ടിക്ടോകിന് വെല്ലുവിളിയായെത്തിയ ‘മിത്രോം’ പാകിസ്താനിൽ നിന്നെന്ന് റിപ്പോർട്ട്
text_fieldsന്യൂഡൽഹി: പ്ലേസ്റ്റോറിൽ അവതരിപ്പിച്ച് ഒരു മാസം തികയുന്നതിന് മുേമ്പ അരക്കോടി ഡൗൺലോഡ് സ്വന്തമാക്കി ഇന്ത്യയിൽ തരംഗമായി മാറിയ ‘മിത്രോം’ ആപ് ഇന്ത്യൻ നിർമിതമല്ലെന്നും മറിച്ച് പാകിസ്താനിൽ നിന്നും വാങ്ങിയതാണെന്നും റിപ്പോർട്ട്. ഇന്ത്യൻ ആപെന്ന നിലയിലും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടക്കിടെ ഉപയോഗിക്കുന്ന വാക്ക് പേരായി തെരഞ്ഞെടുത്തതിനാലും വളരെ പെട്ടന്നാണ് ആപ് രാജ്യത്ത് പ്രചാരം നേടിയത്.
ചൈനീസ് വിഡിയോ ഷെയറിങ് ആപ്പായ ടിക്ടോകിൻെറ പകരക്കാരനായാണ് സ്വദേശിയായ മിത്രോം പേരെടുത്തത്. പാകിസ്താനി സോഫ്റ്റ്വെയർ ഡെവലപിങ് കമ്പനിയായ ക്വുബോക്സസ് തയാറാക്കിയ ‘ടിക്ടിക്’ ആണ് പുതിയ രൂപത്തിലും ഭാവത്തിലും ലഭ്യമായത്. മിത്രോം ആപിൻെറ ഉപജ്ഞാതാക്കൾക്ക് ടിക്ടികിൻെറ സോഴ്സ് കോഡ് 34 ഡോളറിന് (ഏകദേശം 2500 രൂപ) വിറ്റുവെന്ന് കമ്പനി സി.ഇ.ഒ ഇർഫാൻ ഷെയ്ഖ് ദേശീയ മാധ്യമത്തോട് വ്യക്തമാക്കി. സോഴ്സ് കോഡ് കസ്റ്റമൈസ് ചെയ്യാവുന്ന തരത്തിലാണ് അവർക്ക് ആപ്പ് വിറ്റതെന്ന് ഷെയ്ഖ് പറഞ്ഞു.
‘വികസിപ്പിക്കുന്നയാൾ ആപ്പിൽ എന്തുചെയ്തുവെന്നത് ഒരു പ്രശ്നമല്ല. അദ്ദേഹം പണം തന്നാണ് അത് ഉപയോഗപ്പെടുത്തിയത്. എന്നാൽ ആളുകൾ അത് ഒരു ഇന്ത്യൻ നിർമിത ആപാണെന്ന് അടയാളപ്പെടുത്തുന്നിടത്താണ് വിഷയം. അത് സത്യമല്ല കാരണം അവർ അതിൽ ഒരുമാറ്റവും വരുത്തയിട്ടില്ല’- ഷെയ്ഖ് കൂട്ടിച്ചേർത്തു. ആരാണ് മിത്രോം ആപ്പ് ഒരുക്കിയതെന്ന കാര്യം ഇനിയും വ്യക്തമല്ല. എന്നാൽ ആപിന് പിന്നിൽ റുർക്കി ഐ.ഐ.ടിയിലെ ഒര വിദ്യാർഥിയാണെന്നാണ് റിപോർട്ട്. ഗൂഗ്ൾ പ്ലേസ്റ്റോറിൽ ആപ് വികസിപ്പിച്ചവരുടെ പേജിലേക്കുള്ള ലിങ്ക് തുറക്കുേമ്പാൾ പ്രത്യക്ഷപ്പെടുന്ന വെബ്സൈറ്റ് ശൂന്യമാണ്.
ടിക്ടോക് പോലെ തന്നെ വിനോദത്തിനായി ചെറു വിഡിയോകൾ പോസ്റ്റ് ചെയ്യാവുന്ന വിധത്തിലാണ് മിത്രോം ആപ്പിൻെറയും നിർമാണം. ഇന്ത്യയിൽ ഏറ്റവും ട്രെൻഡിങ്ങായ ആപ്പുകളിൽ നിലവിൽ രണ്ടാം സ്ഥാനത്താണ് മിത്രോം. സുരക്ഷമാനദണ്ഡങ്ങൾ പാലിക്കാത്ത ആപിൽ സൈൻ ഇൻ ചെയ്യുന്ന ആളുകളുടെ ഡേറ്റയും മറ്റും എവിടേക്കാണ് പോകുന്നതെന്ന് കാര്യവും വ്യക്തമല്ല. ആപ് ഉപയോഗിച്ചവർ നിരവധി ന്യൂനതകൾ ചൂണ്ടിക്കാണിക്കുേമ്പാഴും മികച്ച റേറ്റിങ്ങാണ് നേടിക്കൊണ്ടിരിക്കുന്നത്. ഇന്ത്യൻ നിർമിത ആപെന്ന നിലയിലാണ് ആളുകൾ ഉയർന്ന് റേറ്റിങ് നൽകിയത്. ആപ് പാകിസ്താനിൽ നിന്ന് വാങ്ങിയതാണെന്നറിഞ്ഞാൽ ഒരുപക്ഷേ റേറ്റിങ്ങിൽ വൻ ഇടിവുണ്ടായേക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.