മഴയും മഞ്ഞുമൊക്കെ അനുഭവിപ്പിക്കാൻ 12 ഡി തിയറ്റർ ഒരുങ്ങുന്നു
text_fieldsതൃശൂർ: കുട്ടികളെ മഴയും മഞ്ഞുമൊക്കെ അനുഭവിപ്പിക്കാനാവും വിധം 12 ഡി തിയറ്റർ ഈ വർഷംതന്നെ വിജ്ഞാൻ സാഗറിൽ യാഥാർഥ്യമാകും. തിയറ്ററിന്‍റെ നിർമാണ പ്രവർത്തനങ്ങൾ ഭാഗികമായി പൂർത്തിയായി. 1.6 കോടി ചെലവിട്ട് വിജ്ഞാൻ സാഗറിൽ വരുന്ന സയൻസ് പാർക്കിന്‍റെ ഭാഗമായാണ് 12 ഡി തിയറ്റർ വരുന്നത്. മേൽക്കൂരയും ചുമരുമില്ലാതെ ശൂന്യതയിലേക്ക് സഞ്ചാരം നടത്താവുന്ന ഇൻഫിനിറ്റി റൂമും വൈകാതെ സജ്ജമാകും. കണ്ണാടികളും ലേസറും ഉപയോഗിച്ച സാങ്കേതിക വിദ്യയിലാണ് ഇതിന്‍റെ പ്രവർത്തനം. കറങ്ങിക്കൊണ്ടിരിക്കുന്ന സാങ്കൽപിക ടണലിൽ കൂടിയുള്ള യാത്ര അനുഭവിപ്പിക്കുന്ന 'വോർടെക്സും' ഈ വർഷം തന്നെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷ.
വിജ്ഞാൻ സാഗറിന്‍റെ മൈതാനത്ത് സൗരയൂഥത്തിന്‍റെ ആകൃതിയിൽ ഉദ്യാനം സ്ഥാപിക്കാനുള്ള നടപടിയായിട്ടുണ്ട്. കളിക്കാനും വണ്ടി പാർക്ക് ചെയ്യാനും പ്രത്യേക സ്ഥലം നീക്കിവെച്ചിട്ടുണ്ട്. 20ഓളം ശാസ്ത്ര കളിയുപകരണങ്ങൾ ഇവിടെ സജ്ജീകരിക്കും. പൂമ്പാറ്റ പൂന്തോട്ടം നിർമിക്കുന്ന കാര്യവും പരിഗണനയിലുണ്ട്. രാമവർമപുരത്തെ വിജ്ഞാൻ സാഗറിന്‍റെ മുഖച്ഛായ തന്നെ മാറും വിധമുള്ള പ്രവർത്തനമാണ് നടന്നുവരുന്നത്.
അവധിക്കാലം ആഘോഷമാക്കാൻ വിജ്ഞാൻ സാഗർ ഒരുങ്ങുന്നു
തൃശൂർ: കുട്ടികൾക്ക് ശാസ്ത്ര കൗതുകമൊരുക്കാൻ രാമവർമ പുരത്തെ വിജ്ഞാൻ സാഗർ ഒരുങ്ങി. ഏപ്രിൽ 18നാണ് വേനലവധിക്കാല ശാസ്ത്രക്യാമ്പ് തുടങ്ങുന്നത്. വിദ്യാർഥികൾ ശാസ്ത്ര പരീക്ഷണങ്ങൾ സ്വയം ചെയ്ത് ശാസ്ത്രത്തിന്‍റെ വിവിധ തലങ്ങൾ തൊട്ടറിഞ്ഞുള്ള കളികളിലൂടെയാണ് ശാസ്ത്രപാഠങ്ങൾ എത്തിക്കുന്നത്. ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മാത്‍സ്, സ്പേസ് സയൻസ് വിഷയങ്ങളിലാണ് ക്യാമ്പ് ഊന്നൽ നൽകുന്നത്.
പരീക്ഷണ നിരീക്ഷണത്തിലൂടെയാണ് കുട്ടികളുടെ പഠന പ്രവർത്തനം. കുട്ടികളിൽ ആവേശമുണർത്താൻ ഐ.എസ്.ആർ.ഒയുടെ സഹായത്തോടെ വിജ്ഞാൻ സാഗറിൽ സ്ഥാപിച്ച സ്പേസ് മ്യൂസിയമുണ്ട്. തൊണ്ണൂറോളം ശാസ്ത്ര പരീക്ഷണം അടങ്ങിയ സയൻസ് പവലിയൻ ശാസ്ത്രത്തിന്‍റെ ചരിത്രത്തിലൂടെ കുട്ടികളെ യാത്ര ചെയ്യിക്കും. നൂറോളം ശാസ്ത്രജ്ഞരെക്കുറിച്ചുള്ള വിവരണങ്ങൾ ശാസ്ത്രത്തിനു വേണ്ടി ജീവിച്ച മഹാശാസ്ത്രജ്ഞരുടെ ജീവിതം തൊട്ടറിയാൻ സഹായിക്കുമെന്ന് അധികൃതർ പ്രതീക്ഷിക്കുന്നു. ഇലക്ട്രോണിക്സ് ലാബിൽ കുട്ടികൾ പുതിയ സൃഷ്ടികൾ നടത്തും. റേഡിയോ, റേഡിയോ നിലയം, റോബോട്ട് നിർമാണത്തിൽ കുട്ടികൾക്ക് പരിശീലനം ലഭിക്കും.
കടൽജീവികളെക്കുറിച്ചും സസ്യങ്ങളെക്കുറിച്ചും മൈക്രോസ്കോപ് ഉപയോഗിച്ച് സൂക്ഷ്മ ജീവികളെക്കുറിച്ചും ബയോളജി ലാബിൽ പഠിക്കാം. പ്രശസ്ത അധ്യാപകരും ശാസ്ത്രജ്ഞരും ക്ലാസെടുക്കും. റോക്കറ്റ് നിർമാണം, ടെലിസ്കോപ് നിർമാണം, വിദ്യാർഥികളെ പ്രചോദിപ്പിക്കാൻ കഴിയുന്ന വിവിധ സെഷനുകൾ എന്നിവ ക്യാമ്പിന്‍റെ ഭാഗമാണെന്ന് അധികൃതർ അറിയിച്ചു.
20 ദിവസമാണ് ക്യാമ്പിന്‍റെ കാലാവധി. യു.പി, ഹൈസ്കൂൾ വിദ്യാർഥികൾക്ക് ക്യാമ്പിൽ പങ്കെടുക്കാമെന്ന് അധികൃതർ അറിയിച്ചു. ഫോൺ: 9349013048.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.