വാർഷിക ശമ്പളം 1.55 കോടി; ഇൻസ്റ്റഗ്രാം സ്റ്റോറി കാരണം ജോലി പോയ മെറ്റ ജീവനക്കാരി
text_fieldsഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം മാതൃസ്ഥാപനമായ മെറ്റയുടെ ജീവനക്കാരിയായിരുന്നു അമേരിക്കക്കാരിയായ മാഡെലിൻ മാഷാഷോ. റിക്രൂട്ടറായ അവർ മെറ്റയിൽ നിന്ന് പ്രതിവർഷം 1.55 കോടി രൂപ സമ്പാദിച്ചിരുന്നു. എന്നാൽ, 2022 ജനുവരിയിൽ അവരെ മെറ്റ പുറത്താക്കി. കമ്പനിയെക്കുറിച്ചുള്ള സോഷ്യൽ മീഡിയ പോസ്റ്റുകളുടെ പേരിലായിരുന്നു പിരിച്ചുവിടൽ.
മൂന്നര വർഷം മൈക്രോസോഫ്റ്റിൽ റിക്രൂട്ടിങ് പ്രോഗ്രാം മാനേജരായി ജോലി ചെയ്തിരുന്ന മാഡെലിന് , 2021 സെപ്റ്റംബറിലാണ് മെറ്റയിൽ നിന്ന് ഓഫർ ലഭിച്ചത്. അവർ അത് സ്വീകരിക്കുകയും ചെയ്തു. ആകർഷകമായ ശമ്പളമായിരുന്നു മെറ്റ അവർക്ക് വാഗ്ദാനം ചെയ്തത്. ഏറെ സന്തോഷത്തോടെ അവർ ജോലിയിൽ പ്രവേശിക്കുകയും ചെയ്തു.
എന്നാൽ, ഫേസ്ബുക്കിന്റെ ചരിത്രത്തിലെ തന്നെ ഒരു വിചിത്രമായ കാലഘട്ടം കൂടിയായിരുന്നു അത്. മാഡെലിൻ ചേരുന്നതിന് രണ്ടാഴ്ച മുമ്പ്, ഫേസ്ബുക്ക് വിസിൽബ്ലോവർ കമ്പനിയെ കുറിച്ച് ചില ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു. പിന്നാലെ നെഗറ്റീവ് വാർത്തകളാൽ കമ്പനി വലിയ പ്രതിസന്ധി നേരിട്ടു. റിക്രൂട്ട് ചെയ്യാനായി ആളുകളെ സമീപിക്കുന്നതും പുതിയ നിയമനങ്ങളുമൊക്കെ വെല്ലുവിളിയായി.
മാഡെലിൻ ടാലന്റ് സോഴ്‌സറായി ജോലി ചെയ്യാൻ തുടങ്ങി അധികം താമസിയാതെ തന്നെ ഫേസ്ബുക്ക് എന്ന പേര് മാറ്റി കമ്പനി ‘മെറ്റ’ എന്ന പേര് സ്വീകരിച്ചു. എന്നാൽ, അതിന് പിറകെ ഓഹരി വിപണിയിൽ മെറ്റ തകർച്ച നേരിട്ടു. വിചിത്രമായ പലതും സംഭവിച്ചിട്ടും തുടക്ക കാലത്ത് മെറ്റയിലെ തന്റെ ജോലി മികച്ച രീതിയിൽ മുന്നോട്ട് പോയിരുന്നതായി മാഡെലിൻ പറയുന്നു.
എന്നാൽ, നിരവധി റിക്രൂട്ടർമാരുണ്ടായിരുന്ന മെറ്റയിൽ ഒരു ഘട്ടത്തിൽ ആർക്കും ആവശ്യത്തിന് പുതിയ പ്രതിഭകളെ കമ്പനിയിൽ എത്തിക്കാൻ കഴിയാത്ത സാഹചര്യമുണ്ടായി. പലർക്കും ഫേസ്ബുക്കിൽ ജോലി ചെയ്യാൻ താൽപര്യവുമില്ലായിരുന്നു. അതുകൊണ്ട് തന്നെ അവർക്ക് മെറ്റയിൽ കാര്യമായ അധ്വാനമുണ്ടായിരുന്നില്ല. കാര്യമായി ഒന്നു ചെയ്യാതെ തന്നെ അത്രയും വലിയ തുക മെറ്റയിൽ നിന്ന് തനിക്ക് സമ്പാദിക്കാൻ കഴിഞ്ഞതായി മാഡെലിൻ പറയുന്നു.
അതിനിടെ മഡെലിൻ ടിക് ടോക് അടക്കമുള്ള സോഷ്യൽ മീഡിയകളിൽ തന്റെ ദൈനംദിന ജീവിതത്തെ കുറിച്ചുള്ള പോസ്റ്റുകൾ ഇടാൻ ആരംഭിച്ചു. കമ്പനിയിൽ തനിക്ക് ലഭിക്കുന്ന ആനുകൂല്യ പാക്കേജിനെക്കുറിച്ച് സംസാരിക്കുന്ന ഒരു വീഡിയോ ടിക് ടോകിൽ വൈറൽ ആയതോടെ, നിരവധിയാളുകൾ മെറ്റയിൽ ജോലി ലഭിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങളുമായി അവർക്ക് മുന്നിലെത്തി. അവരുടെ ടിക് ടോക് അക്കൗണ്ടിന് വലിയ പിന്തുണ ലഭിക്കുകയും ചെയ്തു.
എന്നാൽ, 2021-ൽ അവരെ മെറ്റയുടെ ലീഗൽ ടീം സമീപിച്ചു. ഒരു ഇൻസ്റ്റഗ്രാം സ്റ്റോറിയുടെ പേരിലായിരുന്നു വിളിപ്പിച്ചത്. ‘എത്ര പേർക്ക് ഫേസ്ബുക്കിനോട് നെഗറ്റീവായ വികാരങ്ങളോ ആശയങ്ങളോ ഉണ്ടെന്നതു’മായി ബന്ധപ്പെട്ട സ്റ്റോറിയായിരുന്നു മെറ്റയെ ചൊടിപ്പിച്ചത്. ലീഗൽ ടീം അവരുടെ സ്റ്റോറി ഇൻസ്റ്റയിൽ നിന്ന് പിൻവലിച്ചു.
‘ഞാൻ ഇല്ലാതായത് പോലെയാണ് എനിക്ക് തോന്നിയത്. ഞാൻ സ്‌ക്രീനിൽ എന്നെത്തന്നെ നോക്കുകയാണെന്ന് വിശ്വസിക്കാൻ കഴിഞ്ഞില്ല.
ഇൻസ്റ്റഗ്രാം മെറ്റയുടെ ഉടമസ്ഥതയിൽ ആയതിനാൽ, അവർക്ക് നിങ്ങളുടെ എല്ലാ ഇൻസ്റ്റാഗ്രാം സ്റ്റോറികളും കാണാനാകും. അവർക്ക് നിങ്ങൾ അയക്കുന്ന സന്ദേശങ്ങളും കാണാൻ കഴിയും. അവർക്ക് എല്ലാം കാണാൻ കഴിയും. നിങ്ങൾ അവിടെ ജോലി ചെയ്യുമ്പോൾ നിങ്ങൾക്ക് സ്വകാര്യതയില്ലെന്നത് അറിഞ്ഞിരിക്കണം. എന്റെ ഇൻസ്റ്റഗ്രാം സ്റ്റോറി ഇതുപോലെ ആരെങ്കിലും നിരീക്ഷിക്കുന്നുണ്ടെന്ന് കാണുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല, അത് തീർച്ചയായും എന്റെ കണ്ണ് തുറപ്പിച്ചു. കുറച്ച് മണിക്കൂറുകൾക്ക് ശേഷം, ഞാൻ രാജി അറിയിക്കുകയും ചെയ്തു’.
എന്റെ സോഷ്യൽ മീഡിയ പോസ്റ്റുകൾ നിരീക്ഷിക്കുന്നുണ്ടെന്ന ഭയത്തോടെ ഒരിടത്ത് ജോലി ചെയ്യാൻ ഞാൻ താൽപര്യപ്പെടുന്നില്ല. എങ്കിലും രാജിവെക്കുന്നതിന് മുമ്പ് ആലോചിക്കാൻ മെറ്റ എനിക്ക് രണ്ടാഴ്ചത്തെ സമയം തന്നു.
മെറ്റയെക്കുറിച്ച് പറഞ്ഞതെല്ലാം ഞാൻ സോഷ്യൽ മീഡിയയിൽ നിന്ന് നീക്കം ചെയ്തു. എന്നാൽ രണ്ട് മാസത്തിന് ശേഷം, 2022 ജനുവരിയിൽ ലീഗൽ ടീമിൽ നിന്ന് ഒരുതവണ കൂടി ഒരു സന്ദേശം ലഭിച്ചു. അത് ‘മെറ്റയിലെ ആനുകൂല്യങ്ങളെ കുറിച്ച് ഞാൻ പറഞ്ഞ വൈറൽ ടിക് ടോക് വിഡിയോയെ കുറിച്ചായിരുന്നു.
ആളുകൾ എന്നെ കമ്പനിയുടെ വക്താവായാണ് കണ്ടതെന്നും എന്റെ സോഷ്യൽ മീഡിയ പോസ്റ്റുകൾ കമ്പനിയുടെ താൽപര്യങ്ങൾക്ക് വിരുദ്ധമാണെന്നും മെറ്റ അറിയിച്ചു. ഇതെന്ത് ഭ്രാന്താണ്... ഞാൻ എന്ത് പോസ്റ്റ് ചെയ്യണമെന്നത് എന്റെ താൽപര്യമല്ലേ...? തൊട്ടുപിന്നാലെ എന്റെ വിശദീകരണം ഞാൻ നൽകിയെങ്കിലും രണ്ട് ദിവസത്തിന് ശേഷം അവർ എന്നെ പുറത്താക്കി. -മെഡലിൻ മച്ചാഡോ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.