ജിയോ മീറ്റുമായി ജിയോയും വീഡിയോ പ്ലാറ്റ്ഫോമിലേക്ക്
text_fieldsന്യൂഡൽഹി: ലോക്ഡൗൺ കാലത്ത് ഏറെ ജനപ്രിയമായി മാറിയ വീഡിയോ കോൺഫറൻസിങ് പ്ലാറ്റ്ഫോമിലേക്ക് ഇന്ത്യൻ ടെലികോം ഭീമൻമാരായ ജിയോയും കാലെടുത്ത് വെക്കുന്നു. വീഡിയോ കോൺഫറൻസിങ് സേവനം ലഭ്യമാക്കുന്ന ‘ജിയോമീറ്റ്’ വ്യഴാഴ്ച നടന്ന ചടങ്ങിൽ റിലയൻസ് ഇൻഡസ്ട്രീസ് അവതരിപ്പിച്ചു. ലോക്ഡൗൺ കാലത്ത് ആളുകളുടെ വിരസത മാറ്റുകയും ജോലി സുഗമമാക്കുകയും ചെയ്ത ഗൂഗ്ൾ മീറ്റ്, മൈക്രോസോഫ്റ്റ് ടീംസ്, സൂം, സ്കൈപ്പ് എന്നീ ആപ്ലിക്കേഷനുകൾക്ക് കനത്ത വെല്ലുവിളി ഉയർത്താനാണ് ജിയോ മീറ്റ് ലക്ഷ്യമിടുന്നത്.
ആൻഡ്രോയ്ഡ്, ഐ.ഒ.എസ് ഉപകരണങ്ങളിലും വിൻഡോസ്, മാക് ഒ.എസ് കംപ്യൂട്ടറുകളിലും ജിയോമീറ്റ് ലഭ്യമാകും. ഗൂഗ്ൾ ക്രോം, മോസില്ല ഫയർഫോക്സ് എന്നീ വെബ്ബ്രൗസറുകൾ വഴിയും ജിയോമീറ്റ് ഉപയോഗിക്കാനാകും. ഹൈഡെഫനിഷൻ (എച്ച്.ഡി) വീഡിയോ അനുഭവം നൽകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഇ- െമയിൽ ഐ.ഡിയും പാസ്വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്തും ‘ഗസ്റ്റ്’ ആയും വീഡിയോ കോൺഫറൻസിങ് നടത്താം.
ഇന്ത്യയിൽ അതിവേഗ ഇൻറർനെറ്റ് യുഗത്തിന് വിത്തുപാകിയ ജിയോക്ക് നിലവിൽ രാജ്യത്ത് 38 കോടിയിലേറെ ഉപയോക്താക്കളുണ്ട്. 2019-20 വർഷത്തിലെ നാലാംപാദത്തിൽ മാത്രം 2.4 കോടി ഉപയോക്താക്കളെ സമ്പാദിക്കാൻ ജിയോക്കായി. ഇക്കാലയളവിൽ 43 ശതമാനം വളർച്ച രേഖപ്പെടുത്തിയ ജിയോ 6201 കോടി രൂപയുടെ വരുമാനം സ്വന്തമാക്കി. അടുത്തിടെ സമൂഹമാധ്യമ ഭീമൻമാരായ ഫേസ്ബുക്ക് ജിയോയുടെ 9.99 ശതമാനം ഓഹരി വാങ്ങിയിരുന്നു. 43574 കോടി രൂപയുടെ നിക്ഷേപമാണ് ഫേസ്ബുക്ക് ജിയോയിൽ നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.