മൈക്രോസോഫ്റ്റ് സ്ഥിരീകരിച്ചു; യു.എസിൽ ടിക്ടോകിനെ സ്വന്തമാക്കും
text_fieldsവാഷിങ്ടൺ: ജനപ്രിയ വിഡിയോ ഷെയറിങ് ആപ്പ് ടിക്ടോകിനെ അമേരിക്കയിൽ ഏറ്റെടുക്കുമെന്ന് മൈക്രോസോഫ്റ്റ് സ്ഥിരീകരിച്ചു. ടിക്ടോക് ഉടമസ്ഥരായ ചൈനീസ് കമ്പനി ബൈറ്റ് ഡാൻസുമായി ഇതുസംബന്ധിച്ച് ചർച്ച നടക്കുകയാണെന്നും സുരക്ഷാ പ്രശ്നങ്ങളും മറ്റ് ആശങ്കകളുമായി ബന്ധപ്പെട്ട് യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപുമായി ചർച്ച നടത്തിയതായും മൈക്രോസോഫ്റ്റ് വ്യക്തമാക്കി.
യു.എസിനെ കൂടാതെ കാനഡ, ആസ്ട്രേലിയ, ന്യൂസിലാൻഡ് എന്നീ രാജ്യങ്ങളിലെയും ടിക്ടോക്കിന്‍റെ ഉടമസ്ഥാവകാശം മൈക്രോസോഫ്റ്റ് വാങ്ങും. സെപ്റ്റംബർ 15ഓടെ ഇതുസംബന്ധിച്ച ചർച്ചകൾ പൂർത്തിയാക്കും.
യു.എസിൽ ടിക്ടോക് നിരോധിക്കുമെന്ന് വെള്ളിയാഴ്ച പ്രസിഡന്‍റ് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. തുടർന്ന് മൈക്രോസോഫ്റ്റ് സി.ഇ.ഒ സത്യ നാദെല്ല ട്രംപുമായി സംസാരിക്കുകയും ചെയ്തു. തുടർന്നാണ് ടിക്ടോകിനെ ഏറ്റെടുക്കാനുള്ള നീക്കം മുന്നോട്ടുകൊണ്ടുപോകുന്നത്.
ട്രംപ് ഉയർത്തിയ ആശങ്കകൾ പരിഹരിക്കേണ്ടതുണ്ടെന്ന് പൂർണമായും അംഗീകരിക്കുന്നു. പൂർണമായ സുരക്ഷാ പരിശോധനക്ക് ശേഷം യു.എസിന് സാമ്പത്തിക നേട്ടമുണ്ടാകുന്ന വിധത്തിൽ കൂടിയാകും ടിക്ടോകിനെ ഏറ്റെടുക്കൽ -മൈക്രോസോഫ്റ്റ് പ്രസ്താവനയിൽ പറഞ്ഞു.
ടിക്ടോകിലെ വ്യക്തിവിവരങ്ങളുടെ സുരക്ഷ സംബന്ധിച്ച് ആശങ്കകളുള്ളതായി അമേരിക്ക പലപ്പോഴായി വ്യക്തിമാക്കിയിട്ടുള്ളതാണ്. വ്യക്തിവിവരങ്ങൾ ചൈനീസ് സർക്കാറിന് ലഭിക്കുമെന്ന ആശങ്കയുമുണ്ട്. അതേസമയം, ചൈനീസ് സർക്കാരുമായി ബന്ധമില്ലെന്നും വ്യക്തിവിവരങ്ങൾ സുരക്ഷിതമാണെന്നുമാണ് ബൈറ്റ് ഡാൻസ് വിശദീകരണം.
ഗൽവാൻ ഏറ്റുമുട്ടലിനെ തുടർന്ന് ചൈനയുമായി അതിർത്തി സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ ടിക്ടോക് ഉൾപ്പടെ നിരവധി ചൈനീസ് ആപ്പുകൾക്ക് ഇന്ത്യ നിരോധനം ഏർപ്പെടുത്തിയിരുന്നു. രാജ്യസുരക്ഷ മുൻനിർത്തിയാണ് നിരോധനമെന്ന് കേന്ദ്ര സർക്കാർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.