞ്ച് ടച്ച്സ്ക്രീന്‍ എന്നിവയാണ് വിശേഷങ്ങള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.