ടിക്ടോക് സ്റ്റാറിനെ കളിയാക്കി; ഏഴ് കോടി കാഴ്ചക്കാരുള്ള വിഡിയോ നീക്കി യൂട്യൂബ്, വിവാദം
text_fields
ന്യൂഡൽഹി: ഗൂഗ്ളിെൻറ വിഡിയോ അപ്ലോഡിങ് പ്ലാറ്റ്ഫോമായ യൂട്യൂബും സമീപകാലത്ത് വലിയ രീതിയിൽ പ്രചാരം നേടിയ ടിക്ടോകും തമ്മിലുള്ള യുദ്ധം കൊടുമ്പിരി കൊള്ളുകയാണ്. ചൈനീസ് വമ്പൻമാരായ ടിക്ടോകും അമേരിക്കയുടെ യൂട്യൂബും പരസ്പരം പോരടിക്കുകയല്ല, മറിച്ച് ഇരു പ്ലാറ്റ്ഫോമുകളിലും വിരാജിക്കുന്ന യൂസർമാരാണ് ഇപ്പോൾ തമ്മിലടി തുടങ്ങിയിരിക്കുന്നത്. പരസ്പരം ചളിവാരിയെറിയുന്ന തരത്തിൽ കാര്യങ്ങൾ പോയതോടെ ആദ്യ ഘട്ട നടപടിയെന്ന നിലക്ക് യൂട്യൂബ് അത്തരത്തിലുള്ള ഒരു വിഡിയോ നീക്കം ചെയ്തിരിക്കുകയാണ്.
അജയ് നഗർ എന്ന യൂട്യൂബ് സൂപ്പർ സ്റ്റാറിെൻറ ഒന്നരക്കോടിയോളം സബ്സ്ക്രൈബർമാരുള്ള കാരിമിനാറ്റി എന്ന ചാനലാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ട്രെൻറിങ്. ടിക്ടോക് യൂസർമാരെ റോസ്റ്റ് ചെയ്ത് (കളിയാക്കി) കാരിമിനാറ്റി അപ്ലോഡ് ചെയ്ത് ‘ടിക്ടോക് vs യൂട്യൂബ്: ദ എൻഡ്’ എന്ന വിഡിയോ യൂട്യൂബിെൻറ നിബന്ധനകൾ ലംഘിച്ചു എന്ന് കാട്ടി പ്ലാറ്റ്ഫോമിൽ നിന്നും നീക്കം ചെയ്തു. പിന്നാലെ ട്വിറ്ററിൽ #justiceforcarry, #bringbackcarrysvideo, #shameonyoutube എന്നീ ഹാഷ്ടാഗുകൾ തരംഗമാവാൻ തുടങ്ങുകയായിരുന്നു.
ആമിർ സിദ്ദിഖി എന്ന പ്രശസ്ത ടിക്ടോക് കൊമേഡിയനെയാണ് കാരിമിനാറ്റി പ്രധാനമായും യൂട്യൂബ് വിഡിയോയിൽ കളിയാക്കിയത്. യൂട്യൂബ് കണ്ടൻറ് ക്രിയേറ്റർമാർക്കെതിരെ ആമിർ സിദ്ദിഖി സംസാരിക്കുന്ന വിഡിയോയാണ് കാരിമിനാറ്റിയെ ചൊടിപ്പിച്ചത്. പിന്നാലെ റോസ്റ്റിങ് വിഡിയോയുമായി എത്തുകയായിരുന്നു. റോസ്റ്റിങ് വിഡിയോ വ്യക്തിഹത്യ നടത്തുന്ന രീതിയിലേക്ക് പോയെന്ന കമൻറുകളുമായി നിരവധിപേർ എത്തിയിരുന്നു.
ഏറ്റവും ചുരുങ്ങിയ സമയം കൊണ്ട് ഏഴ് കോടി കാഴ്ചക്കാരും ലക്ഷക്കണക്കിന് ലൈക്കുകളും ലഭിച്ച വിഡിയോ യൂട്യൂബ് ഇന്ത്യയുടെ പല റെക്കോർഡുകളും തകർത്തു. 37 ലക്ഷത്തോളം ആരാധകരുള്ള ആമിർ സിദ്ദിഖി അജയ് നഗറിെൻറ വിഡിയോ വലിയ രീതിയിൽ ഹിറ്റായതിന് പിന്നാലെ മറുപടി വിഡിയോയുമായി രംഗത്തെത്തിയിരുന്നു.
കാരിമിനാറ്റിയുടെ വിഡിയോ ചിലർ കൂട്ടമായി റിപ്പോർട്ട് ചെയ്തതോടെയാണ് യൂട്യൂബിന് പിൻവലിക്കേണ്ടി വന്നതെന്നാണ് സൂചന. എന്തായാലും സംഭവം ഇരു പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുന്നവർക്കിടയിൽ വലിയ അസ്വാരസ്യങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.