ബിറ്റ്കോയിൻ തട്ടിപ്പ്: ഒബാമയുടേയും ബൈഡന്‍റെയും മസ്കിന്റെയും ട്വിറ്റർ ഹാക്ക് ചെയ്ത 18 കാരന് മൂന്ന് വർഷം തടവ്
text_fieldsവാഷിങ്ടൺ: കുപ്രസിദ്ധമായ ബിറ്റ്കോയിൻ കുംഭകോണത്തിന്‍റെ ഭാഗമായി യു.എസ് പ്രസിഡന്‍റ് ജോ ബൈഡൻ, ബരാക് ഒബാമ, ബിൽ ഗേറ്റ്സ് എന്നിവരുടേതുൾപ്പെടെ നൂറിലധികം പ്രമുഖരുടെ ട്വിറ്റർ അക്കൗണ്ടുകൾ ഹാക്ക് ചെയ്ത പ്രതി കുറ്റം സമ്മതിച്ചു. കഴിഞ്ഞ വർഷം നടന്ന ഭീമൻ ഹാക്കിങ്ങിന്‍റെ പേരിൽ 2020 ജൂലൈ മാസത്തിലായിരുന്നു ഫ്ലോറിഡ സ്വദേശിയായ കൗമാരക്കാരൻ പിടിയിലായത്. തനിക്കെതിരായ കുറ്റങ്ങൾ സമ്മതിച്ച 18 കാരനായ ഗ്രഹാം ഇവാൻ ക്ലാർക്കിന് മൂന്ന് വർഷമാണ് തടവ് ശിക്ഷ വിധിച്ചിരിക്കുന്നത്. ഒപ്പം മൂന്ന് വർഷം നല്ലനടപ്പിനും വിധിച്ചിട്ടുണ്ട്.
ബിറ്റ്കോയിൻ തട്ടിപ്പിലൂടെ ഒരു കോടി രൂപയ്ക്കടുത്ത് ക്ലാർക്ക് സമ്പാദിച്ചെന്നാണ് റിപ്പോർട്ട്. പിടിയിലായതിന് പിന്നാലെ പണം മുഴുവനും തിരിച്ചുനൽകിയതായും അധികൃതർ വ്യക്തമാക്കി. സംഘടിത തട്ടിപ്പ്, ആശയവിനിമയ തട്ടിപ്പ്, വ്യക്തിഗത വിവരങ്ങൾ വ്യാജമായി ഉപയോഗിക്കൽ, സമ്മതമില്ലാതെ മറ്റൊരാളുടെ കമ്പ്യൂട്ടർ ആക്‌സസ് ചെയ്യൽ എന്നിവ ഉൾപ്പെടെ 30തോളം ക്രിമിനൽ കേസുകളിൽ കുറ്റപത്രം സമർപ്പിക്കാൻ 18 കാരൻ സമ്മതിച്ചതായി ഹിൽസ്‌ബറോ സർക്യൂട്ട് കോടതിയിൽ സമർപ്പിച്ച രേഖകൾ സൂചിപ്പിക്കുന്നു.
അതേസമയം, കഴിഞ്ഞ വർഷം പകുതിയിൽ അറസ്റ്റിലായി ഇതുവരെ ജയിലിൽ കഴിഞ്ഞതിനാൽ അത്രയും മാസങ്ങൾ കുറവ് ജയിൽ ശിക്ഷ അനുവദിച്ചാൽ മതിയാകും. കൂടാതെ ജയിൽ ശിക്ഷയുടെ ഒരു ഭാഗം സൈനിക രീതിയിലുള്ള ബൂട്ട് ക്യാമ്പിൽ സേവിക്കാൻ ക്ലാർക്കിന് അനുമതിയുണ്ട്. ജയിൽ ശിക്ഷ പൂർത്തിയാക്കിയാൽ അടുത്ത മൂന്ന് വർഷം ഫ്ലോറിഡ ഡിപ്പാർട്ട്മെന്‍റ് ഓഫ് ലോ എൻഫോഴ്സ്മെന്‍റിന്‍റെ സമ്മതമോ മേൽനോട്ടമോ ഇല്ലാതെ ക്ലാർക്കിനെ ഏതെങ്കിലും ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിക്കുന്നതിൽ നിന്ന് വിലക്കും. ക്ലാർക്കിന്‍റെ എല്ലാ പാസ്വേഡുകളും ഇ-മെയിലുകൾ, ഡൊമെയ്ൻ നാമങ്ങൾ ആപ്പുകൾ തുടങ്ങിയ വിവരങ്ങളും അധികൃതർക്ക് നൽകേണ്ടതായി വരും. നല്ലനടപ്പ് കാലത്ത് നിയമ വിരുദ്ധമായി എന്തെങ്കിലും ചെയ്താൽ വീണ്ടും 10 വർഷത്തേക്ക് ജയിൽ ശിക്ഷ അനുഭവിക്കണം.
ഫ്ലോറിഡയിലെ ഒർലാൻഡോയിലെ നിമ ഫാസെലി (22), യു.കെയിലെ ബോഗ്നർ റെജിസിലെ മേസൺ ഷെപ്പേർഡ് (19) എന്നിവർക്കൊപ്പം ഗൂഢാലോചന നടത്തിയെന്ന കുറ്റമാണ് കാലിഫോർണിയ ഫെഡറൽ കോടതിയിൽ ക്ലാർക്കിനെതിരെ ചുമത്തിയത്. മൂവർക്കും ഹാക്കിങ്ങിൽ പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്നു.
ട്വിറ്ററിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ ഹാക്കിങ്
2020 ജൂലൈ 15നായിരുന്നു അത് സംഭവിച്ചത്. ഇലോൺ മസ്ക്, കാന്യേ വെസ്റ്റ്, ആമസോൺ സി.ഇ.ഒ ജെഫ് ബസോസ്, മൈക് ബ്ലൂംബർഗ്, വാരൻ ബഫറ്റ്, ഫ്ലോയ്ഡ് മെയ്വെതർ, കിം കാർദാശിയാൻ എന്നിവരുടെ ട്വിറ്റർ അക്കൗണ്ടുകളും ഹാക്ക് ചെയ്യപ്പെട്ടിരുന്നു. പ്രശസ്തരുടെ ട്വിറ്റർ ഹാൻഡിലിൽ നിന്ന് അവരുടെ ഇമെയിൽ വിലാസങ്ങളിലേക്ക് ബിറ്റ്കോയിൻ പേയ്മെന്‍റുകൾ അയയ്ക്കാൻ ഫോളോവേഴ്സിനോട് ആവശ്യപ്പെടുന്ന രീതിയിൽ ട്വീറ്റ് ചെയ്യുകയായിരുന്നു. ഇതിൽ വഞ്ചിതരായ പലരിൽ നിന്നുമായി 1,80,000 ഡോളറാണ് കൗമാരക്കാരായ ഹാക്കർമാർ തട്ടിയത്.
യൂസർ അക്കൗണ്ടുകൾ മാനേജ് ചെയ്യുന്ന ഒരു കമ്പനി ഡാഷ്ബോർഡിലേക്ക് ഹാക്കർ പ്രവേശനം നേടിയെന്നാണ് ട്വിറ്റർ പറയുന്നത്. ട്വിറ്ററിന്‍റെ ആന്തരിക സംവിധാനങ്ങളിലേക്ക് ആക്‌സസ് നേടുന്നതിനായി സോഷ്യൽ എഞ്ചിനീയറിങ്, സ്പിയർ - ഫിഷിങ് പോലുള്ള തട്ടിപ്പുകൾ ഉപയോഗിച്ച് കമ്പനിയിലെ ഏതാനും ചില ജീവനക്കാരിൽ നിന്നും പ്രധാനപ്പെട്ട വിവരങ്ങൾ ചോർത്തുകയായിരുന്നു.
ഇത്തരത്തിൽ ഹാക്കർമാർ ഇ-മെയിലും പാസ്വേഡുകളും പോലുള്ള സുപ്രധാന വിവരങ്ങളാണ് ജീവനക്കാരിൽ നിന്ന് നേടിയെടുത്തത്. താൻ ട്വിറ്ററിൽ ജോലി ചെയ്യുന്ന ആളാണെന്ന് പ്രചരിപ്പിച്ച്, പലരുടേയും അക്കൗണ്ട് വിവരങ്ങൾ ക്രിപ്റ്റോകറൻസിക്ക് പകരമായി ക്ലാർക്ക് വിൽക്കുകയും ചെയ്തതായി ഡെയ്ലി മെയിലിന്‍റെ റിപ്പോർട്ടിൽ പറയുന്നുണ്ട്. 'കിർക്' എന്ന പേരിലാണ് ക്ലാർക് തന്നെ പരിചയപ്പെടുത്തിയിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.