രേഖകളെല്ലാം ലോക്കറിലാക്കാം
text_fieldsപ്രളയക്കെടുതിയിൽ രേഖകൾ നഷ്ടപ്പെട്ട് എന്തുചെയ്യണമെന്നറിയാതെ മനസ്സുരുകി കഴിയുകയാണ് പലരും. സ്കൂൾ സർട്ടിഫിക്കറ്റും ആധാരവും ആധാർ കാർഡും പാൻ കാർഡും എല്ലാം വെള്ളം കവർന്നു. ഇനി അവ ബാങ്ക് ലോക്കറിൽ സൂക്ഷിച്ചാലും പ്രകൃതിദുരന്തങ്ങൾ വരുേമ്പാൾ നഷ്ടപ്പെടില്ലെന്ന് ഒരു ഉറപ്പുമില്ല. ഇൗ സാഹചര്യത്തിലാണ് ഡിജി ലോക്കർ രക്ഷക്കെത്തുന്നത്. വിലപ്പെട്ട രേഖകളായ ഡ്രൈവിങ് ലൈസൻസ്, പാൻകാർഡ്, സ്കൂൾ-കോളജ് സർട്ടിഫിക്കറ്റുകൾ തുടങ്ങിയവ ഡിജിറ്റലായി സൂക്ഷിക്കാനും ആവശ്യമുള്ളപ്പോൾ അധികൃതരെ കാട്ടാനുമുള്ള മാർഗമാണ് ഡിജിറ്റല്‍ ലോക്കര്‍ അഥവാ ഡിജി ലോക്കർ. കേന്ദ്ര സർക്കാറിെൻറ ഇലക്ട്രോണിക്സ്, വിവരസാേങ്കതികവിദ്യ മന്ത്രാലയമാണ് ഡിജി ലോക്കറിെൻറ സ്രഷ്ടാക്കൾ. നാളുകളായി കേൾക്കുന്ന പേരാണ് ഡിജി ലോക്കർ, എം പരിവാഹൻ എന്നിവ. 2015 ലാണ് ഡിജി ലോക്കർ പുറത്തിറങ്ങിയത്. എം പരിവാഹൻ 2017ലും. എന്നാൽ, മുമ്പ് ഇതിൽ സൂക്ഷിക്കുന്ന രേഖകള്‍ അധികൃതര്‍ അംഗീകരിച്ചിരുന്നില്ല.
ഇപ്പോൾ കേരള സർക്കാർ രേഖകൾ എല്ലാം ഡിജി ലോക്കറിൽ ലഭ്യമാക്കാൻ ഉത്തരവുണ്ട്. വാഹനപരിശോധനക്കിടെ ഡിജി ലോക്കറിലെ ഡ്രൈവിങ് ലൈസൻസ്, ഇൻഷുറൻസ്, വാഹന രജിസ്ട്രേഷൻ എന്നിവ കാട്ടിയാൽ മതിയെന്ന് കേരള പൊലീസും വ്യക്തമാക്കി കഴിഞ്ഞു. ഡ്രൈവിങ് ലൈസന്സിെൻറയും വാഹന രജിസ്ട്രേഷന്‍ രേഖകളുടെയും ഡിജിറ്റല്‍ പകര്‍പ്പിന് നിയമ സാധുത നല്‍കി ആഗസ്റ്റിൽ കേന്ദ്ര ഗതാഗത മന്ത്രാലയം ഉത്തരവിറക്കിയിരുന്നു. നിയമപാലകര്‍, അധികാരികള്‍ എന്നിവർ ആവശ്യപ്പെടുന്നപക്ഷം വാഹന ഉടമ, ഡ്രൈവര്‍ ലൈസന്‍സ്, വാഹന രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഇൻഷുറന്‍സ് സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവ പരിശോധനക്ക് നല്‍കണമെന്നാണ് മോട്ടോര്‍ വാഹന നിയമം 1988, കേന്ദ്ര മോട്ടോര്‍ വാഹന റൂള്‍ 1989 എന്നിവ പറയുന്നത്.
ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ട് (2000) പ്രകാരം ഫോണിൽ ഇൻസ്റ്റാള്‍ ചെയ്ത ഡിജി ലോക്കറില്‍ നിയമപരമായി സൂക്ഷിച്ചിരിക്കുന്ന രേഖകളുടെ ഡിജിറ്റല്‍ പതിപ്പ് കാണിച്ചാല്‍ മതിയാകും. നിയമലംഘനം നടന്നതിെൻറ അടിസ്ഥാനത്തില്‍ ഏതെങ്കിലും രേഖകള്‍ പിടിച്ചെടുക്കേണ്ടതുണ്ടെങ്കില്‍ നിയമപാലകര്‍ക്ക് രേഖകള്‍ പിടിച്ചെടുക്കാതെ വിവരം ഡിജി ലോക്കറില്‍ രേഖപ്പെടുത്താനും സംവിധാനമുണ്ട്. ഇത്തരം മറ്റ് നിരവധി ആപ്പുകളും ഫോണിലെ സ്റ്റോറുകളിൽ ഡൗൺലോഡ് ചെയ്യാൻ ലഭിക്കുമെന്നതിനാൽ ഡിജി ലോക്കർ, എം പരിവാഹൻ ആപ്പുകളാണ് കൈകാര്യം ചെയ്യുന്നതെന്ന് ഉറപ്പുവരുത്തണം. ഇല്ലെങ്കിൽ രേഖകൾ ചോരാൻ വേറെ വഴി നോക്കേണ്ട.
ഡിജി ലോക്കര്‍
ആധാര്‍ നമ്പര്‍ ഉള്ള ആര്‍ക്കും അത് നൽകി ഡിജി ലോക്കര്‍ ആപ് തുറന്ന് രേഖകൾ സൂക്ഷിക്കാം. ആധാര്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ്, ഐഡൻറിറ്റി കാര്‍ഡ്, പാന്‍കാര്‍ഡ്, ബിരുദ സര്‍ട്ടിഫിക്കറ്റ്, വസ്തുവിെൻറ ആധാരം തുടങ്ങി സൂക്ഷിക്കേണ്ട എന്തു രേഖയും സ്‌കാന്‍ ചെയ്ത് ഡിജി ലോക്കറിലേക്ക് അപ്‌ലോഡ് ചെയ്യാം. യഥാർഥ രേഖ നഷ്ടപ്പെട്ടാലും ഡിജിറ്റല്‍ ലോക്കറിലേതിന് പോറൽപോലുമുണ്ടാവില്ല. ക്ലൗഡ് സെര്‍വർ രേഖകൾ സൂക്ഷിക്കുന്നതിനാല്‍ എവിടെനിന്നും ആവശ്യമുള്ളപ്പോള്‍ ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം.
https://digilocker.gov.in/ എന്ന വെബ്സൈറ്റിലൂടെയോ സ്മാർട്ട്ഫോണിലെ ആപ്പുവഴിയോ രേഖകൾ സുരക്ഷിതമാക്കാം. ആൻഡ്രോയിഡ്, ആപ്പിൾ ഫോണുള്ളവർ പ്ലേ സ്റ്റോർ അല്ലെങ്കിൽ ആപ് സ്റ്റോറിൽ പോയി ‘DigiLocker’ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുക. ആപ്പ് തുറക്കുമ്പോൾ ഫോൺ നമ്പർ നൽകി കണ്ടിന്യൂ ബട്ടൺ ക്ലിക്ക് ചെയ്യുക. ഇന്ത്യൻ മൊബൈൽ നമ്പർ വേണം. വിദേശ നമ്പറുകൾ സ്വീകാര്യമല്ല. ഫോണിലേക്ക് ലഭിക്കുന്ന ഒ.ടി.പി (വൺ ടൈം പാസ്‌വേഡ്) നൽകിയാൽ യൂസർ നെയിമും പാസ്വേഡും ആവശ്യപ്പെടും. അക്ഷരങ്ങളും നമ്പറുകളും ചിഹ്നങ്ങളും േചർത്ത് യൂസർ നെയിമും പാസ്വേഡും നൽകുക. അടുത്തതായി ആധാർ നമ്പർ നൽകിയാൽ ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈൽ നമ്പറിലേക്ക് ഒ.ടി.പി ലഭിക്കും. ആ ഒ.ടി.പി നൽകിയാൽ ആധാർ കാർഡ് ആപ്പിൽ കാണാം. ഇനി രേഖകൾ അപ്ലോഡ് ചെയ്യാം. അല്ലെങ്കിൽ സർട്ടിഫിക്കറ്റ് നമ്പർ നൽകിയാൽ അതതു വകുപ്പുകളിൽനിന്ന് സർട്ടിഫിക്കറ്റുകളുടെ ഡിജിറ്റൽ രൂപം ഡിജി ലോക്കറിലെത്തും.
ആപ് തുറന്നാൽ ഡാഷ്ബോർഡ്, ഇഷ്യൂഡ്, അപ്ലോഡഡ് എന്നീ മൂന്ന് ഭാഗങ്ങളാണുള്ളത്. ഇതിൽ ‘ഇഷ്യൂഡ്’എന്ന വിഭാഗത്തിൽ തൊട്ടാൽ വിവിധ വിഭാഗങ്ങളുടെ വിവരങ്ങൾ ലഭ്യമാകും. ഡ്രൈവിങ് ലൈസൻസ്, ഇൻഷുറൻസ്, പാൻ കാർഡ്, സ്കൂൾ സർട്ടിഫിക്കറ്റ് തുടങ്ങിയ രേഖകളുടെ നമ്പറും വിവരങ്ങളും നൽകിയാൽ ഡിജി ലോക്കറിൽ സർട്ടിഫിക്കറ്റ് എത്തും. സ്കൂൾ സർട്ടിഫിക്കറ്റുകൾ, ഇ-ഡിസ്ട്രിക്ട് വഴിയുള്ള സർട്ടിഫിക്കറ്റുകൾ, ആധാർ, പാൻ കാർഡ്, ഡ്രൈവിങ് ലൈസൻസ്, ആർ.സി ബുക്ക്, ഇൻഷുറൻസ് എന്നിവ ഇഷ്യൂഡ് വിഭാഗത്തിൽ ലഭിക്കും.
അതല്ല, കൈയിലിരിക്കുന്ന രേഖകൾ അപ്ലോഡ് ചെയ്യാനാണെങ്കിൽ അപ്ലോഡഡിൽ പോയാൽ മതി. സ്കാൻ ചെയ്ത സർട്ടിഫിക്കറ്റുകൾ സൂക്ഷിക്കാൻ ഒരു ജി.ബി സ്ഥലമാണുള്ളത്. പത്ത് എം.ബി വരെയുള്ള പി.ഡി.എഫ്, ജെപെഗ്, പി.എൻ.ജി ഫയലുകൾ അപ്ലോഡ് ചെയ്യാം. ഇ-സൈൻ നൽകിയാൽ മാത്രമേ ഉപയോഗിക്കാൻ കഴിയൂ. സ്കാൻ ചെയ്ത സർട്ടിഫിക്കറ്റുകൾ അപ്‍ലോഡ് ചെയ്യുക. ഫയലിനു നേരെ അമർത്തി ഇ-സൈൻ ഓപ്ഷൻ തിരഞ്ഞെടുക്കുക. മൊബൈലിൽ ഒ.ടി.പി എത്തും. ഇ-സൈനിങ് പൂർത്തിയായാൽ പച്ച ടിക് മാർക്ക് കാണാം. ഡിജിലോക്കർ സർട്ടിഫിക്കറ്റ് യഥാർഥമാണോയെന്ന് ഉറപ്പിക്കാൻ ഫോണിലെ ഡിജിലോക്കർ ക്യു.ആർ കോഡ് സ്കാനർ വഴി സ്കാൻ ചെയ്യാം. യഥാർഥമെങ്കിൽ ‘വെരിഫൈഡ്’ സന്ദേശം ലഭിക്കും.
എം പരിവാഹന്‍
കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം പുറത്തിറക്കിയ ഗതാഗത സേവനങ്ങള്‍ നല്‍കുന്ന ആപ്പാണ് എം പരിവാഹന്‍. വാഹന വിവരങ്ങള്‍ അറിയാം. വാഹന രജിസ്ട്രേഷൻ നമ്പറും വിവരങ്ങളും വാഹന ഉടമയുടെ വിവരങ്ങളും ലഭ്യമാവും. ആര്‍.സി, ഡ്രൈവിങ് ലൈസന്‍സ്, ലേണേഴ്‌സ് ലൈസന്‍സ് എന്നിവ ഡിജിറ്റല്‍ രൂപത്തില്‍ സൂക്ഷിക്കാം. പരിസരത്തുള്ള ആർ.ടി ഓഫിസുകള്‍ കണ്ടെത്താനും ഉപയോഗിക്കാം. റോഡിലെ വാഹനത്തിരക്ക് അറിയാന്‍ ട്രാഫിക് സ്റ്റാറ്റസ് നോക്കിയാൽ മതി. അപകടങ്ങളും ഗതാഗതനിയമ ലംഘനങ്ങളും നേരിട്ടുകണ്ടാൽ ചിത്രമെടുത്ത് അപ്ലോഡ് ചെയ്താല്‍ അധികൃതര്‍ നടപടി സ്വീകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.