ഈ വാട്സ്ആപ്പ് സന്ദേശങ്ങൾ അവഗണിക്കുക; ഇല്ലെങ്കിൽ അപകടമാണ്
text_fieldsയു.പി.ഐ സംവിധാനം വന്നതോടെ പണമിടപാട് എന്നത്തേക്കാളും എളുപ്പമായി മാറിയിരിക്കുകയാണ്. കടം വാങ്ങാനും വീട്ടാനും നേരിട്ട് പോകേണ്ടതില്ല, കടയിൽ പോയി അഞ്ച് രൂപയുടെ മിഠായി വാങ്ങിയാൽ ചില്ലറയില്ലെങ്കിൽ ഗൂഗിൾ പേ ഒന്ന് തുറന്നാൽ മതി. എന്നാൽ, ഈ എളുപ്പ പരിപാടി തട്ടിപ്പുകാർക്കും വലിയ സാധ്യതകളാണ് തുറന്നുകൊടുത്തത്. വാട്സ്ആപ്പ് അടക്കമുള്ള ഇൻസ്റ്റന്റ് സന്ദേശമയക്കൽ ആപ്പുകളുടെ വളർച്ചയും അവർക്ക് കാര്യങ്ങൾ എളുപ്പമാക്കി.
വാട്സ്ആപ്പിലുടെയും എസ്.എം.എസ് അയച്ചും ആളുകളെ തട്ടിപ്പിനിരയാക്കുന്ന സംഭവങ്ങൾ ഇപ്പോൾ ഏറി വരികയാണ്. ഇന്ത്യക്കാരുടെ ജീവിത സാഹചര്യവും പലതരത്തിലുള്ള വേവലാതികളുമൊക്കെ മുതലെടുത്താണ് തട്ടിപ്പുകാർ പണമുണ്ടാക്കുന്നത്. അതിൽ പെടുന്ന മനുഷ്യരിൽ ഭൂരിഭാഗവും സാധാരണക്കാരായ ആളുകളുമാണ്.
വാട്സ്ആപ്പിലൂടെയും എസ്.എം.എസ് ആയും നിങ്ങൾക്ക് വരുന്ന നാല് പ്രധാനപ്പെട്ട 'അപകട സന്ദേശങ്ങൾ' പരിചയപ്പെടാം...
ദിവസം 8000 രൂപ / തൊഴിലവസരം
തൊഴിലവസരങ്ങൾ വാഗ്ദാനം ചെയ്തുള്ള സന്ദേശങ്ങളാണ് ഏറ്റവും ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടത്. തൊഴിലില്ലായ്മക്ക് പേരുകേട്ട രാജ്യമെന്ന നിലക്ക് തൊഴിൽ രഹിതരായ യുവതീ-യുവാക്കളെ കണ്ടെത്താൻ സൈബർ കുറ്റവാളികൾക്ക് ബുദ്ധിമുട്ടേണ്ടതായും വരില്ല. ജോലി അവരസരമുണ്ടെന്നും ദിവസം 8000 രൂപ വരെ ലഭിക്കുമെന്നുമൊക്കെ കാട്ടിയാകും എസ്.എം.എസും വാട്സ്ആപ്പ് സന്ദേശങ്ങളും ലഭിക്കുക.
പിന്നാലെ മറ്റ് വിവരങ്ങൾ നൽകാനായി വാട്സ്ആപ്പിലൂടെ ബന്ധപ്പെടാനുള്ള നമ്പറും നൽകും. "Dear you have passed our interview, wage is 8000 Rs/Day. Please contact me to discuss detail: http://wa.me/9191XXXXXX SSBO." - ഇത്തരത്തിലുള്ള സന്ദേശമാകും ലഭിക്കുക. ലിങ്കിൽ ക്ലിക്ക് ചെയ്താലോ - പണികിട്ടി തുടങ്ങും. ജോലി ലഭിക്കാനായി ആദ്യമൊരു തുക അങ്ങോട്ട് നൽകാൻ സ്കാമർമാർ ആവശ്യപ്പെടും. അല്ലെങ്കിൽ നിങ്ങളുടെ ഡാറ്റ മോഷ്ടിക്കാനായി അനാവശ്യ ലിങ്കുകളിലേക്ക് വഴിതിരിച്ച് വിടുകയും ചെയ്യും.
ഇന്ത്യയിലെ തൊഴിലന്വേഷകരിൽ 56% പേരും അവരുടെ തൊഴിലന്വേഷണത്തിനിടെ ഇത്തരം തട്ടിപ്പുകൾക്കിരയാകുന്നതായി ഒരു ചാറ്റ് അധിഷ്ഠിത നിയമന പ്ലാറ്റ്‌ഫോമിൽ നിന്നുള്ള റിപ്പോർട്ടിൽ പറയുന്നു. 20 നും 29 നും ഇടയിൽ പ്രായമുള്ള തൊഴിലന്വേഷകരാണ് തട്ടിപ്പുകാരുടെ പ്രധാന ലക്ഷ്യം.
ലക്കി ഡ്രോയിൽ നിങ്ങൾക്ക് 10 ലക്ഷം അടിച്ചിരിക്കുന്നു...
എസ്.എം.എസായും വാട്സാപ്പിലൂടെയും ഇ-മെയിലിലൂടെയും കാഷ് പ്രൈസ് അടിച്ചെന്ന് സന്ദേശമയച്ച് പറ്റിക്കുന്ന പരിപാടി കുറച്ച് പഴയതാണ്. എന്നാൽ, അതിന് പുതിയ രൂപം നൽകിയിരിക്കുകയാണ് ചില തട്ടിപ്പുകാർ. കോന്‍ബനേഗാ ക്രോര്‍പതി അല്ലെങ്കിൽ കെ.ബി.സിയുടെ പേരിലുള്ള 'കെ.ബി.സി ജിയോ ലങ്കി ഡ്രോ' എന്ന പേരിലുള്ള സന്ദേശം ഉദാഹരണം. വലിയ പ്രൈസ് മണി ലഭിച്ചെന്ന് കാട്ടിയുള്ള പോസ്റ്ററും ചിലപ്പോൾ പണം എങ്ങനെ പിൻവലിക്കാം എന്ന് വിശദീകരിക്കുന്ന വിഡിയോ വരെ ഒപ്പമുണ്ടാകും.
പോസ്റ്ററിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും നടൻ അമിതാഭ് ബച്ചന്റെയും ചിത്രങ്ങളുമുണ്ടാകും. ഇതെല്ലാം കണ്ട് കണ്ണുതള്ളി ലിങ്കിൽ ക്ലിക്ക് ചെയ്താൽ, സ്വകാര്യ വിവരങ്ങൾ വാട്സ്ആപ്പിലൂടെ പങ്കുവെക്കാനുള്ള നിർദേശമാകും ലഭിക്കുക. അതുപോലെ ചെയ്താൽ, പണം പിൻവലിക്കാനുള്ള ചാർജായോ, ജി.എസ്.ടി ആയോ ചെറിയൊരു തുക അയക്കാൻ ആവശ്യപ്പെടും. പിന്നാലെ, നിരന്തരം പണമാവശ്യപ്പെട്ടുകൊണ്ടുള്ള നിർദേശമാകും ലഭിക്കു.
ചങ്കേ ആ ഒ.ടി.പി ഒന്ന് അയച്ചുതരാമോ...
കഴിഞ്ഞ വർഷം വലിയ രീതിയിൽ വാർത്താ പ്രാധാന്യം നേടിയ ഒരു വാട്ട്‌സ്ആപ്പ് തട്ടിപ്പാണിത്. വാട്ട്‌സ്ആപ്പിലൂടെ നിങ്ങളുടെ കോൺടാക്റ്റ് ലിസ്റ്റിലുള്ള ആരെങ്കിലും ഒരു ആറക്ക കോഡ് ആവശ്യപ്പെട്ട് കൊണ്ട് സന്ദേശമയക്കും. സ്‌കാമർമാർ നിങ്ങളുടെ സുഹൃത്തുക്കളിൽ ഒരാളായി പ്രത്യക്ഷപ്പെട്ട് എസ്.എം.എസ് വഴി നിങ്ങൾക്ക് ലഭിച്ചേക്കാവുന്ന ഒരു കോഡ് അയയ്ക്കാൻ ആവശ്യപ്പെടുകയാണ് ചെയ്യുന്നത്.
ഫോണിൽ നിന്ന് വാട്സ്ആപ്പിലേക്ക് സൈൻ ഇൻ ചെയ്യാൻ ശ്രമിച്ചാൽ വരുന്ന വാട്ട്‌സ്ആപ്പിന്റെ സ്ഥിരീകരണ കോഡായിരിക്കും നിങ്ങളോട് ആവശ്യപ്പെടുക. സുഹൃത്തിന്റെ ആവശ്യം കേട്ട് അത് അയച്ചുനൽകിയാൽ നിങ്ങൾ വാട്സ്ആപ്പിൽ നിന്ന് ലോഗ്-ഔട്ടാകും. പിന്നീട് എന്ത് സംഭവിക്കുമെന്ന് ഊഹിക്കാമല്ലോ... നിങ്ങളുടെ കോൺടാക്ടിലുള്ള ആളുകൾക്ക് സന്ദേശമയച്ച്, പണം ആവശ്യപ്പെടുന്നതാണ് ഇത്തരക്കാരുടെ പ്രധാന തട്ടിപ്പ്.
വൈദ്യുത ബിൽ അടച്ചോ...???
വൈദ്യുതി ബില്ലുകൾ അടയ്ക്കാൻ ഓർമ്മപ്പെടുത്തുന്ന സന്ദേശങ്ങളാണ് അടുത്തിടെ, ആളുകൾക്ക് അവരുടെ വാട്ട്‌സ്ആപ്പിലൂടെ ലഭിക്കുന്നത്. ചില യൂസർമാരുടെ റിപ്പോർട്ടുകൾ അനുസരിച്ച്, ആളുകളെ യഥാർത്ഥമെന്ന് വിശ്വസിപ്പിക്കുന്നതും പണമടയ്ക്കാൻ പ്രേരിപ്പിക്കുന്ന തരത്തിലുമുള്ളതാണ് സന്ദേശം.
വാട്ട്‌സ്ആപ്പിലോ എസ്എംഎസ് വഴിയോ ആണ് വൈദ്യുതി ബിൽ അടയ്‌ക്കാനുള്ള ഓർമ്മപ്പെടുത്തൽ അടങ്ങിയ സന്ദേശം ലഭിക്കുന്നത്, ഒപ്പം തട്ടിപ്പുകാരന്റെ നമ്പറുമുണ്ടാകും.
"പ്രിയ ഉപഭോക്താവേ, നിങ്ങളുടെ മുൻ മാസത്തെ ബിൽ അടക്കാത്തതിനാൽ ഇന്ന് രാത്രി 9.30ന് ഇലക്‌ട്രിസിറ്റി ഓഫീസിൽ നിന്ന് നിങ്ങളുടെ വൈദ്യുതി വിച്ഛേദിക്കും. ദയവായി ഞങ്ങളുടെ ഇലക്‌ട്രിസിറ്റി ഓഫീസറുമായി ഉടൻ ബന്ധപ്പെടുക 8260303942, നന്ദി," -ഇത്തരത്തിലാകും സന്ദേശം. കാര്യം മനസിലാകാതെ നൽകിയ നമ്പറിൽ വിളിച്ചാൽ, ഉദ്യോഗസ്ഥനെന്ന വ്യാജേന നിങ്ങളെക്കൊണ്ട് പണവും അടപ്പിക്കും. ഇംഗ്ലീഷിലുള്ള ഇത്തരം സന്ദേശത്തിൽ ആകെ അക്ഷരപ്പിശകും തെറ്റായ ഗ്രാമറുമൊക്കെയാകും ഉണ്ടാവുക. വൈദ്യുത ഓഫീസിൽ നിന്ന് അത്തരത്തിൽ മെസ്സേജുകൾ അയക്കില്ലെന്ന് മനസിലാക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.