മെറ്റാവേഴ്സിൽ ‘വെർച്വൽ ലൈംഗിക പീഡന’ത്തിനിരയായി; പരാതിയുമായി 16-കാരി
text_fieldsലണ്ടൻ: യു.കെ പൊലീസ് ഇപ്പോൾ വിചിത്രമായ ഒരു ബലാത്സംഗ കേസിന് പിന്നാലെയാണ്. മെറ്റാവേഴ്സിൽ ‘വെർച്വൽ റിയാലിറ്റി’ വിഡിയോ ഗെയിം കളിക്കുന്നതിനിടെ 16 കാരിയുടെ ഡിജിറ്റൽ അവതാറിനെ ഒരു കൂട്ടം അപരിചിതർ ബലാത്സംഗം ചെയ്തെന്നാണ് കേസ്. യു.കെ പൊലീസിന് മുന്നിലെത്തുന്ന ആദ്യത്തെ വെർച്വൽ ലൈംഗിക കുറ്റകൃത്യമാണിതെന്ന് ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു.
3ഡി വെർച്വൽ റിയാലിറ്റി, ഓഗ്മെന്‍റഡ് റിയാലിറ്റി എന്നീ സാങ്കേതികവിദ്യകൾ സംയോജിപ്പികൊണ്ടുള്ള ഒരു വെർച്വൽ ലോകമാണ് മെറ്റാവേഴ്സ്. അതായത് യഥാർത്ഥ ലോകത്തിന്റെ ത്രിമാന പതിപ്പാണിത്. വി.ആർ ഹെഡ്സെറ്റുകൾ പോലുള്ള ഉപകരണങ്ങൾ ധരിച്ച് ആളുകൾക്ക് ഈ വെർച്വൽ ലോകത്ത് പ്രവേശിക്കാനും, ഓരോരുത്തർക്കും ഡിജിറ്റൽ അവതാറുകളായി പരസ്പരം ഇടപഴകാനും സാധിക്കും.
‘ഡിജിറ്റൽ അവതാർ’ വെർച്വൽ കൂട്ടബലാത്സംഗത്തിനിരയായപ്പോൾ കൗമാരക്കാരിക്ക് ശാരീരികമായ പരിക്കുകളൊന്നും സംഭവിച്ചില്ലെങ്കിലും, യഥാർത്ഥ ലോകത്ത് അത്തരം സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന ആർക്കുമുണ്ടാകുന്ന വൈകാരികവും മാനസികവുമായ ആഘാതം അവൾ അനുഭവിച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. ഇതുപോലുള്ള കുറ്റകൃത്യങ്ങൾക്കെതിരെയുള്ള നിയമങ്ങളൊന്നും നിലവിലില്ലാത്തതിനാൽ, ഈ കേസ് അന്വേഷണ ഉദ്യോഗസ്ഥർക്ക് വെല്ലുവിളിയായിരിക്കുകയാണ്. അതേസമയം, കുറ്റകൃത്യം നടക്കുമ്പോൾ പെൺകുട്ടി ഏത് ഗെയിമാണ് കളിച്ചതെന്ന് വ്യക്തമല്ല.
മെറ്റയുടെ പ്രതികരണം
സംഭവത്തിന് പിന്നാലെ മെറ്റ (Meta) വക്താവ് പ്രതികരണവുമായി എത്തിയിരുന്നു. തങ്ങളുടെ പ്ലാറ്റ്‌ഫോമിൽ അങ്ങനെയൊന്നും സംഭവിക്കില്ലെന്നാണ് അവർ പറയുന്നത്. ‘‘വിവരിച്ചിരിക്കുന്ന തരത്തിലുള്ള പെരുമാറ്റത്തിന് തങ്ങളുടെ പ്ലാറ്റ്‌ഫോമിൽ സ്ഥാനമില്ലെന്നും, അതിനാലാണ് എല്ലാ ഉപയോക്താക്കൾക്കും ‘പേഴ്സണൽ ബൗണ്ടറി’ എന്ന ഓട്ടോമാറ്റിക് പരിരക്ഷയുള്ളതെന്നും വക്താവ് പറഞ്ഞു. നിങ്ങൾക്ക് അറിയാത്ത ആളുകളെ വെർച്വൽ ലോകത്ത് അകലെ നിർത്താനുള്ള ഓപ്ഷൻ അതിലൂടെ ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.